ഭൂമി അളന്ന് തിട്ടപ്പെടുത്തി
കേച്ചേരി പെരുവന്‍മല ക്ഷേത്ര സ്വത്ത് കയ്യേറ്റം
ഭൂമി കൈവശം വെച്ചവര്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ ഹാജരാക്കാനായില്ല
കുന്നംകുളം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റ കീഴിലുള്ള കേച്ചേരി പെരുവന്‍മല ക്ഷേത്ര സ്വത്ത് കയ്യേറ്റം സംബന്ധിച്ച് ഭൂമി അളന്ന് തിട്ടപെടുത്തല്‍ പൂര്‍ത്തിയായി. ദേവസ്വം ഭൂമിയില്‍ നിന്ന് 50 ഏക്കറിലേറെ ഭൂമി കയ്യേറിയതായാണ് പരാതിയുണ്ടായിരുന്നത്.
പ്രകൃതിരമണീയവും, വറ്റാത്ത ജലസ്രോതസ്സുകളും, മരങ്ങളും തിങ്ങിനിറഞ്ഞ വനപ്രദേശം പരിസര വാസികളും മറ്റും കയ്യേറി കൃഷിയിറക്കുയും, വീടു നിര്‍മ്മിക്കുകയും ചെയ് തതായാണ് പരാതിപെട്ടിരുന്നത്. കാലങ്ങളായി നില നിന്നിരുന്ന ആരോപണത്തിന് അന്ത്യമായി പെരുവന്‍മല ഭൂസംരക്ഷണ സമിതിയാണ് പരാ തിയുമായി മുന്നോട്ട് പോയത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി നടന്നു വന്ന അളവുകളാണ് പൂര്‍ത്തീകരിച്ചത്. അളവിന് മുന്നോടിയായി പരിസരവാസികളുമായി കൂടിയോലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.
പ്രധാനമായും ഇവരുടെ കൈവശമുള്ള രേഖകളോ, അവകാശമോ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അത് ദേവസ്വം ഭൂമിയായി കണക്കാക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ എത്തിയവരില്‍ ഭൂരിപക്ഷം ആളുകള്‍ക്കും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ 60 ഓളം പേര്‍ അഞ്ച് മുതല്‍ ഇരുപത് സെന്റ് വരേയുള്ള സ്ഥലത്ത് വീടു വെച്ച് താമസിക്കുന്നുണ്ട്. ഇത്തരം കുടംബങ്ങള്‍ക്ക് പുനരധിവാസം നടപ്പിലാക്കണമെന്ന് സമിതി പ്രവര്‍ത്തകര്‍ തന്നെ ആവശ്യപെടുന്നുമുണ്ട്. എന്നാല്‍ ഏക്കറ് കണക്കിന് ഭൂമി വളച്ചെടുത്ത് കൃഷിയിറക്കുന്ന 19 കയ്യേറ്റങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപെടുന്നത്. ഇവരാരും തന്നെ ഒരു തരത്തിലുള്ള രേഖകളും ഇതുവരേയും നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
നിലവില്‍ ദേവസ്വം ഭൂമിയായി അളന്ന് തിട്ടപെടുത്തിയത് 60 ഏക്കറാണ്. ഈ ഭൂമിയിന്‍മേല്‍ അവകാശങ്ങളോ രേഖകളോ ഉള്ളവര്‍ക്ക് ഹൈകോടതിയെ സമീപിക്കാം. എന്നാല്‍ അളവ് നടക്കുന്ന സമയത്തോ മറ്റോ ആരും എതിര്‍പ്പു പ്രകടിപ്പിച്ചില്ലെന്നതിനാല്‍ അവകാശവുമായി ആരും രംഗത്തെത്താന്‍ ഇടയില്ലെന്ന് തന്നയാണ് വ്യക്തമാക്കുന്നത്.
സര്‍വ്വേയര്‍ അനിലിന്റെ നേതൃത്വത്തിലായിരുന്നു അളവു നടന്നത്. ദേവസ്വം പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശനന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജയകുമാര്‍, തായങ്കാവ് ദേവസ്വം ഓഫീസര്‍ എം.സുധീര്‍, പരുവന്‍മല ഭൂസംരക്ഷണ സമതി പ്രസിഡന്റ് ബാബുരാജ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു. പരുവന്‍മലയിലെ കയ്യേറ്റം ഏറെ രാഷ്ട്രീയ ചര്‍ച്ചക്കിടവെച്ചിരുന്നതാണ്.
വലിയ കയ്യേറ്റങ്ങളെല്ലാം തന്നെ മേഖലയിലെ പ്രമുഖരാണെന്നതിനാല്‍ വരും ദിവസങ്ങളില്‍ വലിയ ഒച്ചപാടുണ്ടാക്കാന്‍ കാരണമാകുന്നതായിരിക്കും ഈ നടപടി.
നോമ്പ് ആരാധനകളില്‍ അതിമഹത്തായത്
എം.എം മുഹിയദ്ദീന്‍ മൗലവി
മുസ്‌ലിം മാനസങ്ങളില്‍ ആത്മീയാനുഭൂതികള്‍ നിറക്കുന്ന പൂണ്യദിനങ്ങളാണ് റമദാന്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത്. തിന്മയില്‍ നിന്നും വിട്ടുനില്‍ക്കാനും തെറ്റുകളുടെ വഴിയില്‍ നിന്നും മാറി സഞ്ചരിക്കാനും റമദാന്‍ പ്രേരണ നല്‍കുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ റമദാന്‍ നോമ്പ് ആരാധനകളില്‍ അതിമഹത്തായതാണ്.
വ്രതം അല്ലാഹുവിനും അവന്റെ ദാസനായ മാനവനും തമ്മിലുള്ള അതീവ രഹസ്യവും അത്യുല്‍കൃഷ്ടവുമായ ആരാധനയാണ്. വിശപ്പിന്റെ രുചി എല്ലാവരിലും എത്താനും ആ അനുഭവത്തിലൂടെ സഹജീവികളെ സഹായിക്കാനുള്ള മനസ് വിശ്വാസികളില്‍ വളര്‍ത്തിയെടുക്കാനും വ്രതവും റമദാനും സഹായിക്കും.
ഇരുലോകത്തും ഏറെ ഗുണങ്ങള്‍ നേടിയെടുക്കാനും ജീവിത വിജയം സ്വായത്തമാക്കാനും പുണ്യറമദാനിലൂടെ നമുക്കാകണം. നോമ്പിനോടൊപ്പം നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും ദാനധര്‍മ്മവും ഇഅ്ത്തിക്കാഫും തുടങ്ങി മറ്റെല്ലാ നല്ല പ്രവര്‍ത്തിയും അധികരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകേണ്ടതുണ്ട്.
റമദാന്‍ ദുര്‍പ്രവര്‍ത്തനങ്ങളില്‍ നിന്നും മോചനം നേടാന്‍ മനുഷ്യന് ലഭിക്കുന്ന അസുലഭ വേളയാണ്. റമദാനിന്റെ എല്ലാ പുണ്യങ്ങളും കരസ്ഥമാക്കി വിജയികളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ എന്നും പ്രാര്‍ഥിക്കുന്നു. ... ആമീന്‍
(ലേഖകന്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് )
സ്വകാര്യ വ്യക്തി പൊതുകിണര്‍ വളച്ച് മതില്‍ കെട്ടി: നഗരസഭയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി
35 വര്‍ഷത്തിലേറെക്കാലമായി ഇവിടെ നിലനിന്നിരുന്ന കിണറാണ് സമീപവാസി തങ്ങളുടെ സ്ഥലത്തിലൂടെ ചേര്‍ത്തെടുത്ത് മതില്‍ കെട്ടിയത്
കുന്നംകുളം: ആനായ്ക്കല്‍ ചീരംകുളം അമ്പലത്തിന് സമീപം സ്വകാര്യ വ്യക്തി പൊതുകിണര്‍ വളച്ച് മതില്‍ കെട്ടിയത് നഗരസഭയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. 35 വര്‍ഷത്തിലേറെക്കാലമായി ഇവിടെ നിലനിന്നിരുന്ന കിണറാണ് സമീപവാസി തങ്ങളുടെ സ്ഥലത്തിലൂടെ ചേര്‍ത്തെടുത്ത് മതില്‍ കെട്ടിയത്. ആര്‍ത്താറ്റ് പഞ്ചായത്തായിരുന്ന കാലത്ത് ഈ ഭൂവുടമക്ക് പട്ടയം ലഭിക്കാതിരുന്ന കാലത്താണ് കിണര്‍ നിര്‍മ്മി ച്ചത്. പിന്നീട് ഇവര്‍ക്ക് പട്ടയം ലഭ്യമായപ്പോള്‍ കിണര്‍ നില്‍ക്കുന്ന സ്ഥലം നഗരസഭയ്ക്ക് എഴുതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒരു മാസം മുന്‍പ് കിണര്‍ ഇവരുടേത് മാത്രമാക്കി ഒരു ഭാഗം വളച്ചുകെട്ടി. നഗരസഭ കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് ഇവരോട് ഇത്തരത്തില്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയതോടെ ഇവര്‍ പരാതി നല്‍കി.
പരാതി അന്വേഷിക്കാനെത്തുന്ന കമ്മീഷന് മുന്നില്‍ കിണര്‍ തങ്ങളുടേതെന്ന് തെളിയിക്കാനായാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ കിണറിന് ചുറ്റും മതില്‍ കെട്ടിവളച്ചെടുത്തത്.
ഇതോടെ പൊലിസിന്റെ സഹായത്തോടെ കിണറിന് ചുറ്റും കെട്ടിയ മതില്‍ നഗരസഭ പൊളിച്ചെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ജയ്‌സിംഗ് കൃഷ്ണന്‍, സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍, കെ.എ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് മതില്‍ പൊളിച്ചുമാറ്റിയത്.
എസ്.കെ.എസ്.എസ്.എഫ്
സ്‌നേഹ തണല്‍ മൂന്നാം വര്‍ഷത്തിലേക്ക്
തൃശൂര്‍: മുസ്‌ലിംകളിലെ അനാഥരും അഗതികളുമായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍, ആശ്രിതരില്ലാത്തവര്‍, സംരക്ഷകരില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ക്ക് ചെറിയ പെരുന്നാളിന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹചാരി റിലീഫ് സെല്‍ വഴിപുത്തനുടുപ്പുകള്‍ വിതരണം ചെയ്യുന്ന സ്‌നേഹ തണല്‍ പരിപാടി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു.
2015 ല്‍ തുടക്കം കുറിച്ച സ്‌നേഹതണല്‍ പദ്ധതി വഴി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മഹല്ല് കമ്മിറ്റികള്‍ വഴിയും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികള്‍ വഴിയും ഈ വര്‍ഷംസഹായം കൂടുതല്‍ പേരിലേക്ക് വ്യപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
സ്‌നേഹ തണലിന്റെ പ്രവര്‍ത്തനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ രക്ഷാധികാരിയും ഓണമ്പിളളി മുഹമ്മദ് ഫൈസി ചെയര്‍മാനും ഷെഹീര്‍ ദേശമംഗലം കണ്‍വീനറുമായ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
ജൂണ്‍ 18 ഞായറാഴ്ച തൃശൂര്‍ എം.ഐ.സിയില്‍ നടക്കുന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാ ബ് തങ്ങള്‍ വസ്ത്രത്തിന്റെ വിതരണോല്‍ഘാടനം നടത്തും.
സ്‌നേഹ തണലില്‍ പങ്കാളിയാവാനും സഹായങ്ങള്‍ ചെയ്യാനും 9847431994 (ഷെഹീര്‍ദേശമംഗലം) , 9846845807 (സിദ്ദീഖ് ബദ്‌രി), 9995031822 (മഹ്‌റൂ ഫ് വാഫി), 9142291442 (അഡ്വ. ഹാഫിള് അബൂ ബക്കര്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക.
ബാങ്ക് അക്കൗണ്ട് നമ്പര്‍: 12800100182137 ഫെഡ റല്‍ ബാങ്ക്, തൃശൂര്‍ ഐ.എ ഫ്.എസ്.സി കോഡ്: എഉഞഘ0001280.
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ മിനുട്‌സ് തിരുത്തിയെന്നാരോപണം
പ്രതിപക്ഷം നല്‍കിയ പ്രമേയം പാസ്സായി
പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രമേയം വോട്ടെടുപ്പിലൂടെ പാസ്സായി.
സി.പി.എം നയിക്കുന്ന ഭരണ പക്ഷത്തിനെതിരെ കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ്, ബി.ജെ.പി അംഗങ്ങളും പുന്നൂക്കാവ് വാര്‍ഡിലെ സ്വതന്ത്ര അംഗവും ഒന്നിച്ചു കൊണ്ടുവന്ന പ്രമേയമാണ് പാസ്സയത്. ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു.
പഞ്ചായത്തിലെ ഐ.സി.ഡി.എസ് അംഗനവാടി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കന്നതിന് രൂപവത്കരിച്ച കമ്മറ്റി പഞ്ചായത്ത് യോഗം കൂടാതെയാണ് രൂപീകരിച്ചതെന്നും, ഇക്കാര്യം ഉള്‍പ്പെടുത്തി പഞ്ചായത്ത് ഭരണ സമിതിയുടെ മിനുട്ട്‌സ് പുസ്തകത്തില്‍ കൃത്രിമം കാട്ടിയാണ് പഞ്ചായത്ത് തീരൂമാനമെടുത്തതെന്നുമാണ് എതിര്‍വിഭാഗം അംഗങ്ങളുടെ ആരോപണം.
പഞ്ചായത്ത് ഭരണ സമിതി തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയത്. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫിലെ നാല് അംഗങ്ങളും ബി.ജെപിയുടെ അഞ്ച് അംഗങ്ങളും, ഒരു സ്വത്രന്ത്ര അംഗവും ഭരണസമതിയുടെ തീരൂമാനത്തിന് എതിരായി വോട്ടു ചെയ്തു. 19 അംഗ ഭരണസമിതിയില്‍ പത്ത് വോട്ട് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ ഒന്‍പത് വോട്ടാണ് ഭരണകക്ഷിയായ എല്‍.ഡി.എഫിന് ലഭിച്ചത്.
സി.പി.എം പ്രവര്‍ത്തകരെ മാത്രം ഉള്‍പെടുത്തിയാണ് പഞ്ചായത്ത് ഭരണസമിതി ഐ.സി.ഡി.എസ് കമ്മറ്റി രൂപികരിച്ചതെന്നും പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമകാര്യ പ്രവര്‍ത്തനങ്ങളിലും ഭരണകക്ഷിയായ എല്‍.ഡി.എഫ് പാര്‍ട്ടിനയം നടപ്പിലാക്കുകയാണെന്നും ഇതിനെതിരെ ഒറ്റകെട്ടയി എതിര്‍ക്കമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ബി.ജെ.പി അംഗങ്ങളായ ഷാജി തൃപ്പറ്റ്, മനോജ് കടിക്കാട്, ലസിത സുനില്‍, ഇന്ദിര പ്രഭുലന്‍, അനിത ധര്‍മ്മന്‍ എന്നിവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
പുലിയിറങ്ങിയെന്ന് അഭ്യൂഹം:
നാട്ടുകാര്‍ പരിഭ്രാന്തരായി
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. 20 വര്‍ഷം മുന്‍പ് ഈ മേഖലയില്‍ പുലിയിറങ്ങി നാട്ടുകാരെ ആക്രമിച്ചിരുന്നു
കുന്നംകുളം: പെരുമ്പിലാവ് ചോലയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം, നാട്ടുകാര്‍ പരിഭ്രാന്തരായി. കരിക്കാടിനടുത്ത് ചോല മേഖലയിലാണ് രാവിലെ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാട് കണ്ടത്. സ്‌കൂള്‍ അധ്യാപകനും, അധ്യാപക സംഘടനാ നേതാവുമായ ജാബിറിന്റെ വീടിനു വശത്തായാണ് കാല്‍പാട് ആദ്യം ശ്രദ്ധയില്‍പെട്ടത്. ഇതിനിടെ കാല്‍പാടു കണ്ടുവെന്ന് പറഞ്ഞ് പരിസരവാസികളും എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
കാല്‍പാട് പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പരിസരത്ത് മറ്റു വീടുകള്‍ക്ക് മുന്നിലും, ചെറിയ തോട്ടത്തിനിടയിലുമെല്ലാം കാല്‍പാട് കണ്ടതോടെയാണ് നാട്ടുകാര്‍ ഭയന്നത്. തുടര്‍ന്ന് പഞ്ചായത്ത് മെമ്പറുള്‍പെടേയുള്ളവര്‍ എത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ആദ്യം കാല്‍പാടിന്റെ ചിത്രമെടുത്ത് വാട്ട്‌സ് ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച് കൊടുത്തു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാല്‍പാടുള്‍ പുലിയുടേതല്ലെന്നും കാട്ടുപൂച്ചയായിരിക്കാമെന്നുമുള്ള സ്ഥിരീകരണത്തി ലെത്തി. ഇത്തരം മൃഗങ്ങളെയൊന്നും കണ്ടെത്താനായില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് ആശ്വാസമാ യത്. 20 വര്‍ഷം മുന്‍പ് ഈ മേഖലയില്‍ പുലിയിറങ്ങി നാട്ടുകാരെ ആക്രമിച്ചിരുന്നു.
നിരീക്ഷണ ക്യാമറകള്‍ നോക്കുകുത്തിയാവുന്നു
മാള: സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ നോക്കുകുത്തിയാവുന്നു. മാള ടൗണിലെ വിവിധ ഭാഗങ്ങളിലാണ് കള്ളനെ പിടിക്കാന്‍ പൊലിസ് ക്യാമറകള്‍ നാട്ടിയത്. മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് ക്യാമറ നിരീക്ഷണം ഉദ്ഘാടനം ചെയ്തത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൊതുജന സഹകരണത്തോടെ ഇവ സ്ഥാപിക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. പൊലിസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ടൗണും പരിസര പ്രദേശങ്ങളും വീക്ഷിക്കാനാവുന്ന വിധമാണ് ക്യാമറാ സംവിധാനം. ലക്ഷങ്ങളാണ് ഇതിന് ജനപങ്കാളിത്തത്തോടെ കണ്ടെത്തിയത്.
12 ക്യാമറകളില്‍ രണ്ടെണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. അതേ സമയം ക്യാമറകള്‍ നിരീക്ഷിച്ച് കുറ്റവാളികളെ പിടികൂടാന്‍ മാള പൊലിസിനായിട്ടില്ല. കഴിഞ്ഞ ദിവസം മാള ടൗണിലെ ഫാല്‍കണ്‍ ഇലട്രിക്‌സ് എന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നു. ഉടമയുടെ കണ്ണ് വെട്ടിച്ചു നടത്തിയ മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ കാമറയില്‍ പതിഞ്ഞിരുന്നില്ല. 1500 രൂപയും ഏതാനും വൈദ്യുതി ഉപകരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഉടമ പൊലിസില്‍ പരാതി നല്‍കി. പൊലിസ് സ്റ്റേഷന്‍, യഹൂദ ശ്മശാനം, സ്വകാര്യ ബസ് സ്റ്റാന്റ്, കെ.കെ റോഡ്, ഫെഡറല്‍ ബാങ്ക് ജംഗ്ഷന്‍, മാള ടൗണ്‍ നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് എന്നിങ്ങനെ മൂന്ന്, ബാങ്ക് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മണ്ണൂത്തിയില്‍ കള്ളനോട്ട് വേട്ട
അന്വേഷണം ക്രൈംബ്രാഞ്ചിന്
തൃശൂര്‍: മണ്ണൂത്തിയില്‍ ശനിയാഴ്ച പിടികൂടിയ വ്യാജനോട്ട് കേസ് പൊലിസ് ക്രൈംബ്രാഞ്ചിന് കൈമാറും. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്ന സൂചനകളാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റുവാന്‍ കാരണമെന്ന് പൊലിസ് പറയുന്നു.ഇന്ത്യയിലെ തന്നെ വലിയൊരു ലോബിയുടെ ചെറിയ കണ്ണി മാത്രമാണ് മണ്ണൂത്തിയില്‍ അഞ്ചുലക്ഷം കള്ളനോട്ടുമായി പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും സംഘത്തില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നും പൊലിസിനറിയാന്‍ കഴിഞ്ഞു.ഇവരേയും ഉടന്‍ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി.
തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ടി.നാരായണന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഹൈവേ പൊലിസും മണ്ണുത്തി പൊലിസും ഷാഡോ പൊലിസും ചേര്‍ന്നാണ് വ്യാജനോട്ട് പിടികൂടിയത്.പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അമ്പതിന്റെയും അടക്കം അഞ്ചുലക്ഷത്തോളം രൂപയാണ് പിടിയിലായവരുടെ കൈവശമുണ്ടായിരുന്നത്.അറസ്റ്റിലായ നാലുപേരും സേലം സ്വദേശികളാണ്.പിടിച്ചെടുത്ത കൂട്ടത്തില്‍ കള്ളനോട്ട്് നിര്‍മാണ സാമഗ്രികളും ഉള്‍പ്പെടും.
പകരപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മാണം അവസാന ഘട്ടത്തില്‍
പുത്തന്‍ചിറ: ഗ്രാമപഞ്ചായത്തിലെ അരീക്കത്തോട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പകരപ്പിള്ളി പെരുമ്പക്കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റേയും അപ്രോച്ച് റോഡിന്റേയും നിര്‍മാണം അവസാന ഘട്ടത്തില്‍. മുന്നൂറ് മീറ്റര്‍ ദൂരത്തില്‍ അപ്രോച്ച് റോഡിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തി നിര്‍മിച്ച് കോണ്‍ഗ്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഴക്കാല ശേഷം പുനരാരംഭിച്ച നിര്‍മാണം കൂടുതല്‍ പണിക്കാരെ നിര്‍ത്തി വേഗത്തില്‍ നടത്തിയതിനാലാണ് ഈ മഴക്കാലത്തിന് മുന്‍പ് പണി തീര്‍ക്കാന്‍ കഴിഞ്ഞത്. പകരപ്പിള്ളി അരീക്കത്തോട് പ്രദേവാസികളുടെ ഏറെ കാലമായുള്ള ആവശ്യമായിരുന്ന പകരപ്പിള്ളി പെരുമ്പക്കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റേയും അപ്രോച്ച് റോഡിന്റേയും നിര്‍മാണം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണത്തിന്റെ അവസാന കാലത്താണ് ആരംഭിച്ചത്. കൊടുങ്ങല്ലൂര്‍ മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്റെ ശ്രമഫലമായിട്ടാണ് പകരപ്പിള്ളി പെരുമ്പക്കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജ് വികസനത്തിനായി ബജറ്റില്‍ തുക വകയിരുത്തിയത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പില്‍ നിന്നാണ് പകരപ്പിള്ളി പെരുമ്പക്കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജ് വികസനത്തിനായി 95 ലക്ഷം രൂപ അനുവദിച്ചത്. പാടത്തിന് നടുവിലൂടെയുള്ള റോഡിന്റെ ഇരവശങ്ങളിലും കരിങ്കല്ല് ഭിത്തികെട്ടി ബലപ്പെടുത്തുന്നതിനും കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനും റോഡ് ഉയരം വര്‍ധിപ്പിച്ച് ടാര്‍ചെയ്യുന്നതിനും ഇടുങ്ങിയ പഴയ പാലത്തിന്റെ വീതി കൂട്ടി വികസിപ്പിക്കുന്നതിനുമായിട്ടാണ് 95 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയത്. റോഡിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തി നിര്‍മിച്ച് കോണ്‍ഗ്രീറ്റ് ചെയ്തിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ മെറ്റലിങ് നടന്നു കൊണ്ടിരിക്കുകയാണ്. മെറ്റലിങ് നടത്തിയ റോഡ് ഉറച്ചതിന് ശേഷം മഴമാറുന്നതോടെ ടാറിങ് നടത്തുമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചു. പാലവും റോഡും പണി പൂര്‍ത്തിയാകുന്നതോടെ പകരപ്പിള്ളി അരീക്കത്തോട് പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുണ്ടായി, കുഴിക്കാട്ട്‌ശ്ശേരി, കൊമ്പൊടിഞ്ഞമാക്കല്‍, കൊടകര, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയായി ഇത് മാറും. കൂടാതെ റഗുലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏക്കറു കണക്കിന് നെല്‍പാടങ്ങളില്‍ ഉപ്പ് വെള്ള ഭീഷണി ഇല്ലാതെ കൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് സൗകര്യമൊരുങ്ങും.
മന്ദലാംകുന്ന് പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ ഭിത്തികള്‍ വീണ്ടും തകര്‍ന്നു
പുന്നയൂര്‍: മന്ദലാംകുന്ന് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കരിങ്കല്‍ ഭിത്തികള്‍ വീണ്ടും തകര്‍ന്നു വീണു. റോഡില്‍ ആദ്യം തകര്‍ന്ന ഭാഗം ഇനിയും ശരിയാക്കിയിട്ടില്ല. കാത്തിരിക്കുന്നത് വന്‍ദുരന്തം.
മന്ദലാംകുന്ന് പാലത്തിന്റെ കിഴക്കെ അപ്രോച്ച് റോഡിന്റെ തെക്ക് ഭാഗത്ത് പത്ത് അടിയോളം ഉയരത്തിലുള്ള കരിങ്കല്‍ ഭിത്തിയാണ് തകര്‍ന്നിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതോടെ രണ്ടാം തവണയാണ് റോഡ് ഭിത്തി തകരുന്നത്.
കഴിഞ്ഞ മഴക്കാലത്താണ് ആദ്യത്തെ തകര്‍ച്ച. കരിങ്കല്‍ ഭിത്തിയിടിഞ്ഞ് അകത്തെ ചെമ്മണ്ണ് മുഴുവനും പുറത്തെത്തിയെങ്കിലും റോഡിന്റെ മുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് താഴെ പൊള്ളയായ ഭാഗമാണെന്ന് കാണുകയില്ല.
ഇതറിയാതെ റോഡില്‍ നിന്ന് സൈഡിലേക്ക് വാഹനമിറക്കിയാലുണ്ടായേക്കാവുന്ന ദുരന്തം വലുതായിരിക്കും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കണ്ടത്തിന്റെ വീട്ടില്‍ നിന്ന് അമ്പത് മീറ്ററോളം അകലെയാണീ സ്ഥലം.
ഇത് സംബന്ധിച്ച് അദ്ദേഹം ചാവക്കാട് താലൂക്ക് വികസന സമിതിയില്‍ പലവട്ടം വിഷയമവതരിപ്പിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനക്കമില്ല.
നേരത്തെ അപകട സൂചനയായി സ്ഥാപിച്ച ടാര്‍ ബാരലുകള്‍ വാഹനിമിടിച്ച് തെറിച്ചു താഴേയക്ക് വീണിട്ടും എട്ട് മാസമായി. അതിനിടെയാണ് പുതിയ തകര്‍ച്ച. വടക്കേക്കാട്, കുഴിങ്ങര, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കുന്നംകുളം ഭാഗങ്ങളില്‍ നിന്ന ദേശിയപാതയിലേക്കും തിരിച്ചും എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന മന്ദലാംകുന്ന് പാലത്തിലം വഴി സ്വാകര്യ ബസ് സര്‍വീസുള്‍പ്പടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.
അവധിക്കാലം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുമായി പെരുമ്പടപ്പ്, വെളിങ്കോട്, ചാവക്കാട്, ഗുരുവായൂര്‍, ചിറ്റിലപ്പിള്ളി, വടക്കേക്കാട്, ചമ്മന്നൂര്‍, ആല്‍ത്തറ, എടക്കര, അണ്ടത്തോട്, അകലാട് , മന്ദലാംകുന്ന് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്ന് ദിവസവും നിരവധി വാഹനങ്ങളാണ് ഈ പാലം വഴി യാത്ര ചെയ്യുന്നത്.
ഈ വാഹനങ്ങള്‍ നേര്‍ക്ക് നേരെയെത്തി ഈ അപ്രോച്ച് റോഡിലൂടെ ഏറെ ശ്രദ്ധിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. റോഡിന്റെ അടി ഭാഗം പൊള്ളയായ ഭാഗമാണെന്നറിയാതെയാണ് ഡ്രൈവര്‍മാരിങ്ങനെ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."