ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനി റിമാന്‍ഡില്‍
സ്വന്തം ലേഖകന്‍
തലശേരി: കണ്ണൂര്‍ കേളകത്ത് എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയെന്ന കേസില്‍ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനി റിമാന്‍ഡില്‍. ആന്ധ്രാപ്രദേശ് പ്രകാശം ജില്ലയിലെ കമ്പംപാട്ടി ചൈതന്യ എന്ന സൂര്യ (25) യെയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണ്‍, ഡിവൈ.എസ്.പി സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തതിനു ശേഷം തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ കനത്ത സുരക്ഷയിലാണ് സൂര്യയെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
തുടര്‍ന്നു സായുധസേനയുടെ സുരക്ഷയില്‍ കോടതിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്വച്ചാണ് സൂര്യയെ അറസ്റ്റ് ചെയ്തത്.
തിരിച്ചറിയല്‍ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. എന്‍ജിനീയറിങ് ബിരുദധാരി കൂടിയാണ് സൂര്യ.
കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. സൂര്യയടക്കം നാലു പേര് സംഘംചേര്‍ന്നു കേളകത്തെ വീട്ടില്‍ എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി വീട്ടുസാധനങ്ങള്‍ ആവശ്യപ്പെടുകയും വീട്ടുകാരെ സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഘത്തിലുള്ള രണ്ടു യുവതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."