വിവരാവകാശ ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: വിവരാവകാശ കമ്മിഷണര്‍മാരുടെ പദവി വെട്ടിക്കുറക്കുകയും സര്‍ക്കാരിന് അവരുടെ മേല്‍ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ വിവരാവകാശ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്നാണ് ബില്‍ പാസായത്. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.
രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമാവും. ബില്‍ സ്റ്റാന്റിങ് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച വോട്ടെടുപ്പില്‍ 75 പേര്‍ കമ്മിറ്റിക്ക് വിടുന്നതിനെ അനുകൂലിച്ചപ്പോള്‍ 117 പേര്‍ എതിര്‍ത്തു.
ശക്തമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടന്നത്. പ്രതിപക്ഷ നിരയില്‍നിന്ന് പി. ചിദംബരം, ഡെറക് ഒബ്രയാന്‍, ഗുലാംനബി ആസാദ്, കെ.കെ രാഗേഷ്, ബിനോയ് വിശ്വം തുടങ്ങിയവര്‍ ശക്തമായ എതിര്‍പ്പാണ് ബില്ലിനെതിരേ ഉന്നയിച്ചത്. പുതിയ ബില്‍ പ്രകാരം വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് നിലവിലുള്ള നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേതിന് തുല്യമായ പദവിയും ശമ്പളവുമുണ്ടാവില്ല.
നിശ്ചിത ശമ്പളത്തിന് പകരം സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ നിശ്ചയിക്കുന്ന ശമ്പളമാണുണ്ടാകുക. കമ്മീഷണര്‍മാരുടെ കാലാവധിയും സര്‍ക്കാരിന് നിശ്ചയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."