കേന്ദ്ര സര്‍വകലാശാലയില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ ജനുവരി നാലിന് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ഥികളാണ് എത്തുക.
ലാബ് വര്‍ക്കുകളാണ് ആരംഭിക്കുന്നത്. പ്ലാന്റ് സയന്‍സ്, ബയോ കെമിസ്ട്രി, ജിനോമിക് സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, ജിയോളജി, എന്വിയോണ്മെന്റല് സയന്‍സ് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളിലെ അമ്പത് ശതമാനം വിദ്യാര്‍ഥികളാണ് ആദ്യ ഘട്ടത്തിലുള്ളത്.
കൊവിഡ് നിബന്ധനകള്‍ പാലിച്ചാണ് പ്രവേശനം. ഇത് സംബന്ധിച്ച് യു.ജി.സി നേരത്തെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. വിദ്യാര്‍ഥികള്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്യാംപസില്‍ പ്രവേശിപ്പിക്കൂ.
ഏഴ് ദിവസം ക്വാറന്റൈന് ഉണ്ടാകും. ഹോസ്റ്റലില്‍ ഒരു മുറിയില്‍ ഒരാള്‍ വീതമാകും താമസിക്കുന്നത്. ക്വാറന്റൈന് ശേഷം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ കൊവിഡ് പരിശോധന നടത്തും. പോസിറ്റീവാകുന്നവരെ കൊവിഡ് ഫസ്റ്റ്ലൈന് ട്രീന്റ്മെന്റ് സെന്ററിലേക്ക് മാറ്റും. നെഗറ്റീവാകുന്നവര്‍ക്ക് പിന്നീടുള്ള 37 ദിവസത്തെ ലാബ് വര്‍ക്കില്‍ പങ്കെടുക്കാം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലാബ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
45 ദിവസത്തിനു ശേഷം രണ്ടാം ഘട്ടത്തിലുള്ള വിദ്യാര്‍ഥികള്‍ എത്തും. അവര്‍ക്കും ഇതേ പ്രവേശന നടപടികളാണ് ഉണ്ടാവുക.
വീടുകളില്‍നിന്ന് പോയിവരാന്‍ അനുമതിയില്ല. വിദ്യാര്‍ഥികള്‍ എല്ലാവരും ഹോസ്റ്റലില്‍ താമസിക്കണം. 45 ദിവസം പുറത്ത് പോകാന്‍ അനുവാദമുണ്ടാകില്ല. രക്ഷിതാക്കളുടെ അുമതിയോടെയാകും പ്രവേശനം.
പത്ത് മാസത്തിനു ശേഷമാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ എത്തുന്നത്.
വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."