ഉംറ വിസക്കാര്‍ക്ക് മറ്റു പുണ്യനഗരികളും സന്ദര്‍ശിക്കാം
മക്ക: ഉംറയ്ക്കായി സഊദിയിലെത്തുന്ന വിദേശികള്‍ക്ക് മക്ക, മദീന എന്നീ പുണ്യനഗരികള്ക്കൊപ്പം രാജ്യത്തെ മറ്റു ചരിത്ര നഗരികള്‍ കൂടി സന്ദര്ശിക്കാനുതകുന്ന രീതിയിലുള്ള പുതിയ സന്ദര്‍ശന പദ്ധതി 'ഉംറ പ്ലസ് 'നിലവില്‍ വന്നു. ഉംറയ്ക്കെത്തുന്നവര് ഇതിനായി ഒരു മാസത്തിലധികം രാജ്യത്തു താമസിക്കണമെങ്കില്‍ അതിനും അനുമതി നല്‍കിയാണ് സന്ദര്‍ശനം പ്രോത്സാഹിപ്പിക്കുന്നത്.
എന്നാല്‍, വിദേശ രാജ്യത്തുനിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്‍പുതന്നെ ടൂറിസം പാക്കേജിന് അനുമതി നേടിയാല്‍ മാത്രമേ നഗരങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുകയുള്ളൂ.
നിലവില്‍ പുണ്യനഗരികളായ മക്ക, മദീന കൂടാതെ ജിദ്ദ നഗരത്തില്‍ പ്രവേശിക്കാന്‍ മാത്രമാണ് ഉംറ വിസക്കാര്‍ക്ക് അനുമതിയുണ്ടായിരുന്നത്. 30 ദിവസത്തേക്കാണ് ഉംറ വിസ അനുവദിക്കുന്നത്. ഇതില്‍ 15 ദിവസം ഇരു ഹറമുകളില്‍ കഴിച്ചുകൂട്ടിയ ശേഷം അവര്‍ക്ക് 15 ദിവസം രാജ്യത്തെ നഗരങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. മുപ്പതു ദിവസത്തിലധികം ഉംറ വിസയില്‍ രാജ്യത്തു താമസിക്കണമെങ്കില്‍ അതു സംബന്ധിച്ചും അതാതു രാജ്യങ്ങളില്‍നിന്നു തന്നെ ഉംറ കമ്പനികളില്‍ അപേക്ഷ നല്‍കണം.
ഏതെല്ലാം കേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുന്നതെന്നും എത്ര പേരാണ് പാക്കേജില്‍ ഉള്ളതെന്നും നേരത്തേ തന്നെ ഉംറ കമ്പനികള്‍ ഹജ്ജ് മന്ത്രാലയത്തെ അറിയിക്കണം. മന്ത്രാലയം ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് അനുമതി നല്‍കുന്നത്. ഇത്തരത്തില്‍ അനുമതി ലഭിക്കുന്ന കേന്ദ്രങ്ങള്‍ മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."