മുസ്ലിം സൈനികന്റെ മാതാപിതാക്കള്‍ക്കെതിരേ ട്രംപ്
വാഷിങ്ടണ്‍: ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട മുസ്ലിം സൈനികന്റെ മാതാപിതാക്കളെ അവഹേളിച്ച് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. മുസ്ലിംകള് അമേരിക്കക്കാരല്ലെന്നു പറയുന്ന ട്രംപ് ഭരണഘടന വായിക്കണമെന്നായിരുന്നു 2004 ല്‍ ഇറാഖില്‍ കൊല്ലപ്പെട്ട സൈനികന് ഹുമയൂണ്‍ ഖാനിന്റെ പിതാവ് ഖിസിര്‍ ഖാന് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വന്‍ഷനിലാണ് ഖാന് ട്രംപിനെതിരേ രംഗത്തുവന്നത്. ഖാന് സംസാരിക്കുമ്പോള്‍ മൗനത്തോടെ അടുത്തുനിന്ന ഹുമയൂണിന്റെ മാതാവ് ഗസാലാ ഖാനെയും ട്രംപ് പരിഹസിച്ചു. ഗസാലയെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും എന്തുകൊണ്ടാണ് വീരജേതാവിന്റെ മാതാവിന് സംസാരിക്കാന്‍ കഴിയാത്തതെന്നും ട്രംപ് ചോദിച്ചു. മകനെ രാജ്യത്തിനു വേണ്ടി നല്‍കിയത് വലിയ ത്യാഗമല്ലെന്ന് ട്രംപ് ഹുമയൂണിന്റെ പിതാവിന്റെ പ്രസ്താവനയ്ക്കു മറുപടി പറഞ്ഞു.
തന്റെ ജീവിതത്തിലും ഒട്ടേറെ ത്യാഗങ്ങളുണ്ടായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. 2004 ല്‍ 27ാം വയസില്‍ ഇറാഖിലെ കാര്‍ബോംബ് സ്ഫോടനത്തിലാണ് ഹുമയൂണ്‍ കൊല്ലപ്പെട്ടത്. താന്‍ അവിടെ നില്ക്കുമ്പോള് എല്ലാ അമേരിക്കക്കാര്‍ക്കും തന്റെ വേദന മനസിലായിക്കാണും. ഒരു വാക്കുപോലും സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്നും ഗസാലാ ഖാന് എ.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ മുന്‍ യു.എസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്റണ് രംഗത്തുവന്നു. സുവര്‍ണതാരത്തിന്റെ മാതാവിനെയാണ് ട്രംപ് അവഹേളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്നും ട്രംപിനെതിരേ രംഗത്തെത്തി. ട്രംപിന്റെ പ്രസ്താവന അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് മറ്റുള്ളവരുടെ വേദന മനസ്സിലാക്കണമെന്ന് മുന്‍ ഒഹിയോ ഗവര്‍ണര്‍ ജോണ്‍ കാഷിച്ചും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."