പൊലിസിനെതിരായ നിലപാടില്‍നിന്ന് പിന്നോട്ടില്ല: പി.രാജു
കൊച്ചി: സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പൊലിസിനെതിരായ നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടറുടെ അന്വേഷണത്തിനുശേഷം നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കും.
കാനം രാജേന്ദ്രന്റെ അറിവോടെയായിരുന്നു ഡി.ഐ.ജി ഓഫിസ് മാര്‍ച്ച്. ഡി.ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് തിടുക്കത്തിലെടുത്ത തീരുമാനമായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടാണ് മാര്‍ച്ച് നടത്തിയത്. പാര്‍ട്ടിയുടെ സംസ്ഥാന സെന്ററുമായും ആശയവിനിമയം നടത്തി. ഏതെങ്കിലും ഒരു വ്യക്തിയല്ല തീരുമാനമെടുക്കുന്നത്. കൂട്ടായിട്ടാണ്. അതിനുശേഷം ജില്ലയിലെ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ്, മണ്ഡലം സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗം ചേര്‍ന്നു. ഈ യോഗത്തിലും തീരുമാനമെടുത്തതിനുശേഷമാണ് മാര്‍ച്ച് നടത്തിയത്. വിഷയത്തിന്റെ ഗൗരവം അന്നുതന്നെ സംസ്ഥാന സെക്രട്ടറിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമോയെന്ന് അറിയട്ടെ. അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പൊലിസിനെതിരേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കില്‍ കാനം രാജേന്ദ്രന്റെ ഭാഗത്തുനിന്ന് ശക്തമായ നിലപാടുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. കാനം എന്തുകൊണ്ടാണ് നിലവിലെ വിഷയത്തില്‍ തണുത്ത നിലപാട് സ്വീകരിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ കാനത്തോട് ചോദിക്കൂവെന്നായിരുന്നു രാജുവിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."