എന്‍.ജി.ഒ അസോസിയേഷനെ ആര് നയിക്കും; എ ഗ്രൂപ്പില്‍ കലഹം
തിരുവഞ്ചൂരിന്റെ നേതൃത്വത്തില്‍ എം.എല്‍.എ ഹോസ്റ്റലില്‍ രഹസ്യയോഗം
സ്വന്തം ലേഖകന്‍
ആലപ്പുഴ: എന്‍.ജി.ഒ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എ ഗ്രൂപ്പില്‍ കലഹം. നിലവിലെ സംസ്ഥാന പ്രസിഡന്റും ജന. സെക്രട്ടറിയും സര്‍വിസില്‍നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് തമ്മിലടി രൂക്ഷമായത്.
പുതിയ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനും ജന. സെക്രട്ടറി പദവി ഐ ഗ്രൂപ്പിനുമാണ് വീതംവച്ചിരിക്കുന്നത്. എ ഗ്രൂപ്പുകാരനായ ജന. സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാര്‍ കഴിഞ്ഞ മെയില്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. ഐ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റ് എന്‍.കെ ബെന്നി 31ന് സര്‍വിസില്‍നിന്ന് വിരമിക്കും.
പുതിയ പ്രസിഡന്റിനെയും ജന. സെക്രട്ടറിയെയും തെരഞ്ഞെടുക്കാന്‍ 29ന് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. മൂന്ന് മണിക്ക് തിരുവനന്തപുരം അധ്യാപക ഭവനിലാണ് കൗണ്‍സില്‍ ചേരുന്നത്. വീതംവയ്പില്‍ ലഭിച്ച ജന. സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റ് കെ.എം മാത്യുവിനെ മത്സരിപ്പിക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷമായി. നിലവിലെ ട്രഷറര്‍ ഉണ്ണികൃഷ്ണനും (മലപ്പുറം) വൈസ് പ്രസിഡന്റ് ചവറ ജയകുമാറുമാണ് (കൊല്ലം) എ ഗ്രൂപ്പില്‍ നിന്ന് അധ്യക്ഷപദവിക്കായി ചരടുവലിക്കുന്നത്. ചവറ ജയകുമാറിനെ പ്രസിഡന്റാക്കാന്‍ ലക്ഷ്യമിട്ട് എ ഗ്രൂപ്പിലെ ഉന്നതനേതാക്കളുടെ നേതൃത്വത്തില്‍ ഒരുവിഭാഗം എം.എല്‍.എ ഹോസ്റ്റലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുറിയില്‍ കഴിഞ്ഞ ദിവസം രഹസ്യയോഗം ചേര്‍ന്നിരുന്നു. തിരൂവഞ്ചൂരിനെ കൂടാതെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, കെ.സി ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂര്‍ രവി എന്നിവരും ഒരുവിഭാഗം എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അനുകൂലിക്കുന്ന ആളാണ് മുതിര്‍ന്ന നേതാവ് കൂടിയായ ഉണ്ണികൃഷ്ണന്‍. ചവറ ജയകുമാറിനെ പ്രസിഡന്റാക്കാന്‍ സംസ്ഥാന ഭാരവാഹികളായ എ.എം ജാഫര്‍ഖാന്‍, ഉമാശങ്കര്‍, അലി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് നീക്കംനടത്തുന്നത്.
ഉണ്ണികൃഷ്ണന് വേണ്ടി സംസ്ഥാന ഭാരവാഹികളായ രാജശേഖരന്‍, എ.പി സുനില്‍ എന്നിവരും ചരടുവലിക്കുന്നു. എട്ട് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് എ ഗ്രൂപ്പിലെ ഇരുവിഭാഗവും അവകാശപ്പെടുന്നത്.പ്രതിപക്ഷത്താണെങ്കിലും കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയില്‍ ഗ്രൂപ്പ് പോരിന് കുറവില്ല. മുന്‍ സംസ്ഥാന പ്രസിഡന്റ് രവികുമാറാണ് എ ഗ്രൂപ്പിനുള്ളിലെ തമ്മിലടിക്ക് പിന്നിലെന്നും ഒരുവിഭാഗം ആരോപിക്കുന്നു.
ഗ്രൂപ്പിലെ തമ്മിലടിയില്‍നിന്ന് പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പ് കൈവശപ്പെടുത്തുമോയെന്ന ഭയത്തിലാണ് എ ഗ്രൂപ്പിലെ ഒരുവിഭാഗം. പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരുമെന്നത് സംബന്ധിച്ച് എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."