എം.ഐ എന്ന രണ്ടക്ഷരം; സി.എച്ചിന്റെ തണലില്‍ വളര്‍ന്ന വലിയക്ഷരം
കേരളത്തിലെ ബഹുമുഖ പ്രതിഭകളില്‍ ശ്രദ്ധേയനാണ് എം.ഐ തങ്ങള്‍. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ സുവര്‍ണമുദ്ര പതിപ്പിച്ച വ്യക്തിത്വം. കേരള ഗ്രന്ഥശാലാ സംഘം ഫുള്‍ടൈം മെമ്പര്‍, ചന്ദ്രിക പത്രാധിപര്‍, വര്‍ത്തമാനം എക്‌സിക്യുട്ടീവ് എഡിറ്റര്‍, മുസ്‌ലീംലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ മുസ്‌ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
ഇംഗ്ലീഷ്,ഉര്‍ദു,ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം നേടിയ എം.ഐ തങ്ങള്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഗള്‍ഫ് നാടുകളിലും സഞ്ചരിച്ചിട്ടുണ്ട്.
എഴുത്തും ജീവിതവും
സ്‌കൂള്‍ പഠനകാലത്തു തന്നെ എഴുത്തിനോട് വലിയ താല്പര്യമായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെ നിരവധി കൈയെഴുത്ത് മാഗസിനുകള്‍ ഞങ്ങള്‍ പുറത്തിറക്കി. പിതാവ് കുഞ്ഞിക്കോയ തങ്ങള്‍ എഴുത്തും വായനയും നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ തുടര്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഞാന്‍ ഗുജറാത്തിലേക്ക് പോയി. എന്റെ അമ്മാവന്‍ പൂക്കോയ തങ്ങള്‍ അവിടെ അഹ്മദാബാദില്‍ ഉണ്ടായിരുന്നു. ഞാന്‍ ഗുജറാത്തിലെത്തിയതോടെ പതിവായിരുന്ന പത്രവായനക്ക് തടസ്സം വന്നു. മലയാളപത്രങ്ങള്‍ മൂന്നും നാലും ദിവസമൊക്കെ വൈകിയാണ് അവിടെ എത്തിയിരുന്നത്. ഗുജറാത്തി, ഉര്‍ദു ഭാഷകളിലായിരുന്നു അവിടത്തെ ദിനപത്രങ്ങള്‍. അങ്ങനെയാണ് ഉര്‍ദുഭാഷ പഠിക്കാന്‍ ഇടയായത്. ആ സാഹചര്യം ഉര്‍ദു ഭാഷയെ വളരെയേറെ സ്‌നേഹിക്കാന്‍ നിമിത്തമായി.
അമ്മാവന്‍ പെട്ടെന്നൊരു നാള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. സ്വദേശത്തേക്ക് തിരിച്ചുപോരുക എന്നതായിരുന്നു പിന്നെ ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ അവിടെ ഒരു ജോലിക്കുവേണ്ടി ശ്രമിച്ചു. അങ്ങനെയാണ് അഹ്മദാബാദിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. കൃത്യമായി ശമ്പളം ലഭിക്കാതെ വന്നപ്പോള്‍ മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടിവന്നു.
ആയിടെ, ബോംബെയിലെ ഒരു മരുന്നു കമ്പനിയുടെ പരസ്യം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്നിരുന്നു. ആ കമ്പനിയില്‍ ജോലിക്ക് അപേക്ഷിക്കുകയും ജോലി കിട്ടുകയും ചെയ്തു. ഹോമിയോപ്പതിയില്‍ എനിക്കുള്ള പരിചയമാണ് ജോലി കിട്ടാന്‍ സഹായിച്ചത്. ഹോമിയോ പഠിച്ചതാകട്ടെ അതില്‍ പ്രാവീണ്യം നേടിയ അമ്മാവന്റെ നിര്‍ബന്ധം കൊണ്ടും. എന്നാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരു പ്രൊഫഷനായി ഇത് സ്വീകരിച്ചിരുന്നില്ല. 1967 മുതല്‍ 72 വരെ മരുന്ന് കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങി.
1974ലാണ് ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപ സമിതിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇക്കാലത്ത് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രചോദനം എഴുത്തില്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരണയായി. കേരളത്തിലെ ശ്രദ്ധേയരായ നിരവധി എഴുത്തുകാരുടെ സര്‍ഗശേഷിക്ക് പരിശീലനക്കളരിയായിത്തീര്‍ന്ന ചന്ദ്രിക ദിനപത്രത്തിലെ പൗരപംക്തി'യില്‍ ചെറുപ്പത്തിലേ ലേഖനങ്ങള്‍ എഴുതിയിരുന്ന എനിക്ക് അതേ ചന്ദ്രികയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നി. സി.എച്ചിന്റെ മരണകാലം വരെ ചന്ദ്രികയില്‍ തുടര്‍ന്നു. 1983 സപ്തംബറിലായിരുന്നു സി.എച്ചിന്റെ മരണം. തൊട്ടടുത്ത മാസം തന്നെ ചന്ദ്രികയില്‍ നിന്ന് പിരിയുകയും ചെയ്തു.
പിന്നീട് മാപ്പിളനാട് കുറേ വര്‍ഷങ്ങളോളം പുറത്തിറക്കി. അതിനിടെ, 1992ല്‍ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഫുള്‍ടൈം മെമ്പറായി നിയമിതനായി. മൂന്ന് വര്‍ഷത്തോളം ഈ രംഗത്ത് സേവനമനുഷ്ഠിച്ചു. യുവത' ബുക് ഹൗസിന്റെ ജനറല്‍ എഡിറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് മുസ്‌ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവി ഏറ്റെടുത്തു.
മാധ്യമ രംഗത്തെ മുസ്‌ലിം സാന്നിധ്യം
കേരളത്തിന്റെ മുഖ്യധാര മാധ്യമരംഗത്ത് ഇന്ന് മുസ്‌ലിം സാന്നിധ്യം ഇല്ല എന്ന് പറയുന്നതാണ് ശരി. അച്ചടി രംഗമെടുത്ത് പരിശോധിച്ചാല്‍ ഏതാനും പത്രങ്ങളുടെ പേര് പറയാന്‍ കഴിയുമെന്നതല്ലാതെ എല്ലാം ചെറിയ വൃത്തങ്ങളില്‍ പരിമിതമാണ്. കേരളത്തില്‍ പൊതുവായി വായിക്കപ്പെടുന്നതില്‍ മുസ്‌ലിം പത്രങ്ങള്‍ വിജയിച്ചിട്ടില്ല. ഉദാഹരണത്തിന് ചന്ദ്രിക ദിനപത്രത്തിന്റെ കാര്യം. മുസ്‌ലിം സമുദായത്തിലെ ചിലര്‍ വായിക്കുന്നുണ്ട് എന്നതല്ലാതെ മലയാളികള്‍ പൊതുവായി അത് വായിക്കുന്നില്ല. മറ്റ് മുസ്‌ലിം പത്രങ്ങളുടെ സ്ഥിതിയും ഇങ്ങനെത്തന്നെയാണ്. മാധ്യമം ദിനപത്രമാണ് ജനറലായി കുറച്ചെങ്കിലും വായിക്കപ്പെടുന്നത്. വര്‍ത്തമാനം തുടക്കത്തില്‍ പൊതുവായി വായിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും പിന്നീടത് പിറകിലേക്ക് പോയി.
സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സവിശേഷ ഇടമാണ് പത്രങ്ങള്‍. മുസ്‌ലിംകളുടെതായി സാന്നിധ്യമറിച്ച ഓരോ പത്രവും രാഷ്ട്രീയമോ മതപരമോ ആയ ശുഷ്‌കിച്ച വൃത്തത്തില്‍ മാത്രമാണ് ഇപ്പോഴുള്ളത്. സമുദായ പുരോഗതി ഉന്നംവെച്ച് നിലകൊള്ളുന്ന പത്രം ചന്ദ്രികയാണ്. സമുദായത്തിന്റെ മൊത്തം പുരോഗതിയും വളര്‍ച്ചയുമൊക്കെ സഫലീകരിക്കാന്‍ ഏറെക്കുറെ ചന്ദ്രികക്ക് കഴിയുന്നുണ്ട്. രാഷ്ട്രീയ, സാമൂഹിക തലങ്ങളിലെ പ്രശ്‌നങ്ങള്‍ ശേഷിക്കനുസൃതമായി പൂര്‍ണമായും കൈകാര്യം ചെയ്യുന്നു എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും അത് സാധ്യമായത് ചെയ്യുന്നുണ്ട്. സമുദായത്തിന് ശക്തി പകരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.
ഇതര പത്രങ്ങള്‍ സമുദായത്തിലെ ഭിന്നിപ്പ് വര്‍ധിപ്പിക്കാനാണ് അവരുടെ കോളങ്ങള്‍ ഉപയോഗിക്കുന്നത്. മാധ്യമം ദിനപത്രം സമുദായത്തിന്റെ സുഗമമായ വളര്‍ച്ചയില്‍ വിപരീത ഫലമുളവാക്കുന്ന അജണ്ടകളും പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. മാധ്യമത്തിന്റെ പിറവിക്കു മുമ്പും ശേഷവുമുള്ള പല പ്രശ്‌നങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ പ്രതികരണ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും.
മാധ്യമം രംഗത്തുവന്ന ശേഷം മുസ്‌ലിം സമുദായത്തിന്റെ അജന്‍ഡ രൂപീകരിക്കുന്നത് അവരായി മാറിയിരിക്കുന്നു. ബൗധിക തലത്തില്‍ ക്രിയാത്മകമായി ചിന്തിച്ചിരുന്ന ഒരു സമുദായത്തില്‍ നിന്ന് പതിയെപ്പതിയെ ആ ശേഷി ചോര്‍ത്തിക്കളയുകയാണ് അത്. സമീപകാല അനുഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. മുസ്‌ലിം സമുദായത്തെ പുറകോട്ട് കൊണ്ടുപോകുന്ന അജന്‍ഡകളാണ് മാധ്യമം സ്വീകരിക്കുന്നത്.
ദൃശ്യമാധ്യമ രംഗത്തും മുസ്‌ലിം സാന്നിധ്യം തീരെ ഇല്ലെന്ന് തന്നെ പറയാം. പേരിന് ചിലതുണ്ടെങ്കിലും അവക്ക് പൊതു സമൂഹത്തില്‍ ഉയരാന്‍ കഴിയാതെ പോയി. ദൃശ്യമാധ്യമ രംഗത്തെ മുസ്‌ലിം സാന്നിധ്യം ശൂന്യമാണെന്ന് പറയാം.
ഗുണകാംക്ഷാ മനോഭാവത്തോടെ ആരും ഇന്ന് ഇത്തരം വേദികളിലേക്ക് കടന്നുവരുന്നില്ല. അതിനുള്ള സാഹചര്യങ്ങളും ഇല്ലാതിയിരിക്കുന്നു. എന്നാല്‍ അതിനുള്ള ഇടം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു.
മുസ്‌ലിം സംഘടനകളുടേതായി നിരവധി പ്രസിദ്ധീകരണങ്ങള്‍ ഇന്ന് കേരളത്തില്‍ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയിലെ ബോധവത്കരണത്തിനും ശാക്തീകരണത്തിനും വേണ്ടി ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും വിപരീത ഫലമാണ് ഉളവാക്കുന്നത്. ദിശാബോധമില്ലാതെ താല്ക്കാലിക അജന്‍ഡകള്‍ സ്വീകരിക്കുന്നതാണ് ഇതിന് കാരണം.
ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ ഐക്യപ്പെട്ടു നില്ക്കുന്നതിന്റെ അനിവാര്യതകളിലേക്ക് ജനങ്ങളെ നയിക്കുന്നതിന് ഉപകാരപ്രദമായ തരത്തില്‍ സംഭാവന നല്കുന്ന കാര്യമാത്ര പ്രസക്തമായ ഇടപെടലുകള്‍ ഇന്നത്തെ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ഉണ്ടാവുന്നില്ല. അവരവരുടേതായ സംഘടനാ താല്പര്യവും പദ്ധതികളും നടപ്പാക്കാന്‍, ഇതര സംഘടനാ പ്രവര്‍ത്തകര്‍ എല്ലാം തങ്ങളുടെ സംഘടനകളില്‍ ഐക്യപ്പെടണമെന്ന ആഗ്രഹം മാത്രമാണ് പലര്‍ക്കുമുള്ളത്. ഇതുവഴി സ്പര്‍ധ മൂര്‍ച്ഛിക്കുകയേയുള്ളൂ.
സമുദായം എന്ന പൊതു വേദിക്ക് ഇന്നത്തെ സംഘടനകള്‍ പ്രാധാന്യം കല്പിക്കുന്നില്ല. സമുദായഘടന മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ വളര്‍ച്ചയുണ്ടാകൂ.
ആദ്യകാലത്തെ പത്രപ്രസിദ്ധീകരണങ്ങള്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ കാലത്തിന്റെ വിളക്കുമാടമായി പ്രകാശിക്കാനും നേര്‍വഴികളിലേക്ക് സമുദായത്തെ നയിക്കാനും ഒറ്റപ്പെട്ടതും സംഘടിതവുമായ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്ക് സാധിച്ചു.
എന്നാല്‍ പുതിയ കാലത്തെ പ്രസിദ്ധീകരണങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് അന്നത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പുതിയ മേഖലകളാണെന്നത് പല പ്രസിദ്ധീകരണ നടത്തിപ്പുകാരും അറിയുക പോലും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ബോധ്യമാവുന്നത്. മുസ്‌ലിം സമുദായത്തിന്റെ സര്‍വോന്മുഖമായ വളര്‍ച്ചക്ക് സംഭാവന നല്കുന്നതിന് കൃത്യമായ അജന്‍ഡയോടെ ഉള്ളടക്കം തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങള്‍ അധികമില്ലെന്നതാണ് അനുഭവം.
വായനയുടെ നിലവാരത്തകര്‍ച്ച
പരന്ന വായന കുറഞ്ഞുവരികയാണ്. നേരത്തെ ഗ്രാമീണ വായനാശാലകളും ലൈബ്രറികളുമൊക്കെ സജീവമായിരുന്നു. ഇന്നതെല്ലാം അന്യമായി. വായനയുടെ സ്വഭാവം തന്നെ മാറിയിരിക്കുന്നു. മുന്‍തലമുറയുടെ വായന പൊതുസ്വഭാവമുള്ളതായിരുന്നു. ഇന്നത് സംഘടനാ വട്ടത്തില്‍ ചുരുങ്ങി. അതാതു സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്ന കുറച്ച് ഗ്രൂപ്പുകള്‍ മാത്രമാണ് ഇന്നുള്ളത്. അതിര്‍ത്തികള്‍ നിര്‍ണയിക്കാത്തതാണ് യഥാര്‍ഥ വായന. അതാത് സംഘടനകളുടെ ഗ്രന്ഥങ്ങള്‍ മാത്രം വാങ്ങുന്നവര്‍ അതു പോലും ഗൗരവതരമായി വായിക്കുന്നില്ലെന്നതാണ് മറ്റൊരു സത്യം. സംഘടനാ കൂറിന്റെ പേരില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ ഒന്നു മറിച്ചുനോക്കുക പോലും ചെയ്യാതെ വീടുകളിലെ ഷോക്കേസുകളിലെ അലങ്കാരവസ്തുവായി ഉപയോഗിക്കപ്പെടുകയാണ്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പുസ്തകങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും ആപേക്ഷികമായി ഇത് തുലോംകുറവാണ്. ഇന്ന് മുസ്‌ലിംകള്‍ വിദ്യാഭ്യാസരംഗത്ത് കുറെ മുന്നോക്കം പോയിട്ടുണ്ട്. അതിന് ആനുപാതികമായുള്ള വര്‍ധന വായനയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. എല്ലാം ഹൃദയ വിശാലതയോടെ വായിച്ചിരുന്ന പഴയകാല വായനാ സംസ്‌കാരം സാമുദായിക സൗഹാര്‍ദത്തിനും വ്യക്തിത്വ വികാസത്തിനും ഒട്ടേറെ സദ്ഫലങ്ങള്‍ നല്കിയിരുന്നു. സംഘടനകളുടെ സങ്കുചിത മനോഭാവം അവരുടെ പ്രസിദ്ധീകരണങ്ങളിലേക്കും പടര്‍ന്നുകയറി. ഇതിന് പരിഹാരം നേതൃനിരയിലുള്ളവര്‍ക്കു മാത്രമേ കാണാനാവൂ.
സാമുദായിക ധ്രുവീകരണവും വിവാദങ്ങളും
മുസ്‌ലിംകള്‍ സംഘടിതമായി നിന്നുകൊണ്ട് അനര്‍ഹമായ പലതും വാരിക്കൂട്ടുന്നു എന്നൊരു ധാരണ കുറച്ചുകാലമായി സമൂഹത്തില്‍ പരന്നിട്ടുണ്ട്. അല്ലെങ്കില്‍ ചിലര്‍ ബോധപൂര്‍വം പരത്തിയിട്ടുണ്ട്. അതിനാല്‍ സമീപകാല പ്രശ്‌നങ്ങളെയെല്ലാം ഈയൊരു കണ്ണിലൂടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.
അനാഥശാല വിവാദത്തില്‍ ചില ചെറിയ വീഴ്ചകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് സംഭവിച്ചതിനെ നാം ന്യായീകരിക്കേണ്ടതില്ല. എന്നാല്‍ ഇതിനെ വ്യാഖ്യാനിച്ചത് അത്യന്തം അപകടകരമായ വിധത്തിലായിരുന്നു. മുസ്‌ലിംകള്‍ രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യക്കടത്ത് നടത്തുന്നു എന്ന തലത്തിലേക്ക് വരെ ആസൂത്രിത പ്രചരണങ്ങള്‍ അരങ്ങേറി.
സ്വന്തം നാട്ടില്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവരെ ഇവിടെ കൊണ്ടുവന്ന് പഠനത്തിന് സാഹചര്യം സൃഷ്ടിക്കുന്നതിന്റെ അനന്തര ഫലങ്ങളെങ്കിലും വിമര്‍ശകര്‍ കാണേണ്ടതായിരുന്നു. രാജ്യത്തിനും സമൂഹത്തിനും നന്മ ലഭിക്കുന്ന ഒട്ടേറെ ഗുണഫലങ്ങള്‍ സമ്മാനിക്കുന്ന ഒരു സംവിധാനത്തെ മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ വഴിമാറിയത് ഗൗരവപരമായിത്തന്നെയാണ് വിലയിരുത്തേണ്ടത്. തുടരെത്തുടരെയുണ്ടാവുന്ന വിവാദങ്ങള്‍ക്കു പിന്നിലെല്ലാം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢ നീക്കങ്ങളാണ്. അഞ്ചാം മന്ത്രിസ്ഥാനം, പ്ലസ് ടു ബാച്ച്, പച്ച ബ്ലൗസ്, ലൗജിഹാദ് തുടങ്ങിയ വിവാദങ്ങളെല്ലാം നല്കുന്ന പാഠങ്ങള്‍ അതാണ്.
മുസ്‌ലിംലീഗിന് കേരളീയ സമൂഹത്തിലുള്ള സ്വാധീനം ഇപ്പോഴും നലിനില്ക്കുന്നുണ്ട്. നിരവധി സംഘടനകള്‍ വിവിധ ഘട്ടങ്ങളിലായി ഉദയം ചെയ്‌തെങ്കിലും അവയ്‌ക്കൊന്നും സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിരീക്ഷിച്ചാല്‍ ഇക്കാര്യം കൃത്യമായി ബോധ്യമാവും. കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ നിന്ന് നേരിയ ശതമാനത്തിന്റെ പിന്തുണ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. അവരുടെ ആശയങ്ങള്‍ക്ക് ഒരിക്കലും അംഗീകാരം കിട്ടിയിട്ടില്ല. വിശാലമായൊരു സമുദായത്തില്‍ നിന്ന് കുറച്ചുപേര്‍ തെറിച്ചുനില്ക്കുക സ്വാഭാവികമാണ്. മുന്‍കാലത്തും പല സംഘടനകളും ഇതുപോലെയുണ്ടായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചതോടെ, ജനാധിപത്യമാര്‍ഗത്തില്‍ ഗുണപരമായ മാറ്റത്തിന് അവര്‍ തയ്യാറായി എന്ന വിലയിരുത്തല്‍ ശരിയല്ല. മുന്‍ നിലപാട് തെറ്റാണെന്ന് ബോധ്യമായെങ്കില്‍ പുതിയ സംഘടന രൂപീകരിക്കുകയല്ല, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരികയാണ് വേണ്ടത്. അപ്പോള്‍ മാത്രമേ അത് സമുദായത്തിന് ഗുണകരമാവുകയുള്ളൂ.
അറബ് വസന്തവും ജനാധിപത്യവും
അറബ് രാജ്യങ്ങള്‍ ഏകാധിപത്യ ഭരണത്തില്‍ വളര്‍ന്നുവന്നവരാണ്. ഒരു സുപ്രഭാതത്തില്‍ അവിടെ ജനാധിപത്യം പുലരുകയെന്നത് സാധ്യമല്ല. അറബ് വസന്ത'മെന്ന പേരില്‍ മീഡിയകളില്‍ നിറയുന്ന വാര്‍ത്തകളിലെ യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ പോലും സുദീര്‍ഘമായ കാലഘട്ടത്തിന് ശേഷമാണ് ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായത്. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് ഇന്ത്യയിലെ രാജ്യഭരണം അവസാനിച്ചത്. ബ്രിട്ടീഷുകാര്‍ നിരവധി ആക്ടുകളിലൂടെയാണ് ഇതിന് തുടക്കമിട്ടത്. 1937 വരെ ജനാധിപത്യം കൊണ്ടുവരുന്നതിന്റെ ഒരു കാലഘട്ടമായിരുന്നു. 37ലാണ് തെരഞ്ഞെടുപ്പ് രീതി തുടങ്ങുന്നത്. അതുപോലും പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം എന്ന രീതിയിലായിരുന്നില്ല, ചില പ്രത്യേക ആളുകള്‍ക്ക് മാത്രമായിരുന്നു അന്ന് വോട്ടവകാശം. ഇന്ത്യ സ്വാതന്ത്ര്യം നേടി. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം 1952ലാണ് പ്രായപൂര്‍ത്തി വോട്ടവകാശം പ്രാബല്യത്തില്‍ വരുന്നത്. 1892 മുതല്‍ ആരംഭിച്ച ഒരു പ്രക്രിയ 1952ലാണ് പൂര്‍ത്തിയാവുന്നത്. ഇത്രയും സമയം അറബ് നാടുകള്‍ക്കും കൊടുത്തെങ്കിലല്ലേ അവ യഥാര്‍ഥ ജനാധിപത്യ സംവിധാനങ്ങളിലേക്ക് വരുമോ ഇല്ലെയോ എന്ന് പറയാന്‍ കഴിയൂ?
അറബ് വസന്തം' എന്ന് വിശേഷിപ്പിക്കുന്നതിനെ ഒരു ട്രാന്‍സിഷന്‍ പിരീഡ് എന്ന തലത്തില്‍ കാണണം. ശരിയായ ജനാധിപത്യത്തിലേക്ക് പോയെങ്കിലേ നമുക്ക് രക്ഷയുള്ളൂ എന്ന തിരിച്ചറിവ് ഇതുവഴിയുണ്ടാവുകയും ചെയ്തു. അറബ് രാജ്യങ്ങള്‍ ഉണ്ടായതു മുതല്‍ ഏകാധിപത്യ ഭരണമാണ് അവര്‍ക്ക് പരിചയമുള്ളത്. അതിലാണ് അവര്‍ വളര്‍ന്നതും അനുഭവിച്ചതും. ക്രമപ്രവൃദ്ധമായേ ശരിയായ ഒരു മാറ്റം പ്രതീക്ഷിക്കാവൂ.
ജനാധിപത്യമെന്നത് വിശാലമായി ചിന്തിക്കുന്ന ഒരു സമീപനമാണ്. ജനങ്ങളാല്‍ ഭരണീയര്‍ തെരഞ്ഞെടുക്കപ്പെടുക എന്നതല്ല ജനാധിപത്യം. അത് ജനാധിപത്യം പ്രായോഗികവത്കരിക്കുന്നതിന്റെ ഒരു രൂപം മാത്രമാണ്. ജനങ്ങളുടെ മനസ്സുകള്‍ വിശാലമാവുകയെന്നതാണ് യഥാര്‍ഥ ജനാധിപത്യം. തന്നെപ്പോലെ അവകാശവും സ്വാതന്ത്ര്യവും തന്റെ സഹോദരനും ഉണ്ടെന്ന് വിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്ന തലത്തിലേക്ക് ഉയരുന്നതാവണം ജനാധിപത്യം. ആ അര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളായ ബ്രദര്‍ഹുഡാണ് ഈജിപ്തില്‍ അധികാരത്തിലേറിയത്. ജനാധിപത്യത്തിന്റെ തിന്മയാണ് അവിടെ അനുഭവിച്ചത്. ഏറെക്കുറെയെങ്കിലും ജനാധിപത്യം സാര്‍ഥകമായത് തുനീഷ്യയില്‍ മാത്രമാണ്.
വൈജ്ഞാനിക മേഖലയിലെ ശൂന്യത
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടക്ക് വിദ്യാഭ്യാസരംഗത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍, സ്വാശ്രയ മാനേജ്‌മെന്റുകള്‍, മത, രാഷ്ട്രീയ സംഘടനകള്‍, പ്രവാസികള്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ വരെ ബഹുദൂരം മുന്നേറിയിരിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസം വര്‍ധിച്ചതനുസരിച്ച് മുസ്‌ലിംകളില്‍ വിജ്ഞാനം വളര്‍ന്നിട്ടില്ല. സാംസ്‌കാരികമായ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മുന്നേറിയ വിദ്യാഭ്യാസ മേഖലയെ ക്രിയാത്മകമായ മാര്‍ഗത്തിലേക്ക് തിരിച്ചുവിടാന്‍ ആവശ്യമായ ഗൈഡന്‍സിന് ആരുമില്ലാതെ പോയത് സമുദായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചില സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മികച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചു എന്നതിലപ്പുറം വിദ്യാഭ്യാസത്തെ കൃത്യമായ കാഴ്ചപ്പാടോടു കൂടി ചാനലൈസ് ചെയ്യാന്‍ ആരും രംഗത്തുവന്നില്ല.
വിദ്യാഭ്യാസം ജോലിക്കു വേണ്ടി മാത്രമായി ചുരുങ്ങിയതിനാല്‍ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ ഇല്ലാതെ പോയി. കൃത്യമായ കാഴ്ചപ്പാടോടെ ഭാവിക്കുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഒരു ഏജന്‍സി/ വിംഗ് സമുദായത്തിന് ഇല്ലാതെ പോയത് വലിയ നഷ്ടം തന്നെയാണ്. അതിനാല്‍ വിദ്യാഭ്യാസം കൊണ്ട് സമൂഹത്തില്‍ പ്രത്യേകിച്ചൊരു പരിവര്‍ത്തനവും പ്രതിഫലിച്ചില്ല. വൈജ്ഞാനിക മേഖല ശൂന്യതയില്‍ തന്നെയാണെന്ന് പറയാതെ വയ്യ.
വിദ്യാഭ്യാസ വളര്‍ച്ചയുണ്ടായെങ്കിലും പൊതുസമൂഹത്തില്‍ നമ്മുടെ സാന്നിധ്യം ഏറെക്കുറെ ശൂന്യമായി തന്നെ നിലനില്ക്കുന്നുണ്ട്. ശാസ്ത്രസാങ്കേതികം, സാമൂഹികം, ചരിത്രം തുടങ്ങിയ പഠന മേഖലകളിലൊക്കെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ ഉണ്ടായി എന്നല്ലാതെ സമകാലത്ത് ഒരു പണ്ഡിതനെ സംഭാവന ചെയ്യാന്‍ നമുക്കായിട്ടില്ല. സാഹിത്യരംഗവും വ്യത്യസ്തമല്ല. എന്‍ പി മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീര്‍ പോലെയുള്ളവരുടെ വിയോഗാനന്തരം സര്‍ഗവൈഭവവും ധിഷണയുമുള്ള പ്രതിഭാധനര്‍ നമുക്കിടയില്‍ നിന്ന് വളരാതെ പോയി. സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. മുസ്‌ലിമേതര വിഭാഗങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. പക്ഷേ, മുസ്‌ലിംകളുടെ കാര്യം അങ്ങനെയാവരുതല്ലോ? അവര്‍ക്ക് പൂര്‍വിക പാരമ്പര്യവും ചരിത്രവും പാഠമാകേണ്ടതായിരുന്നു. ഏതെങ്കിലും ഒരു മേഖലയില്‍ ശ്രദ്ധേയനായ ഒരു സ്‌കോളറെ സംഭാവന ചെയ്യാന്‍ മുസ്‌ലിം സമുദായത്തിന് സാധിച്ചിട്ടില്ലെന്നത് വിദ്യാഭ്യാസ രംഗത്തെ നമ്മുടെ കനത്ത പരാജയത്തിന്റെ സൂചനയാണ്.
മോഡിസവും രാജ്യത്തിന്റെ ഭാവിയും
പ്രധാനമന്ത്രി മോഡിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭീഷണിയിലായിരിക്കുമെന്ന് നിസ്സംശയം പറയാം. കാരണം മോദി യഥാര്‍ഥ ഫാസിസ്റ്റാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി അതാണ് വ്യക്തമാക്കുന്നത്. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് അധികനാള്‍ പിന്നിട്ടിട്ടില്ല. ഇപ്പോള്‍ തന്നെ മോദി മന്ത്രിസഭയില്‍ രണ്ടാമതൊരു ശക്തിയില്ലെന്ന നിലയിലേക്ക് അതിവഗം കാര്യങ്ങളെത്തിയിരിക്കുന്നു. എല്ലാം അദ്ദേഹത്തിന്റെ കൈകളിലൊതുക്കി കഴിഞ്ഞു. ഇത് ഫാസിസ്റ്റ് രീതിയാണ്.
ഗുജറാത്തില്‍ മോദിയുടെ ഭവ്യക്തിപ്രഭാവം'മാത്രമേയുള്ളൂ. പാര്‍ട്ടിയില്ല. അമിത് ഷായെ ബി.ജെ.പിയുടെ പ്രസിഡന്റായി ഇപ്പോള്‍ അവരോധിച്ചത് പാര്‍ട്ടിയെ പൂര്‍ണമായും മോഡിയുടെ കൈകളില്‍ ഒതുക്കാന്‍ വേണ്ടി മാത്രമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ കപടവേഷമണിയുന്ന ഈ രീതി ഹിറ്റ്‌ലറുടെയും മുസോളിനിയുടേയുമൊക്കെ തുടര്‍ച്ചയാണ്. ആത്യന്തികമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മോദി കനത്ത ഭീഷണിയാണെന്നതില്‍ ഒരു സംശയവുമില്ല. മതേതര ജനാധിപത്യ സംവിധാനത്തെയും ഇത് തകര്‍ക്കും.
ജനങ്ങളില്‍ ആശയാധിഷ്ഠിതമായ മാറ്റമുണ്ടായത് കൊണ്ടല്ല, മോദി അധികാരത്തിലേറിയത്. 33ശതമാനം വോട്ടുകളേ ബി. ജെ.പിക്ക് സ്വന്തമായി ലഭിച്ചിട്ടുള്ളൂ. അവശേഷിക്കുന്ന 67ശതമാനം ഇപ്പുറത്തുണ്ട്. ഇത് ഭിന്നിച്ചതാണ് മോദിക്ക് അനുകൂലമായിത്തീര്‍ന്നത്. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുള്ള രണ്ട് ഗുരുതരമായ തെറ്റുകളാണ് ഇന്ത്യയുടെ ഭരണഗതി മാറ്റിമറിച്ചത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോവുകയും അതുവഴി സര്‍ക്കാറില്‍ നിന്ന് ജനങ്ങളെ അകറ്റുകയും ചെയ്തതാണ് ഒന്നാമത്തെ തെറ്റ്. മതേതര ശക്തികളെ ഒന്നിച്ചുനിര്‍ത്തിയാണ് ആദ്യത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ ഇത്തവണ മതേതര ശക്തികളെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ആരെയും കൂട്ടിന് കിട്ടാതെ മതേതര ശക്തികള്‍ ഭിന്നിച്ചുപോയി. കോണ്‍ഗ്രസ്സിന് സംഭവിച്ച രണ്ടാമത്തെ ഈ തെറ്റും ഗുരുതരമായിരുന്നു. ഉത്തര്‍പ്രദേശിലൊക്കെ മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു. ആദ്യ യു.പി.എ ഗവണ്‍മെന്റ് അധികാരമേല്‍ക്കുന്ന കാലത്ത് മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചിരുന്നില്ല. മതേതര ശക്തികളുടെ പ്രതിനിധികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്ന സമീപനമായിരുന്നു അന്ന് മുസ്‌ലിംകള്‍ സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസ്സിനും മുലായം സിംഗിനുമൊക്കെ അവര്‍ വോട്ടുകള്‍ നല്‍കി. ബി.ജെ.പിയെ തോല്‍പിക്കുക എന്നതായിരുന്നു അന്നത്തെ അജന്‍ഡ. അത്തരമൊരു നീക്കം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇല്ലാതെ പോയി. ഇതിന്റെ ഫലം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കാനിരിക്കുന്നു. അത് നിലനില്‍പിന്റെ ഭീഷണിയാവും.
വളരെ തന്ത്രപരമായ നീക്കങ്ങളാണ് ഇനി മോദിയുടെ ഭാഗത്തു നിന്ന് വരാനിരിക്കുന്നത്. വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞതുപോലെ, ഏക സിവില്‍കോഡ് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായിപ്രാബല്യത്തില്‍ വരിക തന്നെ ചെയ്യും. മേതതര ശക്തികള്‍ക്ക് ഇതിനെതിരില്‍ കാര്യപ്രസക്തമായി എന്തുചെയ്യാന്‍ കഴിയുമെന്നത് വലിയൊരു ഉത്കണ്ഠ തന്നെയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷസ്ഥാനം പോലും ലഭ്യമാവാത്ത വിധം അംഗസംഖ്യ കുറവായിരിക്കെ വിഷയങ്ങള്‍ കീറാമുട്ടിയാവും. ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്‌ലിംകളല്ലാത്ത മറ്റു മതേതര കക്ഷികള്‍ സജീവമായി രംഗത്തുവരുമോ എന്നതും സന്ദേഹമാണ്. അവരില്‍ പലരുടെയും മനസ്സിനുള്ളില്‍ ഏക സിവില്‍കോഡ് നടപ്പിലാവണമെന്ന ആഗ്രഹമാണുള്ളത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള പലതിനോടും മോഡി സര്‍ക്കാര്‍ പ്രതികൂല നിലപാടുകള്‍ സ്വീകരിക്കാന്‍ മാത്രമേ സാധ്യതകള്‍ കാണുന്നുള്ളൂ. മോഹന്‍ ഭഗവത് പ്രഖ്യാപിച്ചതു പോലെ ഇന്ത്യയുടേത് ഹൈന്ദവ സംസ്‌കാരമാണ് എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിത്തുടങ്ങും.
ഇന്ത്യയില്‍ ഇതുവരെ ബി.ജെ.പി അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്‌നം ശക്തനായ ഒരു ഫാസിസ്റ്റ് നേതാവില്ല എന്നതായിരുന്നു. എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും ജനാധിപത്യ സംസ്‌കാരത്തിലൂടെ വളര്‍ന്നുവന്നവരായതിനാല്‍ ഒരു പരിധിക്കപ്പുറം ജനാധിപത്യ വിരുദ്ധരാവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ നരേന്ദ്രമോദി ആര്‍.എസ്.എസിലൂടെയാണ് വളര്‍ന്നുവന്നത്. ജനാധിപത്യവുമായി ബന്ധമില്ലാത്ത ഫാസിസ്റ്റ് തീവ്രതയിലൂടെയാണ് അദ്ദേഹം നേതൃനിരയിലേക്ക് ഉയര്‍ന്നത്. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പോലുള്ള ഒരു നേതാവ് ഫാസിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഇല്ലായിരുന്നു എന്ന പ്രശ്‌നം മോഡിയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്നര്‍ഥം.
മുസ്‌ലിം സമുദായം ഒന്നിച്ചുനില്ക്കണമെന്ന് പഴയ കാലത്ത് പറഞ്ഞിരുന്നത് ആലങ്കാരികമായിട്ടായിരുന്നു. ഇപ്പോഴത് തികച്ചും അനിവാര്യമായിരിക്കുന്നു.
മുസ്‌ലിംകള്‍ ഐക്യപ്പെട്ട് രാജ്യത്തെ മതേതര കക്ഷികള്‍ക്ക് ശക്തി പകരുക എന്നതാണ് ഏറ്റവും കരണീയമായത്. ഇപ്പോള്‍ ബീഹാറില്‍ കണ്ടതുപോലെ മതേതര ശക്തികള്‍ ഒന്നിച്ചാല്‍ ബി ജെ പിയെ പരാജയപ്പെടുത്താം. ബീഹാര്‍ മാതൃക പരീക്ഷിക്കപ്പെട്ടാല്‍ വരുംകാല തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് വര്‍ഗീയ ശക്തികളെ നിഷ്പ്രഭരാക്കാന്‍ സാധിക്കുമെന്നത് സുനിശ്ചിതമാണ്. മോഡിയെ ചെറുതായി കാണുന്നതില്‍ അര്‍ഥമില്ല. ന്യൂനപക്ഷങ്ങളുടെ അസ്തിത്വം പോലും ചോദ്യംചെയ്യപ്പെടുന്ന രൂപത്തിലേക്ക് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ തിരസ്‌കരിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു കഴിഞ്ഞു. മതേതര ശക്തികള്‍ ഇത് അറിഞ്ഞു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാകൂ. ബീഹാര്‍ തെരഞ്ഞെടുപ്പ് അതിന് പാഠമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."