സിനിമാ താരം വാണി വിശ്വനാഥ് തെലങ്കാന രാഷ്ട്രീയത്തിലേക്ക്
ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സിനിമാതാരവും മലയാളിയുമായ വാണി വിശ്വനാഥ് തെലങ്കാന രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കും. എന്‍.ടി രാമറാവുവിന്റെ നായികയായി തെലുങ്കില്‍ അഭിനയിച്ച വാണി വിശ്വനാഥിന് തെലങ്കാന-ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ ഒരു മുഖവുരയുടെ ആവശ്യമില്ല.
തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) ടിക്കറ്റില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനായി ടി.ഡി.പി നേതാക്കള്‍ നിരവധി തവണ വാണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരുതീരുമാനം അവര്‍ ഇതുവരെ അറിയിച്ചിട്ടില്ല.
ടി.ഡി.പിയിലെ പ്രമുഖ വനിതാ നേതാവും സിനിമാ താരവുമായ റോജ രാജിവച്ച് വൈ.എസ്.ആര് കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബദലായി വാണിയെ ഉയര്‍ത്തിക്കാണിക്കാനാണ് ടി.ഡി.പി തീരുമാനം.
എന്‍.ടി രാമറാവു അഭിനയിച്ച സാമ്രാട്ട് അശോക് എന്ന സിനിമയില്‍ വാണി വിശ്വനാഥ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു. തെലുങ്കിന് പുറമെ മലയാളം തമിഴ്, ഹിന്ദി, കന്നഡ സിനിമകളിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്.
2014ല്‍ തെലങ്കാനയില്‍ ബി.ജെ.പിയുമായി ചേര്‍ന്നാണ് ടി.ഡി.പി മത്സരിച്ചത്. 14 അംഗങ്ങളാണ് ടി.ഡി.പിക്കുണ്ടായിരുന്നത്. പിന്നീട് ഇവരില്‍ പലരും രാജിവച്ച് മറ്റ് പാര്‍ട്ടികളിലേക്ക് പോയി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് നടക്കാനിരിക്കെ തെലങ്കാനയില്‍ തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങളാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."