വാക്കാണ് സത്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അത് പാലിക്കണം
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്ത കാലത്തായി നിരവധി ആരോപണങ്ങള്‍ക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ ഭരണ സമ്പ്രദായത്തെ പരുക്കേല്‍പ്പിക്കുന്ന ഇത്തരം സമീപനങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എ.കെ ജോതിയാണ് ഈ പ്രവണതക്ക് തുടക്കമിട്ടത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ ചീഫ് സെക്രട്ടറിയായിരുന്ന എ.കെ ജ്യോതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അവരോധിക്കപ്പെട്ടപ്പോള്‍ നരേന്ദ്രമോദിയോടുള്ള പ്രീണനം തുടരുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി ഹിമാചല്‍ തെരഞ്ഞെടുപ്പിനൊപ്പം പ്രഖ്യാപിക്കാതെ മോദിക്ക് അനുകൂലമായ സാഹചര്യം സ്യഷ്ടിക്കുകയായിരുന്നു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചുകൊണ്ടിരുന്ന ഗുജറാത്തില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ നരേന്ദ്രമോദിക്ക് സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു എ.കെ ജ്യോതി തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തിക്കൊണ്ട് .
ഗുജറാത്ത് തിയതി പ്രഖ്യാപിക്കാതിരുന്നത് പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് കള്ളം പറയുകയും ചെയ്തു എ.കെ ജ്യോതി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയോ മുന്‍പ് തന്നെ തീര്‍ന്നിരുന്നു. എ.കെ ജോതിയുടെ പാത തന്നെ പിന്തുടരുകയാണോ ഒ.പി റാവത്തും എന്ന് കരുതേണ്ടിയിരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഇത് പ്രഖ്യാപിക്കാനുള്ള സമയം 12.30ല്‍നിന്ന് ഉച്ച കഴിഞ്ഞ് മൂന്നിലേക്ക് നീട്ടിയത് രാജസ്ഥാനില്‍ നരേന്ദ്ര മോദിക്ക് റാലി നടത്താനുള്ള സൗകര്യത്തിന് വേണ്ടിയായിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ കത്തിക്കയറുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ ഒരു മണിക്കായിരുന്നു നരേന്ദ്രമോദി റാലിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. 12.30ന് ഒ.പി റാവത്ത് തെരഞ്ഞെടുപ്പ് തിയതി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. മോദിക്ക് പ്രസംഗിക്കാനും കഴിയില്ല. ഇത് മറികടക്കാനായിരിക്കണം ഒ.പി റാവത്ത് പ്രഖ്യാപനം വൈകിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യത്തിന് വേണ്ടിയാണ് സമയം മാറ്റിയതെന്ന് എ.കെ ജ്യോതിയെ അനുസ്മരിപ്പിക്കും വിധം കള്ളം പറയുകയും ചെയ്തു ഒ.പി റാവത്ത്. രാജസ്ഥാനില്‍ ബി.ജെ.പി തോല്‍ക്കുമെന്ന് നിരവധി സര്‍വേകള്‍ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നതാണ്. അത്തരമൊരു പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാനും കൂടിയായിരിക്കാം തെരഞ്ഞെടുപ്പ് കമ്മിഷനെ സമ്മര്‍ദത്തിലാക്കി ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പട്ടികയിലെ ക്രമക്കേടുകളെ ചൊല്ലി സുപ്രിംകോടതിയില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
രാജസ്ഥാനിലും മധ്യപ്രദേശിലും ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാരെ ബി.ജെ.പി സര്‍ക്കാര്‍ തിരുകിക്കയറ്റിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റും കമല്‍നാഥും നല്‍കിയ ഹരജി പരിഗണിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ സുപ്രിംകോടതി. സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് വ്യാജ വോട്ടര്‍പട്ടിക തയാറാക്കുകയായിരുന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദത്തെ പിച്ചിച്ചീന്തുന്നതായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ വാദമുഖങ്ങള്‍.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ വോട്ടര്‍പട്ടിക തന്നെ കോണ്‍ഗ്രസ് കോടതിയില്‍ ഹാജരാക്കി. 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെയാണ് ബി.ജെ.പി സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ തിരുകിക്കയറ്റിയിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കമ്മിഷന്‍ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് സുപ്രിം കോടതിയില്‍ പോകേണ്ടിവന്നത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ രൂക്ഷമായ വിമര്‍ശനമാണ് എ.കെ സിക്രിയുടെ ബെഞ്ച് രണ്ട് നാള്‍ മുന്‍പ് നടത്തിയത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.കെ ശേഷനെ മാതൃകയാക്കാന്‍ ഒ.പി റാവത്തിനോട് കോടതിക്ക് ആവശ്യപ്പെടേണ്ടിയും വന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അവരോധിക്കപ്പെട്ടതിന് ശേഷം ഒ.പി റാവത്തിന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് സംഘടന നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞത് ധാര്‍മികത നഷ്ടമായതാണ് ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു. വാക്ക് സത്യമാണെങ്കില്‍ തന്റെ ദൗത്യനിര്‍വഹണത്തിലും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. സീസറുടെ ഭാര്യ പരിശുദ്ധയായി തന്നെ നിലനില്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."