കട്ടച്ചിറ പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കി; പിന്നാലെ സംഘര്‍ഷവും
ആലപ്പുഴ: സുപ്രിംകോടതി വിധി നടപ്പാക്കിയതോടെ കായംകുളം കട്ടച്ചിറ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചതാണ് ഏറ്റുമുട്ടലിനു കാരണമായത്.
യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതോടെ പള്ളിയില്‍ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. നേരത്തെ പൊലിസിന്റെ സഹായത്തോടെ കോടതിയുടെ വിധി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പൊലിസിനെ പ്രദേശത്തേക്ക് എത്തിക്കരുതെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതോടെ നേരിയ സംഘര്‍ഷമുണ്ടായി.
ഇന്ന് (ശനിയാഴച) ഉച്ചയോടെയാണ് ഇടവക വികാരി ഫാ. ജോണ്‍സ് ഈപ്പന്റെ നേതൃത്വത്തില്‍ 30 അംഗ സംഘം പൊലിസ് സംരക്ഷണത്തില്‍ പള്ളിയില്‍ പ്രവേശിച്ചത്. അതേസമയം സുപ്രിംകോടതിയുടെ വിധി നടപ്പാക്കിയ സാഹചര്യത്തില്‍ പള്ളിയില്‍ ആരാധനാ കര്‍മങ്ങള്‍ നടത്തുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി.
ഞായറാഴ്ച മുതല്‍ കുര്‍ബാന ആരംഭിക്കുമെന്നും തങ്ങളുടെ വികാരി പള്ളിയില്‍ തന്നെ താമസിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ക്കുവേണ്ട സൗകര്യവും സുരക്ഷയും ഒരുക്കിക്കൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."