ഊര്‍ജ മേഖലയില്‍ ഇന്ത്യ -സഊദി ബന്ധം കൂടുതല്‍ ശക്തമാക്കും
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഊര്‍ജ മേഖലയില്‍ ഇന്ത്യ -സഊദി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. സഊദി ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹും ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ന്യൂഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളില്‍ ഇതിനുള്ള സാധ്യതകള്‍ വിശകലനം ചെയ്തു.
ഇന്ത്യയില്‍ എണ്ണ സംസ്‌കരണം, പെട്രോകെമിക്കല്‍സ്, എണ്ണ സംഭരണം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളില്‍ ഇന്ത്യ- സഊദി സഹകരണം ശക്തമാക്കാനാണ് തീരുമാനം.
ഇന്ത്യയില്‍ പെട്രോളിയം കരുതല്‍ ശേഖരം സ്ഥാപിക്കുന്നതിന് സഊദി അറേബ്യയെ ഇന്ത്യ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ആഗോള എണ്ണ വിപണിയിലെ സ്ഥിതിഗതികള്‍, എണ്ണ വിപണിയില്‍ സന്തുലനമുണ്ടാക്കുന്നതില്‍ സഊദി അറേബ്യക്കുള്ള മുന്‍നിര പങ്ക്, ഉല്‍പാദനം വെട്ടിക്കുറക്കുന്നതിന് പെട്രോള്‍ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉല്‍പാദകരും തമ്മിലുണ്ടാക്കിയ കരാര്‍ എന്നിവയെക്കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.
ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര സമുദ്ര ഗതാഗതം നേരിടുന്ന ഭീഷണികളും ആഗോള കപ്പല്‍ ഗതാഗതത്തേയും ഊര്‍ജ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ഇറാന്‍ നടത്തുന്ന ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ ചെറുക്കേണ്ടതിന് അന്താരാഷ്ട്ര സമൂഹം ശക്തമായും ഒറ്റക്കെട്ടായും പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സഊദി, ഇന്ത്യന്‍ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."