കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ, യദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായക നിമിഷങ്ങള്‍
സര്‍ക്കാരിനെ പിന്തുണക്കണമെന്ന് ഒരു വിഭാഗം ജെ.ഡി.എസ് അംഗങ്ങള്‍
ബംഗളൂരു: അധികാരത്തിലേറിയെങ്കിലും കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഇനി നിര്‍ണായക നിമിഷങ്ങള്‍. വിശ്വാസവോട്ട് എന്ന കടമ്പ കടക്കാന്‍ തിരക്കിട്ട കൂടിയാലോചനകളാണ് ബംഗളൂരുവില്‍ നടക്കുന്നത്. നാളെ രാവിലെ 10ന് സഭയില്‍ വിശ്വാസം തെളിയിക്കുമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അയോഗ്യരാക്കപ്പെടാത്ത വിമതരുടെ നിലപാടും സ്പീക്കറുടെ തീരുമാനവും വ്യക്തമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയരുകയാണ്. യഥാര്‍ഥത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുക അയോഗ്യരാകാത്ത വിമതരുടെയും സ്പീക്കറുടെയും നിലപാടാണ്. അതിനിടയില്‍ അയോഗ്യരാക്കപ്പെട്ട മൂന്ന് എം.എല്‍.എമാര്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നാളെയാണ് നിയമസഭ വീണ്ടും ചേരുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് 106 പേരുടെ പിന്തുണയോടെ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാം. മൂന്നു പേരെ മാത്രമാണ് അയോഗ്യരാക്കിയത്. 14 വിമതരുടെ കാര്യത്തില്‍ സ്പീക്കര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇവര്‍ മടങ്ങിവരികയും കോണ്‍ഗ്രസ് -ദള്‍ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്താല്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകും.
മറിച്ച് ഇന്നോ നാളെയോ ഇവരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്താല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകും.
വിമതരെ അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയും വേണം. അങ്ങനെ വന്നാല്‍ ഉപതെരഞ്ഞെടുപ്പാകും നിര്‍ണായകം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം വര്‍ധിക്കും. ഇതിനുള്ള നീക്കങ്ങളും ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. വിമതരെ ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ബി.ജെ.പി ക്യാംപില്‍ സജീവമാണ്. എന്നാല്‍ യദ്യൂരപ്പ സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അതിനിടയില്‍ കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ നാടകം അത്യന്തം സങ്കീര്‍ണമാകുകയാണ്. യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ അദ്ദേഹത്തിന് പിന്തുണ നല്‍കി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തയാറാകണമെന്ന വിചിത്ര ആവശ്യവുമായി ഒരു വിഭാഗം ജെ.ഡി.എസ് അംഗങ്ങള്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.
എം.എല്‍.എയും മുന്‍മന്ത്രിയുമായ ജി.ടി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചിട്ടില്ല.
അധികാരത്തില്‍നിന്ന് താഴെയിറങ്ങി നാല് ദിവസം കഴിഞ്ഞതിനുപിന്നാലെയാണ് പുതിയൊരു ചേരിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനവുമായി കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടങ്ങുന്നത്.
ഭാവികാര്യത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയതായും ചിലര്‍ പ്രതിപക്ഷത്ത് ഇരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ബി.ജെ.പിയെ പുറത്തുനിന്ന് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതായും ജി.ടി ദേവഗൗഡ പറഞ്ഞു.
എന്നാല്‍ എടുക്കുന്ന തീരുമാനത്തിന്റെ അവസാന വാക്ക് എച്ച്.ഡി കുമാരസ്വാമിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ക്കെതിരേ അവിശ്വാസം
കൊണ്ടുവരാന്‍ നീക്കം
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ പ്രഖ്യാപിച്ചിരിക്കെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനെതിരേയും ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് വിവരം. സ്പീക്കര്‍ സ്വയം രാജിവയ്ക്കാന്‍ തയാറായിട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.
ബി.ജെ.പിയുടെ പ്രധാന അജണ്ട സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയെന്നതാണ്. തുടര്‍ന്ന് ധനബില്‍ പാസാക്കും. ഇതിനുശേഷമായിരിക്കും സ്പീക്കര്‍ രാജിവയ്ക്കുമോ ഇല്ലയോ എന്ന് നോക്കി ഭാവിപരിപാടികള്‍ തീരുമാനിക്കുകയെന്നും ബി.ജെ.പി പറയുന്നു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."