മദ്യമാഫിയ: ജാഗ്രതാസമിതിയുമായി നാട്ടുകാര്‍
കീഴാറ്റൂര്‍: മദ്യ, മയക്കുമരുന്നു സംഘങ്ങള്‍ക്കെതിരേ ജാഗ്രതാസമിതിയുമായി നാട്ടുകാര്‍. കീഴാറ്റൂര്‍ പഞ്ചായത്തില്‍ നെന്മി പതിനെട്ടാം വാര്‍ഡ് കേന്ദ്രീകരിച്ചാണ് സമിതി രൂപീകരിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയത്. നെന്മിനി വില്ലേജിലെ വിവിധ പ്രദേശങ്ങളിലാണ് അനധികൃത മദ്യ-മയക്കുമരുന്നു വില്‍പന സജീവമായി നടക്കുന്നത്.
ഈ സാഹചര്യത്തിലാണ് ലഹരി വസ്തുക്കളുടെ വില്‍പന തടയുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുക തുടങ്ങിയ ലക്ഷ്യവുമായി സമിതിക്ക് രൂപം നല്‍കിയത്.
മന്തംകുണ്ട്, വളഞ്ഞത്താണി, വി.പി നഗര്‍ റോഡ്, അരിക്കണ്ടംപാക്ക് , മുത്തപ്പന്‍ കുണ്ട്, കാഞ്ഞിരക്കുളം, പടിഞ്ഞാറെ കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത മദ്യ വില്‍പന സജീവമായി നടക്കുന്നത്. മദ്യ വില്‍പനക്കാരുടെയും വാങ്ങാനെത്തുന്നവരുടെയും ശല്യം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിരവധി പരാതികളും ഉയരുന്നുണ്ട്.
പലപ്പോഴും പൊലിസോ എക്‌സൈസോ എത്തി പരിശോധന നടത്തിയാലും ഏതാനും ദിവസത്തിനുള്ളില്‍ ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമാകുയാണ് പതിവ്. ആദ്യപടിയായി കൗമാരക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്താനാണ് തീരുമാനം. വാര്‍ഡ് അംഗം എം. ഇന്ദിര അധ്യക്ഷയായി. നജ്മ യൂസുഫ്, കെ. സുനീഷ്, ടി.കെ റഷീദ്, മനുഭായി, കെ.പി ബീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."