കാടുപിടിച്ചു അമ്പര്ചര്ക്ക പരിശ്രമാലയം
അയിലൂര്‍: ദേശസ്നേഹത്തിന്റെ അടയാളമായി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കലും കൈത്തറയില്‍ നെയ്ത്തുനടത്തി ഒരു ഗ്രാമത്തിന്റെ അടയാളമായ അമ്പര്ചര്ക്ക പരിശ്രമാലയം കാടുകയറി നശിക്കുന്നു.
അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമം നാലാവിളക്കുതെരുവില് ഏഴുസെന്റില്‍ ഇരുനിലകളോടുകൂടിയ ഓടിട്ട കെട്ടിടമാണ് അനാഥമായി കാടുകയറി നശിച്ചത്. നെന്മാറ സ്വദേശിയായ സ്വാതന്ത്ര്യസമരഭടനായ ദൊരൈസ്വമി ചെട്ടിയാര്‍ എന്ന സിഡി സ്വാമിയാണ് കേരള ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1970-ല്‍ അമ്പര്ചര്ക്ക പരിശ്രമാലയം എന്നപേരില്‍ സ്ഥാപനം തുടങ്ങിയത്. സാധാരണ ചര്ക്കയില്നിന്നും വ്യത്യസ്തമായി നൂല് നൂല്‍ക്കലും പിന്നീട് കൈത്തറിയില്‍ നെയ്ത്തും നടത്തി എട്ടോളം വനിതകള്‍ അക്കാലത്ത് ജോലി ചെയ്തുവന്നിരുന്നു.
1983-ല്‍ ദൊരൈസ്വാമി മരിക്കുകയും തുടര്‍ന്ന് സ്ഥാപനം ഏറ്റെടുത്ത് നടത്താല്‍ ആളില്ലാതാകുകയും ചെയ്തതോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇതോടെ തൊഴിലെടുത്തിരുന്ന വനിതകള്‍ മറ്റ് തൊഴിലുകളിലേക്ക് മാറുകയും ചെയ്തു. സ്ഥാപനം പ്രവര്‍ത്തിക്കാതായതോടെ ചര്‍ക്കയും കൈത്തറിയും നശിക്കുകയും ചെയ്തു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സഹകരണ സ്ഥാപനമായിട്ടാണ് തുടക്കത്തില്‍ പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ സംഘത്തിന്റെ പ്രവര്‍ത്തനം നിന്നിട്ടും കെട്ടിടവും വസ്തുവകകളും സംരക്ഷിക്കാന്‍ ഖാദിബോര്‍ഡ് തയാറായില്ല.
ഇതോടെ 33 വര്‍ഷമായ കെട്ടിടം വള്ളിപടര്‍പ്പു കയറി, കെട്ടിടത്തിന്റെ മരഭാഗങ്ങള്‍ പൂര്‍ണമായി ചിതലരിച്ച് നശിക്കുകയാണ്.
ആള്പെരുമാറ്റമില്ലാതായതോടെ നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കേന്ദ്രമായതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. കെട്ടിടവും വസ്തുവകകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ വലിയതെരുവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ഇനി മഴപെയ്തു തുടങ്ങിയാല്‍ കെട്ടിടം പൂര്‍ണമായും വീണു നശിക്കുമെന്നതിനാല്‍ ബാക്കിയുള്ളതെങ്കിലും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."