മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയയാള്‍ അറസ്റ്റില്‍
മാനന്തവാടി: സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുടുംബത്തിലെ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാനന്തവാടി ആറാട്ടുതറയില്‍ താമസിക്കുന്നയാളും നഗരത്തിലെ സ്വര്‍ണപ്പണിക്കാരനുമായ പാലത്തിങ്കല്‍ സന്തോഷി (46)നെയാണ് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി കെ.പി കുബേരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇയാളാണ് മദ്യത്തില്‍ പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയത്. ഈ മദ്യം കഴിച്ചാണ് വെള്ളമുണ്ട മൊതക്കര കൊച്ചാറക്കോളനിയിലെ തിക്‌നായി (65), മകന്‍ പ്രമോദ്(35), ബന്ധു പ്രസാദ് (40) എന്നിവര്‍ ഈമാസം മൂന്നിന് മരിച്ചത്. കേസില്‍ ആദ്യം ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ട മാനന്തവാടി പഴശ്ശിനഗറിലെ സജിത് കുമാറിന് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് നീക്കി.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് പറയുന്നതിങ്ങനെ- 'മകളുടെ ചികിത്സക്കായി തിക്‌നായിയുടെ അടുക്കല്‍ സജിത് കുമാര്‍ സ്ഥിരമായി വരാറുണ്ട്. ഇങ്ങനെ ചികിത്സക്കായാണ് കഴിഞ്ഞ ദിവസം സജിത് തിക്‌നായിയുടെ വീട്ടിലെത്തിയത്.
മന്ത്രവാദത്തിനായി മദ്യം കരുതിയാണ് സജിത് അന്ന് എത്തിയത്. മദ്യപിക്കാത്തയാളും പൊതുപ്രവര്‍ത്തകനുമായ സജിത്തിന് സുഹൃത്തായ സന്തോഷാണ് മദ്യം വാങ്ങി നല്‍കിയത്. സജിത്തിനോട് മുന്‍വൈരാഗ്യമുള്ള സന്തോഷ് കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ സെപ്റ്റംബര്‍ 28ന് ബീവറേജില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ പൊട്ടാസ്യം സയനൈഡ് കലര്‍ത്തി മറ്റൊരു കുപ്പിയിലാക്കി നല്‍കുകയായിരുന്നു. നാലു വര്‍ഷം മുന്‍പ് സന്തോഷിന്റെ ഭാര്യാ സഹോദരന്‍ സതീശന്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സജിത്തും സതീശന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധമാണെന്ന് പ്രചരിച്ചിരുന്നു. ഇതിനുപുറമെ സന്തോഷിന്റെ ഭാര്യയെയും സംശയാസ്പദമായ സാഹചര്യത്തില്‍ സജിത്തിന്റെ കാറില്‍ കാണുകയുണ്ടായി. ഇതിലെല്ലാമുള്ള പ്രതികാരമായി കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു.
സജിത് മദ്യപിക്കാറില്ലെന്നും മകളുടെ രോഗം മാറുന്നതിനായി മന്ത്രവാദത്തിനാണ് മദ്യമെന്നും പ്രതി സന്തോഷിന് അറിവുണ്ടായിരുന്നില്ല. പ്രാഥമികാന്വേഷണത്തില്‍ സജിത് നല്‍കിയ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചെന്ന നിലയിലാണ് സജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."