പുകവലിച്ചതിന് വയോധികനെ എക്സൈസ് ജീവനക്കാര്‍ കൈയേറ്റം ചെയ്തതായി പരാതി
പേരാമ്പ്ര: വാല്യക്കോട് സ്വകാര്യവ്യക്തിയുടെ വയലില്‍ നിന്ന് പുക വലിക്കുകയായിരുന്ന വയോധികനെ എക്സൈസ് ജീവനക്കാര്‍ കൈയേറ്റം ചെയ്തതായി പരാതി. വാല്യക്കോട് മാറാടിക്കുനി കുഞ്ഞിമൊയ്തിയാണ്(65) പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
വാല്യക്കോട്ട് ഗെയില്‍ പൈപ്പ്ലൈനിന്റെ പ്രവൃത്തി നടക്കുന്ന വയലില്‍ നിന്ന് പുകവലിക്കുമ്പോള്‍ സമീപത്തെ പേരാമ്പ്ര-മേപ്പയ്യൂര്‍ റോഡിലൂടെ വരികയായിരുന്ന എക്സൈസ് സംഘം ഇയാളെ അടുത്തേക്ക് വിളിക്കുകയും പുകവലിച്ചതിന് 500 രൂപ ഫൈന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പൊതുസ്ഥലത്തു നിന്നല്ലാത്തതിനാല്‍ തരില്ലെന്ന് പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ ഇയാളുടെ മുടിക്കും കഴുത്തിനും പിടിച്ച് ജീപ്പില്‍ കയറ്റാന്‍ ബലം പ്രയോഗിച്ചു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഇടപെട്ട് 200 രൂപ ഫൈന്‍ അടക്കുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. അതേസമയം പുകവലിച്ചതിനു ഫൈന്‍ ഈടാക്കുക മാത്രമാണു ചെയ്തതെന്നും കൈയേറ്റം ചെയ്തതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിനേശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."