പ്രവേശനം ഉത്സവമാക്കും
കണ്ണൂര്‍: ജില്ലയില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളെ പൊതുവിദ്യാലയത്തിലേക്കയക്കാന് രക്ഷിതാക്കള്‍ കൂടുതലായി രംഗത്തെത്തി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരികെ തിരുമുറ്റത്ത് കാംപയിനും ശ്രമം വിജയത്തിലെത്തിക്കാന്‍ കാരണമായി.
പ്രവേശനവുമായി ബന്ധപ്പെട്ട് മുഴുവന്‍ കണക്കുകളും അധ്യയന വര്‍ഷം തുടങ്ങി ആറ് ദിവസം കഴിഞ്ഞാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. നിലവില്‍ ലഭിച്ച കണക്കു പ്രകാരം ഓരോ സ്കൂളിലും കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനവുണ്ട്.
തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്കൂളില്‍ 140 കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് ഇതിനകം പ്രവേശനം നേടിയത്. വെള്ളൂര്‍ ജി.എല്‍.പിയില്‍ 110 കുട്ടികളും പാനൂര്‍ മൊകേരി ഈസ്റ്റ് യു.പി സ്കൂളില്‍ 108 കുട്ടികളാണ് പുതുതായി ചേര്‍ന്നത്.
മയ്യില്‍ എല്‍.പിയില്‍ 118 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് എത്തിയത്. ഇതില്‍ സെന്റ് ജോണ്‍സ്, വെള്ളൂര്‍ ജി.എല്‍.പി എന്നിവിടങ്ങളില്ലൊം ക്ലാസ് സൗകര്യങ്ങളുടെ പരിമിതി കാരണം പ്രവേശനം അവസാനിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ഏഴ് കുട്ടികള്‍ മാത്രമുണ്ടായിരുന്ന കാഞ്ഞിരങ്ങാട് കൃഷ്ണമാരാര്‍ എ.എല്‍.പി സ്കൂളില്‍ ഈ വര്‍ഷം 77 വിദ്യാര്‍ഥികളാണ് ആദ്യാക്ഷരം നുകരാന്‍ ചേര്‍ന്നിരിക്കുന്നത്. രണ്ട് മുതലുള്ള ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം തേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന പ്രകടമാണ്. മൊകേരി ഈസ്റ്റ് യു.പിയില്‍ രണ്ടു മുതല്‍ ഏഴ് വരെ ക്ലാസുകളിലേക്ക് 65 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."