സഊദില്‍ ബഖാലകളില്‍ ബിനാമി ഇടപാട് തടയാന്‍ പുതിയ നിയമം
ജിദ്ദ: സഊദില്‍ ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളിലെയും ബിനാമി ഇടപാടുകള്‍ തടയുന്നതിന് മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതിനടത്താന്‍ ബിനാമി വിരുദ്ധ പദ്ധതിയുടെ ദേശീയസമിതി നീക്കം നടത്തുന്നതായി സമിതി സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹിജാര്‍ വ്യക്തമാക്കി. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രിയുമായ ഡോ. മാജിദ് അല്‍ഖസബി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.
വാണിജ്യതട്ടിപ്പിലൂടെ വിദേശികള്‍ ഒന്നാകെ കൈവശംവെച്ചിട്ടുള്ള ഇത്തരം മേഖലകളിലേക്ക് സ്വദേശികളെ കടന്നുചെല്ലാന്‍ പ്രാപ്തരാക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍നിന്ന് സഹായധനം കണ്ടെത്തുമെന്നും സല്‍മാന്‍ അല്‍ ഹിജാര്‍ പറഞ്ഞു.
ബാങ്കുകളുമായി സഹകരിച്ച് ചെറുകിട, മൈക്രോ റീട്ടെയില്‍ പ്രോജക്ടുകള്‍ക്ക് സഹായധന പദ്ധതികള്‍ കണ്ടെത്തുന്നതിന് ഈ പ്രോഗ്രാം ആഗ്രഹിക്കുന്നുവെന്ന് കിഴക്കന്‍ മേഖലാ ചേംബറില്‍ നടന്ന യോഗത്തില്‍ അല്‍ഹിജാര്‍ പറഞ്ഞു. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെയും സഊദി മോണിറ്ററി അതോറിറ്റിയുടെയും സഹകരണത്തോടെ ഇലക്‌ട്രോണിക് ബില്ലുകള്‍ നല്‍കാനും ഷോപ്പുകളില്‍ ബില്ലിങ്ങിനായി പുതിയ സാങ്കേതികവിദ്യ നടപ്പാക്കാനും ആവശ്യപ്പെടും. എല്ലാ ബഖാലകളിലും സമാന ഷോപ്പുകളിലും ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുകയും ചെയ്യും.
ചെറുകിട കച്ചവട മേഖലകളിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും കൃതൃത നിരീക്ഷിക്കുന്നതിനും വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് ആധുനിക ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടും. പുതിയ നിര്‍ദേശങ്ങളുടെ കരട് രേഖ തയ്യാറായതായും താമസിയാതെത്തന്നെ ശൂറാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും സമിതി സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹിജാര്‍ വൃക്തമാക്കി.
പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഇതാണ്:
$ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ സൗദി നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായിരിക്കണം. മുന്‍വശം സുതാര്യമായ ചില്ലുകള്‍ കൊണ്ട് നിര്‍മിച്ചതായിരിക്കണം
$ സ്ഥാപനത്തിന് ട്രേഡ്മാര്‍ക്ക് ഉണ്ടെങ്കില്‍ 30080 വലിപ്പമുളള നെയിം ബോര്‍ഡ് സ്ഥാപിച്ചിരിക്കണം. സ്ഥാപനത്തിന്റെ മുന്‍വശത്തിന്റെ വീതിക്ക് അനുസൃതമായാണ് ബോര്‍ഡ് സ്ഥാപിക്കേണ്ടത്. അധിക വലിപ്പം പാടില്ല.
$ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നമ്പറും നെയിം ബോര്‍ഡില്‍ രേഖപ്പെടുത്തണം.
$ സ്വന്തമായി ട്രേഡ്മാര്‍ക്കില്ലാത്ത മുഴുവന്‍ ബഖാലകളുടെയും മിനിമാര്‍ക്കറ്റുകളുടെയും നെയിം ബോര്‍ഡുകള്‍ക്ക് ഏകീകൃത രൂപത്തിലുള്ള നെയിം ബോര്‍ഡായിരിക്കും.
$ സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തിയ യൂനിഫോം മുഴുവന്‍ ജീവനക്കാരും ധരിക്കണം.
$ ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സുഗമമായി സഞ്ചരിക്കുന്നതിന് മതിയായ വിശാലത സ്ഥാപനങ്ങള്‍ക്കകത്തുണ്ടായിരിക്കണം.
$ സ്ഥാപനങ്ങള്‍ക്കകത്ത് കുടുസ്സുണ്ടാക്കുന്ന രീതിയില്‍ ഉല്‍പന്നങ്ങള്‍ അട്ടിവെക്കാനോ ഉപകരണങ്ങള്‍ സ്ഥാപിക്കാനോ പാടില്ല.
$ ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് യൂനിഫോമില്‍ തൂക്കണം.
$ പുതുതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പുതിയ നിയമാവലി ബാധകമായിരിക്കും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമാവലി അനുസരിച്ച് പദവി ശരിയാക്കുന്നതിന് 24 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
അതേ സമയം ബഖാല, മിനിമാര്‍ക്കറ്റ് മേഖലയില്‍ ബിനാമി പ്രവണതക്ക് വലിയ ഒരളവോളം തടയിടുന്നതിന് പുതിയ നടപടി സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം പദ്ധതികളുടെ ഭാഗമായാണ് ബഖാല നിയമാവലി പരിഷ്‌കരിച്ചിരിക്കുന്നത്. ബഖാലകളും മിനിമാര്‍ക്കറ്റുകളും വഴി നല്‍കുന്ന സേവനങ്ങളുടെയും വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെയും ഗുണമേന്മ ഉയര്‍ത്തുന്നതിന് പുതിയ നിയമാവലി സഹായകമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."