വീണ്ടും സമ്മാനത്തട്ടിപ്പ്; ഇത്തവണ വഞ്ചിക്കപ്പെട്ടത് ആദിവാസി യുവാവ്
കാളികാവ്: തപാല്‍ മുഖേനയുള്ള തട്ടിപ്പിന് ആദിവാസി യുവാവ് ഇരയായി. ചോക്കാട് നാല്പതു സെന്റ് കോളനിയിലെ യുവാവാണ് വഞ്ചിതനായത്. മൊബൈല്‍ ഫോണില്‍ രണ്ടു ദിവസംമുന്പാണ് സമ്മാനത്തിനര്ഹനായതായി സന്ദേശം വന്നിരുന്നത്.
സാംസങ് ജെ.ടു ഫോണാണ് സമ്മാനമെന്നറിയിച്ചിരുന്നു. ഇന്നലെ കോളനിയില്‍ യുവാവിനെത്തേടി സമ്മാനപ്പൊതിയുമായി തപാല്‍ വകുപ്പധികൃതര്‍ എത്തി. പൊതിയഴിച്ചുനോക്കാന് അനുവാദമില്ലെന്ന് അധികൃതര്‍ പറഞ്ഞു. 3,250 രൂപ അടച്ചാല്‍ തപാല്‍ കൈമാറാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പണം സംഘടിപ്പിക്കാന്‍ ഒരുങ്ങി. പണം കടംവാങ്ങിച്ചാണ് നല്‍കിയത്. പൊതി തുറന്നുനോക്കിയപ്പോഴാണ് അമളി മനസിലായത്. 50 രൂപപോലും വിലമതിക്കാത്ത ചില വിഗ്രഹരൂപങ്ങളും തകിടുകളുമാണ് പൊതിയിലുള്ളത്.
ഉടനെ സമ്മാനപ്പെട്ടിയില്‍ കണ്ട ഫോണ്‍ നമ്പറില്‍ തിരിച്ചുവിളിച്ചു. സമ്മാനപ്പൊതി മാറിയെന്നും പണം തിരിച്ചുനല്‍കാമെന്നുമാണ് അവര്‍ അറിയിച്ചത്. വീണ്ടും വിളിച്ചെങ്കിലും ഫോണെടുക്കാന്‍ കൂട്ടാക്കിയില്ല. ഫസ്റ്റ് ആധുനിക് ഗിഫ്റ്റ്സ് ഡെല്‍ഹി എന്ന മേല്‍വിലാസമാണ് പെട്ടിയിലുള്ളത്. തുടര്‍ന്നു യുവാവ് കാളികാവ് പൊലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും കേസെടുത്തിട്ടു കാര്യമില്ലെന്നറിയിച്ചു പൊലിസ് മടക്കിയയച്ചു. ഇത്തരം സമ്മാനപ്പൊതികള്‍ വന്നാല്‍ ആരും വിലകൊടുത്തു വാങ്ങിക്കരുതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."