ബാര്‍ അസോസിയേഷന്‍ പ്രമേയം കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമം: കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും പൊലിസ് സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്ത ടൗണ്‍ എസ്.ഐ പി.എം വിമോദിനെ ന്യായീകരിച്ച് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയം വസ്തുതകള്‍ക്ക് നിരക്കാത്തതും കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂരും സെക്രട്ടറി എന്‍. രാജേഷും പ്രസ്താവനയില്‍ പറഞ്ഞു.
ശനിയാഴ്ച കോടതി വളപ്പിലുണ്ടായ സംഭവത്തില്‍ പൊലിസിന് വീഴ്ചയുണ്ടായതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. പൊലിസ് മേധാവി തന്നെ വീഴ്ച പറ്റിയതായി സമ്മതിക്കുമ്പോള്‍ എസ്.ഐയെ ന്യായീകരിക്കുന്ന ബാര്‍ അസോസിയേഷന്റെ നിലപാട് ദുരൂഹമാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഏറ്റുമുട്ടിയപ്പോള്‍ കോഴിക്കോട് സൗഹൃദം നിലനിര്‍ത്തിയാണ് മുന്നോട്ടുപോയത്. ഈ ബന്ധം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണിത്. വസ്തുതകള്‍ വളച്ചൊടിക്കുന്ന അഭിഭാഷക സംഘടനയുടെ നിലപാട് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണ്. ഇത്രയേറെ അതിക്രമം എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായിട്ടും അതിനെ ന്യായീകരിക്കുന്ന ബാര്‍ അസോസിയേഷന്റെ നടപടി പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും യൂനിയന്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."