പാത്രിയര്‍ക്കീസ് വിഭാഗം കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: സുപ്രിംകോടതി വിധി നടപ്പാക്കിയ കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം കലാപമുണ്ടാക്കി പള്ളി പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്.
കോടതിവിധി നടപ്പാക്കിയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് വരുത്തിത്തീര്‍ക്കാന്‍ പാത്രിയര്‍ക്കീസ് വിഭാഗം മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
കട്ടച്ചിറ പള്ളിയില്‍ വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം ഒരുതരത്തിലും ഓര്‍ത്തഡോക്‌സ് സഭ നിഷേധിച്ചിട്ടില്ല. പ്രാര്‍ഥിക്കുവാനെന്ന വ്യാജേന വലിയ സംഘമായെത്തി പള്ളിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇടവകാംഗങ്ങളായ വിശ്വാസികള്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്നതിന് യാതൊരു തടസവുമില്ല. കട്ടച്ചിറ പള്ളിയില്‍ ഇടവക ചേരാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
കോടതിവിധി അനുകൂലമായിട്ടും വിധി നടപ്പാക്കാത്ത പള്ളികള്‍ക്കുവേണ്ടി കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യും. പിറവം സെന്റ് മേരീസ് പള്ളി, തൃശൂര്‍ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി, മംഗലം ഡാം സെന്റ് മേരീസ് പള്ളി, എരിക്കുംചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് എന്നിവിടങ്ങളില്‍ ഇതുവരെ കോടതിവിധി നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."