ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി: ജില്ലയില്‍ പ്രവൃത്തി അന്തിമഘട്ടത്തില്‍
കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍ദ്ദിഷ്ട കൊച്ചി-മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ണതയിലേക്ക്.
കാസര്‍കോട് ജില്ലയിലെ നീലേശ്വരം മുതല്‍ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി വരെ നീളുന്ന 110 കിലോമീറ്റര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 3 എ, 3 ബി സ്‌പ്രെഡുകളാണു കണ്ണൂര്‍ ഓഫിസ് പരിധിയിലുള്ളത്. ഇതില്‍ ജില്ലയിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ കടവത്തൂര്‍ മുതല്‍ പെരളം വില്ലേജിലെ പുത്തൂര്‍ വരെയുള്ള 83 കിലോമീറ്ററിലും പൈപ്പ് വിന്യാസം പൂര്‍ത്തിയായി. ഇതില്‍ 73 കിലോമീറ്റര്‍ നീളത്തില്‍ വെല്‍ഡിങ് പൂര്‍ത്തിയാക്കി പൈപ്പ് ഭൂമിക്കടിയിലേക്ക് താഴ്ത്തി.
2017 ഓഗസ്റ്റില്‍ ജില്ലയില്‍ ആരംഭിച്ച പദ്ധതി പ്രവൃത്തിയുടെ ഭാഗമായുള്ള സര്‍വേ നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.
83 കിലോമീറ്റര്‍ നീളത്തില്‍ 20 മീറ്റര്‍ ഭൂമിയുടെ ഉപയോഗാവകാശമാണു പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
ഇതില്‍ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ 10 മീറ്റര്‍ ഉടമകള്‍ക്കു തിരികെ നല്‍കും. ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയിലെയും വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇനത്തില്‍ കണ്ണൂര്‍ ഓഫിസിനു കീഴില്‍ ആകെ 45.44 കോടി രൂപ വിതരണം ചെയ്തു.
ജില്ലയില്‍ ആകെയുള്ള 5042 പേരില്‍ 4184 പേര്‍ക്കു തുക നല്‍കാനായി. ഏറ്റെടുത്ത പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും മറ്റുമുള്ള നഷ്ടപരിഹാര വിതരണവും ആരംഭിച്ചിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കുന്ന 10 മീറ്റര്‍ ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ അഞ്ചു പുഴകളിലൂടെയും പൈപ്പ്‌ലൈന്‍ കടന്നുപോകുന്നുണ്ട്. പെരുമ്പ, കുപ്പം, വളപട്ടണം പുഴയിലൂടെ പൈപ്പ് ഇടുന്ന ജോലി പൂര്‍ത്തിയായി.
അഞ്ചരക്കണ്ടി, എരഞ്ഞോളി പുഴകളാണു ബാക്കിയുള്ളത്. ഹൊറിസോണ്ടല്‍ ഡയറക്ഷനല്‍ ഡ്രില്ലിങ് (എച്ച്.ഡി.ഡി) മെഷീന്‍ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടില്‍ നിന്നു 10 മീറ്റര്‍ താഴ്ചയിലൂടെയാണു പൈപ്പുകള്‍ കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."