ചവറ: ചവറയിലെ നാച്വറല്‍ ഫൈബര്‍ പാര്‍ക്കില്‍ ഷിഫ്റ്റ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ നിയമിക്കുമെന്ന് ധന, കയര്‍ വകുപ്പ് മന്ത്രി തോമസ് ഐസക്ക്. ചവറ ഭരണിക്കാവിലെ നാച്വറല്‍ ഫൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. പ്രകൃതിദത്ത നാരുകളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചതാണ് ഫൈബര്‍ പാര്‍ക്ക്. 700 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് അവകാശപ്പെട്ട് സ്ഥാപിച്ച പാര്‍ക്കില്‍ തൊഴിലവസരങ്ങളില്ലാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് എം.എല്‍.എ എന്‍ വിജയന്‍ പിള്ളയുടെ അഭ്യര്‍ഥനയില്‍ മന്ത്രി ഫൈബര്‍ പാര്‍ക്കിലെത്തിയത്. പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന മിഷനറികളും ഉല്‍പ്പാദനവും മന്ത്രി നേരിട്ട് വിലയിരുത്തി.
ഇവിടെ മൂന്ന് ഷിഫ്റ്റും പ്രവര്‍ത്തന സജ്ജമായാലും 33 പേര്‍ക്കാണ് ആകെ തൊഴില്‍ നല്‍കാന്‍ കഴിയുന്നത്. ചണവും കയറും ഉപയോഗിച്ചുള്ള കിടക്കകള്‍, കയര്‍ടൈല്‍ എന്നിവ ഉല്‍പ്പാദിപ്പിക്കും. ചകിരി ഉത്പാദിപ്പിക്കുന്നതിനുള്ള മില്ലുകള്‍ സ്ഥാപിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ചകിരിമില്ലുകളിലെ ബേബി ഫൈബര്‍ ഇവിടെ എത്തിച്ച് ഉല്‍പ്പാദനം നടത്തും. നാച്വറല്‍ ഫൈബര്‍ പാര്‍ക്കിനെ തലയിണ ഉല്‍പ്പാദന യൂണിറ്റാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. യൂണിറ്റിനെ വിപുലപ്പെടുത്തുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്കായി അടുത്ത വര്‍ഷം ഗോഡൗണ്‍ ഉള്‍പ്പടെയുള്ള സംവിധാനം ഒരുക്കും. കയര്‍ഫെഡ് പണം ചിലവഴിച്ച് ചവറയിലുള്ള കയര്‍ സൊസൈറ്റികള്‍ നവീകരിച്ച് കുടുംബശ്രീയുടെ കൂടി സഹായത്തോടെ കയര്‍ വ്യവസായം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എന്‍.വിജയന്‍ പിള്ള എം.എല്‍.എ, കയര്‍ഫെഡ് ജനറല്‍ മാനേജര്‍ ബി.സുനില്‍, ജനപ്രതിനിധികളായ ഗംഗ, സക്കീര്‍ ഹുസൈന്‍, വി. ജ്യോതിഷ്‌കുമാര്‍, ജി.ആര്‍.ഗീത, രമാദേവി, റോബിന്‍സണ്‍, ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളായ പത്മകുമാര്‍, എസ്.എല്‍. സജികുമാര്‍, ടി. മനോഹരന്‍, ഐ.ഷിഹാബ് എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."