ഇല്ലാത്ത മാനദണ്ഡം പറഞ്ഞ് സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നിരസിക്കുന്നു
മലപ്പുറം: ഇല്ലാത്ത മാനദണ്ഡം പറഞ്ഞ് സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തടയുന്നു. ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകളാണ് ഇല്ലാത്ത വ്യവസ്ഥയുടെ പേരുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചയക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ നിരസിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി, ഡിഗ്രിതലം മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ മുന്‍വര്‍ഷത്തെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ഇത്തരത്തില്‍ ഓണ്‍ലൈനില്‍ നല്‍കുന്ന അപേക്ഷ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കണമെന്നതാണ് വര്‍ഷങ്ങളായി തുടരുന്ന രീതി. 50,000ത്തിലധികം രൂപയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ഏഴ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദേശമുള്ളൂ. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി അപ്‌ലോഡ് ചെയ്തില്ലെന്ന കാരണം പറഞ്ഞ് മുഴുവന്‍ അപേക്ഷകളും നിരസിച്ചിരിക്കുകയാണ് ഇപ്പോള്‍.
അവസാന തിയതിക്കകം അപേക്ഷകന്‍ വീണ്ടും ലോഗിന്‍ ചെയ്ത് ഏഴോളം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് ഇതുസംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ്തല വിശദീകരണം. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഈ മാസം 31നാണ്. കേന്ദ്രസര്‍ക്കാരിന്റെ പതിനഞ്ചിന പരിപാടിയുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ന്യൂനപക്ഷ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നുണ്ട്. അപേക്ഷയക്കായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലും 50,000ത്തിലധികം രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ മാത്രമേ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുവിരുദ്ധമായാണ് കേരളത്തില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപാകത ചൂണ്ടിക്കാട്ടി പരിഗണിക്കാതിരിക്കുന്നത്. അപേക്ഷ അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ക്ക് എസ്.എം.സ് സന്ദേശം കൂട്ടത്തോടെ ലഭിച്ചതോടെയാണ് സ്ഥാപന മേധാവികളുടെ ശ്രദ്ധയിലും പ്രശ്‌നം എത്തിയിരിക്കുന്നത്. അപേക്ഷ നല്‍കാനുള്ള അവസാന തിയതി തന്നെയാണ് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ വെരിഫിക്കേഷന്‍ നടത്തുന്നതിനുള്ള അവസാന തിയതിയും. അവസാനഘട്ടത്തില്‍ സ്ഥാപന മേധാവികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് വീണ്ടും രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ അവസരം ലഭിക്കില്ലെന്നതും പ്രശ്‌നമാണ്. 3,000 മുതല്‍ പതിനായിരം രൂപവരെയാണ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കുക. ഇല്ലാത്ത മാനദണ്ഡം പറഞ്ഞ് സംസ്ഥാനതല വെരിഫിക്കേഷനിലുടെ അപേക്ഷ നിരസിക്കുന്നത് കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമാവാന്‍ കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."