കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി
മംഗളൂരു: പ്രമുഖ വ്യവസായിയും കഫേ കോഫി ഡേ സ്ഥാപകനുമായ വി.ജി.സിദ്ധാര്‍ഥ ഹെഗ്‌ഡെയുടെ (60) മൃതദേഹം നേത്രാവതി പുഴയില്‍നിന്നു കണ്ടെടുത്തു. ഇന്നലെ രാവിലെ 6.30 നു മംഗളൂരു ബോളാര്‍ ഹൊയിഗെ ബസാര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
നേത്രാവതി പുഴ കടലിനോട് ചേരുന്ന ഭാഗത്ത് മൃതദേഹം ഒഴുകുന്നത് കണ്ട തൊഴിലാളികള്‍ കരക്കെത്തിക്കുകയായിരുന്നു.
നേത്രാവതി പാലത്തില്‍ നിന്നു രണ്ടര കിലോമീറ്ററോളം ദൂരത്താണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗളൂരു- കാസര്‍കോട് ദേശീയപാതയില്‍ നേത്രാവതി പാലത്തില്‍ സിദ്ധാര്‍ഥയെ കാണാതായത്.
സിദ്ധാര്‍ഥിന്റെ മൊബൈല്‍ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് നേത്രാവതി പാലത്തിനു മുകളില്‍വച്ചാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമെ സംഭവ ദിവസം രാവിലെ ബംഗളൂരുവില്‍നിന്നു മംഗളൂരുവിലേക്ക് ഡ്രൈവറോടൊപ്പം കാറില്‍ വന്ന സിദ്ധാര്‍ഥ് നേത്രാവതി പാലത്തിനു മുകളില്‍ വച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും താന്‍ അല്‍പം നടന്നു വരാമെന്നു പറഞ്ഞു ഫോണില്‍ സംസാരിച്ചു കൊണ്ട് പാലത്തില്‍ കൂടി നടന്നു പോവുകയായിരുന്നു.
പിന്നീട് ഇയാളെ കാണാതായതായി.
പാലത്തിന്റെ മുകളില്‍നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരുവിലെ അഗ്‌നിരക്ഷാ സേന, പൊലിസ്, കര്‍ണാടക - കേരള കോസ്റ്റല്‍ പൊലിസ്, രക്ഷാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തെരച്ചില്‍ നടത്തി വരുകയായിരുന്നു.
ഇതിനു പുറമെ നേവിയുടെ ബോട്ടും ഹെലികോപ്റ്ററും തെരച്ചിലില്‍ സംബന്ധിച്ചിരുന്നു.
വിവിധ സംഘങ്ങള്‍ 34 മണിക്കൂര്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെടുക്കാനായിരുന്നില്ല. അതിനിടെയാണ് ഇന്നലെ രാവിലെ ബോളാറിലേ ഐസ് ഫാക്ടറിക്ക് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ മൃതദേഹം പുഴയില്‍ ഒഴുകുന്നതു കണ്ടത്.
പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10.30ന് മംഗളൂരുവിലെ വെന്‍ലോക് ഗവ.ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൂഡിഗരെയില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ഇതിനു ശേഷം ചിക്കമംഗളൂരുവിലെ ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയില്‍ എത്തിച്ച മൃതദേഹത്തില്‍ കുടുംബാംങ്ങങ്ങളും മറ്റു പ്രമുഖരും ആദരാഞ്ജലി അര്‍പ്പിച്ചു.
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാര സ്വാമി, കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍, കര്‍ണാടകയിലെ എം.എല്‍.എമാര്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് മൃതദേഹം സ്വന്തം നാടായ ചേതന ഹള്ളിയിലേക്കു കൊണ്ടുപോയി രാത്രിയോടെ സംസ്‌കരിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ- പ്രേമ കൃഷ്ണ ദമ്പതികളുടെ മകള്‍ മാളവികയാണ് സിദ്ധാര്‍ഥിന്റെ ഭാര്യ. മക്കള്‍: അമര്‍ത്യ, ഇഷാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."