ഇന്ത്യ ചന്ദ്രനിലേക്ക്
ഇന്ത്യയുടെ ചന്ദ്രപര്യവേഷണ ദൗത്യത്തിന്റെ പേരാണ് ചന്ദ്രയാന്‍. 2008 ഒക്ടോബര്‍ 22 ന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് ഈ ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം നടന്നത്. 2008 നവംബര്‍ 8 ന് ചന്ദ്രയാന്‍ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും നവംബര്‍ 14 ന് മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രനില്‍ പതിക്കുകയും ചെയ്തു.
ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് സുപ്രധാനമായ വിവരങ്ങള്‍ ഈ ദൗത്യത്തിലൂടെ ലഭ്യമാകുകയുണ്ടായി. 2009 ഓഗസ്റ്റ് 28 നാണ് ചന്ദ്രയാനില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതെയായത്. ഇതിനെത്തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ ചന്ദ്രയാന്‍ 1 ദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചു.312 ദിവസമാണ് ചന്ദ്രയാന്‍ ചന്ദ്രനെ പ്രദക്ഷിണംവച്ചത്. 386 കോടി രൂപയുടെ ചെലവാണ് ഈ ദൗത്യത്തിനുണ്ടായത്.
ഡോ.കസ്തൂരി രംഗന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരിക്കേയാണ് ചന്ദ്രയാന്‍ പദ്ധതിയെക്കുറിച്ച് ആദ്യമായി ചിന്തിച്ചു തുടങ്ങിയത്. 380കോടി രൂപയായിരുന്നു പദ്ധതിക്ക് വേണ്ടി വകയിരുത്തിയത്. ആദ്യഘട്ടത്തില്‍ നിരവധി എതിര്‍പ്പുകളും ആശങ്കകളും ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചുണ്ടായിരുന്നു.
ഇത്തരം ആശങ്കകളെ ദുരീകരിക്കാനും ചാന്ദ്രയാത്രയെക്കുറിച്ചുള്ള ചിന്തകള്‍ യുവഗവേഷകരിലുണ്ടാക്കാനുമായി 1999 ഒക്ടോബറില്‍ ലകനൗവില്‍ ഒരു സയന്‍സ് സെമിനാര്‍ അദ്ദേഹം സംഘടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം അഹമ്മദാബാദില്‍വച്ചു നടന്ന അസ്‌ട്രോണമിക്കല്‍ സൊസൈറ്റി സമ്മേളനത്തിലാണ് ചാന്ദ്രയാത്രയുടെ ആവശ്യകത ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ചത്.
ഇതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ചാന്ദ്രയാത്രയുടെ സാധ്യതയെക്കുറിച്ച് പഠിക്കുവാനായി ഡോ.ജോര്‍ജ്ജ് ജോസഫിനെ നിയമിക്കുകയും ചെയ്തു. കസ്തൂരി രംഗന്‍ വിരമിച്ച ശേഷം സ്ഥാനമേറ്റ ഡോ.മാധവന്‍ നായര്‍ ചന്ദ്രയാന്‍ യാത്രാ പദ്ധതികള്‍ വളരെ വേഗത്തില്‍ മുന്നോട്ടുകൊണ്ടു പോകുകയും കേന്ദ്ര മന്തിസഭയുടെ അംഗീകാരം നേടുകയും ചെയ്തു.
നീണ്ടുപോയ വിക്ഷേപണം
2008 ലാണ് ചന്ദ്രയാന്‍ ഒന്ന് വിജയകരമായി കണക്കാക്കുന്നത്. ഒരു വര്‍ഷം മുമ്പുതന്നെ ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ള കരുക്കള്‍ ഇന്ത്യ നീക്കിത്തുടങ്ങിയിരുന്നു. 2010-11 വര്‍ഷങ്ങളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്താന്‍ സാധിക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. 2008 ല്‍ കേന്ദ്രസര്‍ക്കാര്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന് അനുമതി നല്‍കുകയും 2009 ല്‍ പേടകത്തിന്റെ രൂപകല്‍പ്പന പൂര്‍ത്തീകരിക്കുകയും ചെയ്തു. ആദ്യം തീരുമാനിച്ചതില്‍നിന്നു വ്യത്യസ്തമായി 2013 ജനുവരിയിലേക്ക് വിക്ഷേപണം മാറ്റിവച്ചു. ആ സമയത്താണ് റഷ്യയുടെ ചൊവ്വാദൗത്യം പരാജയപ്പെടുന്നതും ചന്ദ്രയാന്‍ രണ്ടിന് ലാന്‍ഡര്‍ സംവിധാനമൊരുക്കാമെന്നേറ്റ റഷ്യ ദൗത്യത്തില്‍നിന്നു പിന്മാറിയതും. വിക്ഷേപണം വീണ്ടും അനിശ്ചിത കാലത്തേക്കു മാറ്റി. ലാന്‍ഡര്‍ ഐ.എസ്.ആര്‍.ഒ തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചു. 2016 ലേക്ക് വിക്ഷേപണം മാറ്റിവച്ചു. എന്നാല്‍ പ്രതീക്ഷ സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതിനാല്‍ 2018 മാര്‍ച്ചിലേക്കും പിന്നീട് ഒക്ടോബറിലേക്കും വിക്ഷേപണം നീണ്ടു. ഘടനാമാറ്റവുമായി ബന്ധപ്പെട്ട് വിക്ഷേപണം 2019 ജനുവരിയിലേക്ക് മാറ്റി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതും നടന്നില്ല.പിന്നീട് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും വിക്ഷേപണം ഉദ്ദേശിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും പദ്ധതി നീണ്ടുപോയി. ഒടുവില്‍ ജൂലായ് 15 വിക്ഷേപണം നിശ്ചയിച്ചെങ്കിലും സാങ്കേതിത തകരാര്‍ മൂലം ഒരാഴ്ചത്തേക്ക് പദ്ധതി വീണ്ടുനീണ്ടു.
ലൂണാര്‍ റോവര്‍
ചന്ദ്രോപരിതലത്തെക്കുറിച്ച് പഠനം നടത്താനായി ചാന്ദ്രവാഹനങ്ങള്‍ (ലൂണാര്‍ റോവര്‍) ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരത്തില്‍ ആദ്യമായി ചന്ദ്രോപരിതലത്തില്‍ വാഹനമോടിച്ചത് നീല്‍ ആംസ്‌ട്രോങിന്റെ കൂടെ ചന്ദ്രനിലിറങ്ങിയ ജയിംസ് ഇര്‍വിന്‍ ആണ്.
ശ്രീഹരിക്കോട്ട
(എസ്.എച്ച്.എ.ആര്‍)
ആദിവാസികളുടെ ആവാസകേന്ദ്രമായിരുന്നു ഒരു കാലത്ത് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായിരുന്ന ശ്രീഹരിക്കോട്ട.ചെന്നൈയില്‍നിന്ന് എണ്‍പത് കിലോമീറ്റര്‍ ദൂരെയുള്ള ശ്രീഹരിക്കോട്ട ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപാണ് ഇത്. ബക്കിംഗാം കനാലിന്റെ തെക്കുവടക്ക് കൈവഴികള്‍ കൂട്ടിയോജിപ്പിച്ചാണ് ഈ ദ്വീപ് രൂപപ്പെടുത്തിയെടുത്തത്. 1969 ലാണ് ഇസ്രോയുടെ വിക്ഷേപണ കേന്ദ്രം ഇവിടെയാരംഭിക്കുന്നത്. കിഴക്കുദിശയിലേക്കുള്ള റോക്കറ്റ് വിക്ഷേപണം ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളാല്‍ ഇവിടെനിന്ന് എളുപ്പമാണ്. ഇസ്രോയുടെ മുന്‍ ചെയര്‍മാനായ സതീഷ് ധവാന്റെ സ്മരണാര്‍ഥം നാമകരണം നല്‍കിയ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഇവിടെസ്ഥിതി ചെയ്യുന്നു.
ജി.എസ്.എല്‍.വി
ഇസ്രോയുടെ ഉപഗ്രഹ വിക്ഷേപണ റോക്കറ്റാണ് ജി.എസ്.എല്‍.വി (ജിയോ സിങ്ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍). ഇന്‍സാറ്റിന്റെ വിക്ഷേപണത്തിനു വേണ്ടിയാണ് മുഖ്യമായും ഇവ നിര്‍മിച്ചത്. ഇന്ത്യയുടെ ആദ്യകാല വിക്ഷേപണ റോക്കറ്റായ പി.എസ്.എല്‍.വിയുടെ പരിഷ്‌ക്കരിച്ച രൂപമാണിത്.
ചന്ദ്രനിലെന്താണ്?
ഭൂമിയില്‍നിന്നു ചന്ദ്രനെ നോക്കുമ്പോള്‍ ചന്ദ്രനില്‍ പലതുമുണ്ടെന്ന് തോന്നാറുണ്ട്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നു കാണുന്നതു പോലെ അത്ര സുന്ദരമല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ചന്ദ്രനില്‍ അന്തരീക്ഷ മര്‍ദ്ദമില്ലെന്ന് പഠിച്ചിട്ടുണ്ടല്ലോ? അതുകൊണ്ടു തന്നെ കൊടുംചൂടും അതിശൈത്യവും ചന്ദ്രനിലുണ്ടാകുന്നുണ്ട്. ചന്ദ്രനിലെ മധ്യരേഖാപ്രദേശത്ത് പകല്‍ 127 ഡിഗ്രി ചൂടാണെങ്കില്‍ രാത്രി കാലങ്ങളില്‍ മൈനസ് 173 ഡിഗ്രിയാണ് തണുപ്പ്. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ മാരകമായ എക്‌സ്,അള്‍ട്രാവയലറ്റ് രശ്മികള്‍ യഥേഷ്ടം ചന്ദ്രനിലെത്തുന്നുണ്ട്. ചന്ദ്രനില്‍ രാവും പകലും ഉണ്ടെങ്കിലും വായു മണ്ഡലമില്ലാത്തതിനാല്‍ ആകാശം എപ്പോഴും ഇരുണ്ടിരിക്കും. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണക്കുറവു മൂലം ചന്ദ്രനിലെ വാതകങ്ങളെല്ലാം പല വഴിക്കു പോയി. ആദ്യ കാലത്ത് ചന്ദ്രനില്‍ ജലമുണ്ടായിരുന്നെന്നും പിന്നീട് ഗുരുത്വാകര്‍ഷണക്കുറവ് മൂലം ജലവും ചന്ദ്രനെ ഉപേക്ഷിച്ചെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ചന്ദ്രനിലെ മണ്ണിന് സാന്ദ്രത വളരെ കുറവാണ്. അഗ്നിപര്‍വത സ്‌ഫോടനം മൂലമുണ്ടാകുന്ന ബസാള്‍ട്ട് ശിലയാണ് ചന്ദ്രനിലെ മണ്ണില്‍ കൂടുതലായി കാണപ്പെടുന്നത്.
ബഹിരാകാശലോകത്തെ അതികായന്മാരാണല്ലോ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും. 2008 ല്‍ ഇസ്രോ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് പദ്ധതിയില്‍ നാസയുടേയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടേയും സാറ്റലൈറ്റ് ഉപകരണങ്ങള്‍ ഇസ്രോ ചന്ദ്രനിലെത്തിച്ചു. ഈ സേവനത്തിന് ഇന്ത്യ സ്ഥാപനത്തില്‍ നിന്ന് പണം ഈടാക്കിയിരുന്നില്ല. ഇതിന് പകരം ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അവര്‍ ഇസ്രോയുമായി പങ്കുവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."