വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം
ഒരാഴ്ചക്കകം പത്തിലധികം വളര്‍ത്തുമൃഗങ്ങള്‍ നായ്ക്കളുടെ ആക്രമണത്തില്‍ ചത്തു
കോട്ടയം: തുരുത്തിയിലും കുമരകത്തും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ നിരന്തരമായി തെരുവുനായ്ക്കളുടെ ആക്രമണം. ഈ ഭാഗങ്ങളില്‍ ഒരാഴ്ചയില്‍ പത്തിലധികം വളര്‍ത്തുമൃഗങ്ങളാണ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. തിങ്കളാഴ്ച രാത്രിയില്‍ കുമരകം കരിമുച്ചേരി ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആട്, പോത്ത് എന്നിവ ചത്തിരുന്നു. കരിമുച്ചേരി കുഞ്ഞുമോന്റെ നാലുമാസം പ്രായമായ ആടിനെയാണ് നായ്ക്കള്‍ തിങ്കളാഴ്ച രാത്രിയില്‍ കടിച്ചുകൊന്നത്.
ചൊളന്തറ ഷിബുവിന്റെ വീട്ടിലെ മുയലിന്റെ കാല്‍ കടിച്ചുപറിച്ചെടുക്കുകയും ചെയ്തു. ഇടമന്ന തോമാച്ചന്റെ നാല് പോത്തുകളില്‍ ഒന്നിനെ നായ്ക്കള്‍ കടിച്ചുകൊന്നു. കുഞ്ഞുമോന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ 23 ദിവസം മുന്‍പ് നായ്ക്കള്‍ കൊന്നിരുന്നു. നായക്കളുടെ ശല്യം അസഹനീയമായതിനെ തുടര്‍ന്ന് മൂന്ന് ആടുകളില്‍ രണ്ടെണ്ണത്തെ നേരത്തെ വിറ്റിരുന്നു. മുയലിനെയും ഇത്തരത്തില്‍ നായക്കള്‍ ആക്രമിച്ചിരിന്നു. വീട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന്് നായ്ക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അതിനിടെ കഴിഞ്ഞ ഞായറാഴ്ച തുരുത്തിയില്‍ ആടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു ആടുകള്‍ ചത്തിരുന്നു. തുരുത്തി അറയ്ക്കല്‍ സിജോയുടെ മൂന്നു ആടുകളെയാണ് കഴുത്ത് മുറിച്ച് രക്തം ഊറ്റിക്കുടിച്ച കൂട്ടില്‍ കണ്ടെത്തിയത്.
കൂടിന്റെ സമീപത്ത് നിന്നും നിരവധി നായ്ക്കള്‍ ഓടി പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ 27നു തുരുത്തിയില്‍ രണ്ടു ആടുകളെ തെരുവുനായ്ക്കള്‍ കൊന്നിരുന്നു. രണ്ടുവര്‍ഷമായി കുറിച്ചിയിലും സമീപ പഞ്ചായത്തായ പനച്ചിക്കാട്ടും തെരുവുനായക്കളുടെയും അജ്ഞാത ജീവികളുടെയും ആക്രമണത്തില്‍ നിരവധി ആടുകളാണ് ചത്തത്.
തുരുത്തിയില്‍ ആടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് തെരുവുനായ്ക്കളല്ലായെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ആടുകള്‍ ആക്രമണങ്ങള്‍ക്കിരയായി ചത്തിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ആടുകളെ ആക്രമിക്കുന്ന ജീവിയെ പിടികൂടാന്‍ കൂടും കാമറയും സ്ഥാപിച്ചെങ്കിലും ജീവിയെ കണ്ടെത്താനായില്ല. കാമറയില്‍ നായക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ ആക്രമണം നടത്തുന്നത് നായക്കളാണെന്ന നിഗമനത്തില്‍ വനംവകുപ്പ് എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ തെരച്ചിലില്‍ കാട്ടുപൂച്ചകളാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വളര്‍ത്തു മൃഗങ്ങളെ പലരും കമ്പി കൊണ്ടുള്ള കൂടുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."