മന്ദംകൊല്ലി ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭരണത്തില്‍ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവാനിച്ചു. ഇന്ന്് മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ടമെന്ന നിലയില്‍ നിശബ്ദപ്രചാരണം നടത്തും. ഉപ തെരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണായകമായതിനാല്‍ തന്നെ ഒരു നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് ഡിവിഷനിലുള്ളത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായിരുന്ന ഇന്നലെ മൂന്നുമുന്നണികളും വ്യത്യസ്തമായ പ്രചാരണവുമായാണ് എത്തിയത്.
നഗരസഭയിലെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഇടതുമുന്നണി ഭരണനേട്ടങ്ങള്‍ ഗാനങ്ങളിലൂടെ അവതരിപ്പിച്ചാണ് എല്‍.ഡി.എഫ് പ്രചാരണം നടത്തിയത്. അതേസമയം യു.ഡി.എഫ് ഡിവിഷനില്‍ കാല്‍നട പ്രചാരണ ജാഥയിലൂടെ ശക്തി കാട്ടി. ബി.ജെ.പി സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരോടൊപ്പമെത്തി വോട്ടഭ്യര്‍ഥിച്ചും കൊട്ടിക്കലാശം ഗംഭീരമാക്കി. ഇന്ന് നിശബ്ദപ്രചാരണം നടത്തി വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. നാളെയാണ് വോട്ടെടുപ്പ്. ബീനാച്ചി സ്‌കൂളിലാണ് പോളിങ് സ്‌റ്റേഷന്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. 12ന് രാവിലെ 10ന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വോട്ടെണ്ണല്‍ നടക്കും. പത്ത് മിനിറ്റിനകം ഫലം പുറത്തുവരും. ഇവിടെത്തെ കൗണ്‍സിലരായിരുന്ന എല്‍.ഡി.എഫിലെ ശോഭന ജനാര്‍ദ്ധനന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എല്‍.ഡി.എഫിനായി ഷേര്‍ലി കൃഷ്ണനും യു.ഡി.എഫ് ബാനറില്‍ ബബിത സുധീറും ബി.ജെ.പിക്കായി സിനി ഷാനയുമാണ് മത്സര രംഗത്തുള്ളത്. മന്ദംകൊല്ലി ഡിവിഷനില്‍ 956 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞതവണ 916 വോട്ടര്‍മാരില്‍ 777പേര്‍ വോട്ട് രേഖപെടുത്തിയിരുന്നു.
ഇതില്‍ 334 വോട്ട് നേടി എല്‍.ഡി.എഫിലെ ശോഭന ജനാര്‍ദ്ധനന്‍ 44വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സരള ദാസിന് 290 ഉം ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ജയാ മോഹന് 199 വോട്ടുമാണ് അന്ന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."