മൊറട്ടോറിയം കാലാവധി അവസാനിച്ചു; വയനാടന്‍ കര്‍ഷകര്‍ ആശങ്കയില്‍
കല്‍പ്പറ്റ: കൃഷിവായ്പകളുടെ മൊറട്ടോറിയം കാലാവധി ജൂലൈ 31ന് അവസാനിച്ചതോടെ അങ്കലാപ്പിലായി വയനാടന്‍ കര്‍ഷകര്‍.
ബാങ്കുകള്‍ നടപടികളിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് വയനാട്ടിലെ ആയിരക്കണക്കിനു വരുന്ന കര്‍ഷകര്‍.
വായ്പാ തുകയുടെ തിരിച്ചടവ് ആരംഭിച്ചില്ലെങ്കില്‍ ബാങ്കുകള്‍ നടപടികള്‍ കൈകൊള്ളുമെന്നതില്‍ ഇവര്‍ക്കു രണ്ടഭിപ്രായമില്ല.
മൊറട്ടോറിയം കാലയളവില്‍ തന്നെ ജപ്തി നടപടികള്‍ അടക്കം കൈക്കൊണ്ടവരാണ് ബാങ്കുകള്‍ എന്ന സത്യം മറ്റുള്ളവരേക്കാള്‍ നന്നായറിയുന്നത് വയനാട്ടിലെ കര്‍ഷകരാണ്.
കൃഷിവായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും വായ്പ പുനഃക്രമീകരിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്ക് പ്രതികരിച്ചിട്ടില്ല.
ഇതാണ് മൊറട്ടോറിയം കാലാവാധി നീട്ടുന്നതിന് താല്‍പര്യമെടുക്കാതിരിക്കാന്‍ ബാങ്കേഴ്‌സ് സമിതിക്കും സാഹചര്യമൊരുക്കിയത്.
വായ്പ കിട്ടാക്കടമാകുന്നതിനുള്ള വ്യവസ്ഥകളില്‍ ആര്‍.ബി.ഐ ഇളവു ചെയ്യാത്തതാണ് മൊറട്ടോറിയം നീട്ടുന്നതിനുള്ള തടസമായി ബാങ്കുകള്‍ പറയുന്നത്.
2018 ജൂലൈ 31 മുതല്‍ ഒരു വര്‍ഷമായിരുന്നു കൃഷിവായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് മൊറട്ടോറിയം അനുവദിച്ചിരുന്നത്. അന്നു വായ്പ തിരിച്ചടവില്‍ മുടക്കമുണ്ടായിരുന്നവരുടെ അക്കൗണ്ടുകളില്‍ ഇന്നലെ മുതല്‍ ഈ ഒരു വര്‍ഷത്തെ പലിശയടക്കമുള്ള മുടക്കമാണ് പ്രതിഫലിക്കുക. ഇവര്‍ മുടങ്ങിയ തുക ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ കിട്ടാക്കടമായി മാറുകയും ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യും.
മൊറട്ടോറിയത്തിനു മുന്‍പ് കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവരും തിരിച്ചടവു തുടങ്ങേണ്ടതുണ്ട്.
ഇല്ലെങ്കില്‍ വായ്പ തിരിച്ചുപിടിക്കാനുള്ള ജപ്തിയടക്കമുള്ള നടപടികളിലേക്കു ബാങ്കുകള്‍ കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."