അറവുനിയന്ത്രണം; വിജ്ഞാപനത്തിനെതിരേ കൂടുതല്‍ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരേ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയും സി.പി.എം അധികാരത്തിലുള്ള ത്രിപുരയുമാണ് പുതുതായി വിജ്ഞാപനത്തെ എതിര്‍ത്ത സംസ്ഥാനങ്ങള്‍. ത്രിപുരയില്‍ കശാപ്പ് നിയന്ത്രണം നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന കൃഷി-മൃഗ സംരക്ഷണ ക്ഷേമമന്ത്രി അഗോര്‍ ദെബാര്‍മ വ്യക്തമാക്കി. വിജ്ഞാപനം ജനങ്ങളുടെ താല്‍പര്യത്തിന് എതിരാണ്. ആവശ്യമായ ചര്‍ച്ചകളോ പഠനങ്ങളോ നടത്താതെ സാമുദായിക താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിയും കന്നുകാലിയുടെ തുകല്‍ വിറ്റും ഉപജീവനം നടത്തുന്നവരെ സര്‍ക്കാര്‍ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധാര്‍ പറഞ്ഞു.
പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ പറഞ്ഞു. വ്യാപാരമേഖലയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ഈ നിയമം ചെയ്യുന്നത്. ആര്‍.എസ്.എസിന്റെ രഹസ്യ അജന്‍ഡ നടപ്പാക്കുകയാണ് തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിയമം പുനപ്പരിശോധിക്കണമെന്ന് മേഘാലയയിലെ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മേഘാലയ ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. നിയമം നടപ്പാക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ ഷില്ലോങില്‍ പ്രകടനം നടത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം കര്‍ഷകരോടുള്ള അനീതിയാണെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ശരത് പവാര്‍ പറഞ്ഞു. കറവവറ്റിയ പ്രായം കൂടിയ കന്നുകാലികളെ പരിചരിക്കാന്‍ ഒന്നുകില്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ കാലികളെ പരിചരിക്കാന്‍ കര്‍ഷകര്‍ക്ക് നിശ്ചിത ധനസഹായം നല്‍കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ കന്നുകാലി ആശ്രമം തുടങ്ങട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളും വിജ്ഞാപനത്തിനെതിരേ രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഈ സംസ്ഥാനങ്ങള്‍ അത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."