എറണാകുളം ലാത്തിച്ചാര്‍ജ് അന്വേഷിക്കാന്‍ സി.പി.ഐയുടെ മൂന്നംഗ കമ്മിഷന്‍
തിരുവനന്തപുരം: എറണാകുളത്ത് ലാത്തിച്ചാര്‍ജില്‍ പാര്‍ട്ടി എം.എല്‍.എ എല്‍ദോ എബ്രഹാമിനും നേതാക്കള്‍ക്കും പരുക്കേറ്റ സംഭവം അന്വേഷിക്കാന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു.
കാനം പക്ഷക്കാരും പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ കെ.പി രാജേന്ദ്രന്‍, വി. ചാമുണ്ണി, പി.പി സുനീര്‍ എന്നിവരടങ്ങുന്ന കമ്മിഷനാണ് ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷിക്കുന്നത്. അതിനാല്‍ കാനത്തിന്റെ അഭിപ്രായത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കമ്മിഷനില്‍നിന്ന് ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കാനത്തിനെതിരേ ശക്തമായ നിലപാടാണ് എറണാകുളം ജില്ലാ സെക്രട്ടറിയായ പി.രാജു സ്വീകരിച്ചത്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാലും എറണാകുളത്തെ പാര്‍ട്ടി സഖാക്കള്‍ക്കൊപ്പം നില്‍ക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യും. കാനം പറയുന്ന കാര്യങ്ങളോട് യോജിപ്പില്ലെന്നും പി. രാജു യോഗത്തില്‍ പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് കാനം വിശദീകരിച്ചു. സംഭവം നടക്കുമ്പോള്‍ താനും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് വേദിയിലുണ്ടായിരുന്നു. എം.എല്‍.എയ്ക്കടക്കം മര്‍ദനമേറ്റതിലുള്ള പാര്‍ട്ടിയുടെ പ്രതിഷേധം യോഗം കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു. പാര്‍ട്ടി നേതാക്കളെ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി നേരിട്ട് വിളിച്ചാണ് അന്വേഷണത്തെക്കുറിച്ച് പറഞ്ഞതെന്നും കാനം എക്‌സിക്യൂട്ടീവില്‍ പറഞ്ഞു. ഡി.ഐ.ജി ഓഫിസിലേയ്ക്കുള്ള എറണാകുളത്തെ പാര്‍ട്ടിയുടെ മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലായിരുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്. ആശുപത്രിയില്‍ നിന്നുള്ള എല്‍ദോയുടെ പ്രതികരണം സംഘടനാരീതിയനുസരിച്ച് ശരിയല്ല. എം.എല്‍.എയുടെ പ്രതികരണം പാര്‍ട്ടി സെക്രട്ടറിക്ക് എതിരാണെന്ന തോന്നലാണ് ഉണ്ടാക്കിയത്. ഇതിനുശേഷമാണ് ആലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ചത്. ഭരണത്തിലിരിക്കുമ്പോള്‍ പ്രതികരിക്കുന്നതിന് സംഘടനാരീതിയുണ്ട്. സര്‍ക്കാരിന്റെ നയങ്ങളില്‍ വ്യതിയാനം ഉണ്ടായപ്പോഴൊക്കെ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ നന്നായി പ്രതികരിച്ചിട്ടുണ്ട്.
പൊലിസിന് മജിസ്റ്റീരിയല്‍ പദവി കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടിവന്നത് സി.പി.ഐയുടെ നിലപാടുകൊണ്ടു മാത്രമാണ്. അതുകൊണ്ട് എന്തിനും ഏതിനും പ്രതികരിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും അതിനു താന്‍ തയാറല്ലെന്നും കാനം യോഗത്തില്‍ വ്യക്തമാക്കി. കാനത്തെ ശക്തമായി വിമര്‍ശിക്കാന്‍ കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമായി. പാര്‍ട്ടി എം.എല്‍.എക്കും നേതാക്കള്‍ക്കുമെതിരായ ലാത്തിച്ചാര്‍ജ് തെറ്റായിരുന്നുവെന്ന് പറഞ്ഞവര്‍ സെക്രട്ടറിയുടെ നിലപാടിനെ വിമര്‍ശിച്ചില്ല. എന്നാല്‍, പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി എറണാകുളം സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് പറഞ്ഞു. ഇതിനു മറുപടി പറഞ്ഞ കാനം തന്റെ പരാമര്‍ശങ്ങളും ഇപ്പോള്‍ രൂപീകരിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ പരിശോധിക്കട്ടെയെന്ന നിലപാടെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."