മലയോര ഹൈവേ: പുതിയ അലൈന്‍മെന്റിന് അംഗീകാരം
തിരുവമ്പാടി: കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നീണ്ടുകിടക്കുന്ന മലയോരപ്രദേശത്തുകൂടി കടന്നുപോകുന്ന നിര്‍ദിഷ്ട മലയോരപാതയുടെ കോഴിക്കോട് ജില്ലയിലെ പുതിയ അലൈന്‍മെന്റിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വയനാട് ജില്ലയില്‍ നിന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ച് കല്ലാച്ചി, തൊട്ടില്‍പ്പാലം, വിലങ്ങാട്, മലപുറം, അമ്പായത്തോട്, കോടഞ്ചേരി, ഇലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കല്‍, കൂടരഞ്ഞി, കൂമ്പാറ, അകംപുഴ, കക്കാടംപൊയില്‍, അകമ്പാടം വഴി നിലമ്പൂരിലൂടെ കടന്നുപോകുന്നതാണ് പാത.
ഇതില്‍ കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ ജില്ലാതിര്‍ത്തി വരെയുള്ള 33.60 കിലോമീറ്റര്‍ ദൂരം വരുന്ന പദ്ധതിക്ക് മെയ് മൂന്നിനു ചേര്‍ന്ന കിഫ്ബിയുടെ ഡയരക്ടര്‍ ബോര്‍ഡ് 144 കോടി രൂപയുടെ ഡി.പി.ആറിന് അനുമതി നല്‍കിയിരുന്നു. പുതുക്കിയ അലൈന്‍മെന്റിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ സാങ്കേതിക അനുമതിക്കും പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുമുള്ള തടസങ്ങള്‍ നീങ്ങി.
പാതയുടെ രൂപകല്‍പന കിഫ്ബി തയാറാക്കിയിരിക്കുന്ന മാന്വല്‍ അനുസരിച്ചാണ് മലയോര ഹൈവേയുടെ നിര്‍മാണം. മാന്വല്‍ പ്രകാരം 12 മീറ്ററാണ് റോഡിനു വേണ്ടതായ ചുരുങ്ങിയ വീതി. കുറഞ്ഞത് ഏഴു മീറ്ററാണ് ടാറിങ് വീതി. പ്രകൃതി ജന്യ റബര്‍ പാല്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ബിറ്റുമിന്‍ (എന്‍.ആര്‍.എം.ബി) ഉപയോഗിച്ചാണ് ഉപരിതലം നിര്‍മിക്കുന്നത്.
ഇരുവശങ്ങളിലും ആവശ്യമായിടത്തെല്ലാം ഡ്രെയിനേജ്, ഭൂഗര്‍ഭ കേബിളുകളും പൈപ്പുകളും ഇടുന്നതിന് കോണ്‍ക്രീറ്റ് ഡക്ടുകള്‍, നിശ്ചിതദൂരം ഇടവിട്ടു ക്രോസ് ഡക്ടുകള്‍ പണിയും. പ്രധാനപ്പെട്ട അങ്ങാടികളിലും കവലകളിലും ഇന്റര്‍ലോക്ക് കട്ടകള്‍ പാകി കൈവരികള്‍ പിടിപ്പിച്ച നടപ്പാതകള്‍, സൗരോര്‍ജ ഇലക്ട്രിക് തെരുവുവിളക്കുകള്‍ എന്നിവ സ്ഥാപിക്കും.
പാതയോരങ്ങളില്‍ സൗകര്യമുള്ളിടത്ത് വിശ്രമിക്കാന്‍ പുല്‍ത്തകിടികളും ബെഞ്ചുകളും സ്ഥാപിക്കും. ബസ് ബേകള്‍, വൈറ്റിങ് ഷെഡുകള്‍ എന്നിവയും കക്കാടംപൊയിലില്‍ ഒരു പൊലിസ് മോട്ടോര്‍വെഹിക്കിള്‍ എയ്ഡ്‌പോസ്റ്റും നിര്‍മിക്കും. കൂടുതല്‍ സ്ഥലം ലഭ്യമാകുന്നിടങ്ങളില്‍ ടോയ്‌ലറ്റ്, കിയോസ്‌കുകള്‍ തുടങ്ങിയ പൊതുസൗകര്യങ്ങളും ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."