ദുരന്തങ്ങളെ തോല്‍പ്പിച്ച മലയോര ശില്‍പി
ആനക്കാംപൊയില്‍: മരത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന ശ്രീബുദ്ധനും മാതാവും ഈശോയും. ഒറ്റത്തടിയിലെ മരത്തില്‍ വിശ്രമിക്കുന്ന പക്ഷികള്‍, മരത്തില്‍ നിന്ന് ഇലകള്‍ ഭക്ഷിക്കുന്ന ജിറാഫ്, ക്ഷീണിച്ച് കാലുകള്‍ മടക്കിവച്ച് നിലത്തിരിക്കുന്ന ഒട്ടകം, വിവിധ വലിപ്പത്തിലുള്ള മത്സ്യങ്ങള്‍, പൂക്കള്‍.... ബൈജുവിന്റെ കരവിരുതില്‍ വിരിഞ്ഞ ശിലല്‍പങ്ങള്‍ക്ക് ശ്രദ്ധ നേടുകയാണ്. എന്നാല്‍ മരത്തില്‍ കൊത്തിയെടുക്കുന്ന ഈ ശില്‍പങ്ങള്‍ക്കൊന്നും ബൈജുവിന്റെ നെഞ്ചിലെരിയുന്ന കനലിനെ തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അവയ്‌ക്കെപ്പോഴും തന്റെ ബ്ലെസി മോളുടെ നോവുന്ന മുഖമാണ്. അങ്ങ് ദൂരെയിരുന്ന് അവളിതു കാണുന്നുണ്ടാകും.
കൃഷിപ്പണിക്കാരനായിരുന്ന ഇദ്ദേഹം യാതൊരു മുന്‍പരിചയവുമില്ലാത്ത ശില്‍പനിര്‍മാണത്തിലേക്ക് എത്തുന്നത് തികച്ചും യാദൃച്ഛികമായാണ്. ആനക്കാംപൊയില്‍ മാലിയേക്കല്‍ ബൈജു ശില്‍പനിര്‍മാണം തുടങ്ങിയിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. അടിമാലി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭാര്യ ജെസിക്കും മകള്‍ ബ്ലെസിക്കുമൊപ്പം തിരുവമ്പാടിയിലെത്തിയത്. അതിനുശേഷം ദുരന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടി തുടങ്ങി. 2012 ഓഗസ്റ്റ് ആറിനു മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആകെയുണ്ടായിരുന്ന കൃഷിസ്ഥലം ഒലിച്ചുപോയി. പിന്നീട് താമരശ്ശേരി രൂപത നിര്‍മിച്ചുനല്‍കിയ സ്‌നേഹ ഭവനത്തിലായി താമസം. എന്നാല്‍ ഉരുള്‍പൊട്ടലില്‍ നിന്നു രക്ഷപ്പെട്ടങ്കിലും അപ്രതീക്ഷിതമായുണ്ടായ ബൈക്കപകടത്തില്‍ ബൈജുവിനും മകള്‍ക്കും ഗുരുതര പരുക്കേല്‍ക്കുകയുണ്ടായി. മൂന്നു വയസുകാരിയായ മകളെ വിധി കവര്‍ന്നെടുത്തു. അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനു കൃഷിപ്പണി ചെയ്യാന്‍ പറ്റാതയായി. തുടര്‍ന്ന് ആശാരിപ്പണിയിലേക്ക് തിരിഞ്ഞു. വീടുനിര്‍മാണത്തിനു ശേഷം വീടിനു പരിസരത്ത് കൂട്ടിയിട്ട വേരുകളിലാണ് ശില്‍പങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിച്ചത്. കന്യാമറിയത്തിന്റെ രൂപമാണ് ആദ്യം കൊത്തിയത്. പിന്നീട് ഈശോയും ശ്രീബുദ്ധനും പൂക്കളും പക്ഷികളുമടക്കം നിരവധി ശില്‍പങ്ങള്‍ മരത്തടികളില്‍ വിരിഞ്ഞു. മരത്തിനുശേഷം പിന്നീട് ചിരട്ടകൊണ്ടും സിമന്റ് കൊണ്ടും ശില്‍പങ്ങള്‍ നിര്‍മിച്ചുതുടങ്ങി. തേക്ക്, പ്ലാവ് തുടങ്ങിയവയുടെ വേരുകളാണ് അധികമായും ഉപയോഗിക്കുന്നത്. 'ദിവസങ്ങളോളം കഷ്ടപ്പെട്ടു പണിതാല്‍ മാത്രമേ പൂര്‍ണമായ, ശില്‍പങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതിനു സഹായകരമായ വരുമാനം ഈ തൊഴിലില്‍ നിന്ന് ലഭിക്കുന്നില്ല. വരുമാനം ലഭിക്കാതെയായപ്പോള്‍ മനസു മടത്തുപോയി. പിന്നീട് കുറച്ചുനാളുകള്‍ ഒന്നും ചെയ്യാതിരുന്നു. പക്ഷേ മനസ് അനുവദിക്കുന്നില്ല'-അദ്ദേഹം പറഞ്ഞു.
മരിയ ഹാന്‍ഡ് ക്രാഫ്റ്റ് എന്ന പേരില്‍ ആനാക്കാംപൊയിലില്‍ കടയുണ്ടെങ്കിലും ആദായകരമല്ലെന്ന് ഇദ്ദേഹം പറയുന്നു. 2018ല്‍ വടകര സര്‍ഗ്ഗാലയത്തില്‍ നടന്ന വിപണനമേളയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. നബാഡിന്റെ സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ട്ടിസാനില്‍ അംഗത്വവും ഉണ്ടെങ്കിലും അതിന്റെ യാതൊരു ഗുണവും ഇദ്ദേഹത്തിനു ലഭിച്ചിട്ടില്ല. കേട്ടറിഞ്ഞ് ആളുകള്‍ വരുന്നുണ്ടെങ്കിലും ശില്‍പം നിര്‍മിക്കാന്‍ ചെലവായ തുക തിരിച്ചു ലഭിക്കാത്തത് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്.
മറ്റൊരാളുടെ സഹായമില്ലാതെ തനിച്ചാണു ശില്‍പങ്ങള്‍ നിര്‍മിക്കാന്‍ ബൈജു പഠിച്ചത്. സിമന്റില്‍ പൊതുവെ പക്ഷി മൃഗാധികളുടെ ശില്‍പങ്ങളാണ് നിര്‍മിക്കുന്നത്. ചിരട്ടയിലാണെങ്കില്‍ പൂക്കളും നിലവിളക്കുകളും പാത്രങ്ങളും നിര്‍മിക്കുന്നു. മെച്ചപ്പെട്ട വേതനം ലഭിച്ചില്ലെങ്കിലും ഈ മേഖല വിടാന്‍ ഒരുക്കമല്ല ഇദ്ദേഹം. സര്‍ക്കാരില്‍നിന്ന് അര്‍ഹമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അനുഗൃഹീത കലാകാരനും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."