വായ്പ എടുത്തത് കൃഷിയും ഭൂമിയിമില്ലാത്തവര്‍; സ്വര്‍ണപ്പണയത്തിന്മേല്‍ ഇനി കാര്‍ഷികവായ്പയില്ല
തിരുവനന്തപുരം: സ്വര്‍ണപ്പണയത്തിന്മേല്‍ ലഭ്യമായിരുന്ന കാര്‍ഷിക വായ്പ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. 2019 ഒക്ടോബര്‍ ഒന്നുമുതല്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷികവായ്പ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്. സ്വര്‍ണപ്പണയത്തിന്മേല്‍ നാല് ശതമാനം വാര്‍ഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ കടയ്ക്കലാണ് കേന്ദ്രം കത്തിവച്ചത്. അനര്‍ഹര്‍ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പട്ട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സബ്‌സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) ഉള്ളവര്‍ക്കു മാത്രമാക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. എല്ലാ കെ.സി.സി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. ആധാറില്ലാത്തവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സബ്‌സിഡി നല്‍കില്ല. ഇതുവരെ വായ്പ ലഭിക്കാത്ത കെ.സി.സി അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കണം. അപേക്ഷകളില്‍ 14 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും കേന്ദ്ര ധനമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടുദിവസത്തിനകം അറിയിക്കാനാണ് ബാങ്കുകള്‍ക്ക് കിട്ടിയ നിര്‍ദേശം. ബാങ്കുകള്‍ എല്ലാ ശാഖകളിലേക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി. ഇനി സ്വര്‍ണപ്പണയ കാര്‍ഷികവായ്പ നല്‍കരുതെന്നും എത്രയുംവേഗം തീരുമാനം അറിയിക്കണമെന്നും ശാഖകള്‍ക്കുള്ള നിര്‍ദേശത്തില്‍ ബാങ്ക് മേധാവികള്‍ വ്യക്തമാക്കി.
ഒന്‍പത് ശതമാനമാണ് യഥാര്‍ഥ പലിശനിരക്കെങ്കിലും ഈ വായ്പയ്ക്ക് അഞ്ച് ശതമാനം സബ്‌സിഡിയുണ്ട്. മൂന്ന് ശതമാനം കേന്ദ്രവും രണ്ട് ശതമാനം സംസ്ഥാനവും വഹിക്കും. എസ്.ബി.ഐയുടെ 15,219 കോടി ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം മാത്രം കാര്‍ഷിക മേഖലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം അധികം വായ്പ നല്‍കിയെന്നാണ് പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ മാത്രം കണക്ക്. 80,803 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കിയതില്‍ 62 ശതമാനവും സ്വര്‍ണം പണയം വച്ചുള്ള കൃഷി വായ്പയാണ്. 50,169 കോടിയാണ് ഇത്തരത്തില്‍ നല്‍കിയത്. ഇതില്‍ മുക്കാല്‍പങ്കും കിട്ടിയത് കൃഷിക്കാര്‍ക്കല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിഗമനം.
കൃഷിക്കാരാണെന്ന് ഉറപ്പാക്കാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രം വായ്പ നല്‍കണമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ആവശ്യമാണ്. കൃഷി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്പ നല്‍കാവൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
കൃഷി വായ്പ അനര്‍ഹരിലേക്ക് എത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ കേരള സര്‍ക്കാരിന്റെ കത്തിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു.
കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആര്‍.ബി.ഐ, നബാര്‍ഡ്, എസ്.എല്‍.ബി.സി എന്നിവയുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണ് കെ.സി.സി വായ്പ. ഇതിനുമുകളില്‍ വായ്പ വേണമെങ്കില്‍ കൃഷിഭൂമി പണയം വയ്ക്കുകയേ ഇനി മാര്‍ഗമുള്ളൂ. സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഇതോടെ പ്രയാസത്തിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."