കാബൂള്‍ ബോംബ് സ്‌ഫോടനം; പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അഫ്ഗാനിസ്ഥാന്‍ ഉപേക്ഷിച്ചു
കാബൂള്‍: ഇന്ത്യക്ക് പിന്നാലെ അഫ്ഗാനിസ്ഥാനും പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിച്ചു. 90 പേര്‍ കൊല്ലപ്പെടുകയും 463 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കാബൂള്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പാകിസ്താനുമായുള്ള എല്ലാ തരത്തിലുള്ള ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ച സമ്മതപത്രങ്ങളടക്കമുള്ളവ അസാധുവാക്കാനും തീരുമാനിച്ചതായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പാകിസ്താനിലെ താലിബാന്‍ അനുകൂല സംഘടനയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന അഫ്ഗാന്‍ ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കാബൂളില്‍ വച്ച് ഇരു ടീമുകളും ടി20 മത്സരം നടത്താമെന്ന ധാരണയുണ്ടായിരുന്നു. പിന്നാലെ അഫ്ഗാനിസ്ഥാന്റെ പാകിസ്താന്‍ പര്യടനവും തീരുമാനിച്ചിരുന്നു. ഫലത്തില്‍ ഈ മത്സരങ്ങളെല്ലാം ഉപേക്ഷിച്ചു.
നേരത്തെ 2008ല്‍ നടന്ന മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. ഈയടുത്ത് പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള ബി.സി.സി.ഐ ശ്രമം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും ചെയ്തു. അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ ആക്രമണം തുടരുന്നതിനാല്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2009ല്‍ പാകിസ്താനില്‍ പര്യടനം നടത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരേ ആക്രമണമുണ്ടായ ശേഷം പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാന്‍ മറ്റ് ടീമുകള്‍ തയ്യറായിരുന്നില്ല. പിന്നീട് 2014ല്‍ സിംബാബ്‌വെ ടീം പര്യടനം നടത്തിയിരുന്നു. മറ്റ് ടീമുകളുമായുള്ള പാകിസ്താന്‍ ടീമിന്റെ മത്സരങ്ങള്‍ പൊതു വേദിയെന്ന നിലയില്‍ ദുബൈയില്‍ വച്ചാണ് നടത്താറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."