മഴയില്ലെങ്കില്‍ 16നു ശേഷം വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ 16 നു ശേഷം വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി.
86 ദിവസത്തെ വൈദ്യുതി ഉല്‍പദാനത്തിന് ആവശ്യമായ വെള്ളമേ അണക്കെട്ടുകളിലെ സംഭരണികളിലുള്ളൂ.
പ്രതിദിനം 70 മുതല്‍ 72 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമാണ്.
കേന്ദ്ര വിഹിതവും മറ്റുള്ള സ്രോതസുകളില്‍ നിന്നുള്ളതും ഉള്‍പ്പെടെ 64 ദശലക്ഷം യൂണിറ്റു വൈദ്യുതി മാത്രമേ കേരളത്തിലെത്തിക്കാന്‍ സൗകര്യമുള്ളു.
ശേഷിക്കുന്ന വൈദ്യുതിക്ക് സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങള്‍ മാത്രമാണ് ആശ്രയം. മഴയില്ലാത്തതിനാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വെള്ളമില്ലാത്തതാണ് നിലവിലെ വെല്ലുവിളി. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചെങ്കിലും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ കിട്ടിയതുമില്ലെന്നും ഇത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
16ന് ഉന്നതതല സമിതി വീണ്ടും യോഗം ചേരുമെന്നും ഈ യോഗത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിലെ കണക്കനുസരിച്ച് എല്ലാ സംഭരണികളിലുമായി 869.05 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണുള്ളത്. നിലവിലെ ജലനിരപ്പ് സംഭരണശേഷിയുടെ 21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ഇത് 92 ശതമാനമായിരുന്നു. പത്തു വര്‍ഷത്തെ ശരാശരിയുമായി ബന്ധപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ ഡാമുകളിലെ ജലശേഖരണത്തില്‍ 50 ശതമാനത്തിെന്റ കുറവാണുള്ളത്.
ഈ മാസത്തെ മഴയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായാല്‍ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കും. കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതി ലഭ്യതയുടെ ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്നാണ് വിലയിരുത്തല്‍.
പ്രസരണശേഷികൂടി കണക്കിലെടുത്ത് പരമാവധി വൈദ്യുതി വാങ്ങി ഉപയോഗിക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ഇതിലൂടെ സംഭരണകളില്‍ കഴിയുന്നത്ര വെള്ളം സൂക്ഷിക്കും. മഴക്കുറവുമൂലമുള്ള കമ്മി നികത്താനായി കേന്ദ്ര സര്‍ക്കാരിന്റെ ഇ പോര്‍ട്ടല്‍ വഴി ഹ്രസ്വകാലാടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാന്‍ സംസ്ഥാന വൈദ്യുതി റെഗുലേററ്റി കമ്മിഷന്റെ അനുമതി തേടും.
നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ സാധ്യതകളും തേടാനും യോഗം തീരുമാനിച്ചു.
ലഭ്യമാകുന്ന സ്രോതസുകളില്‍നിന്നെല്ലാം വൈദ്യുതി വാങ്ങും. ജനുവരി മുതല്‍ മെയ് വരെ വേനല്‍ക്കാലത്ത് പ്രതിദിനം ശരാശരി 15 മുതല്‍ 18 ദശലക്ഷം വരെ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കേണ്ടിവരും.
കുടിവെള്ള വിതരണവും ജലസേചനവും ഉറപ്പാക്കാനും ഇത് ആവശ്യമാണെന്നാണ് കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."