വീട് തറയിലൊതുക്കി കരാറുകാരന് മുങ്ങിയതായി പരാതി
സുല്‍ത്താന്‍ ബത്തേരി: ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എ.വൈ പദ്ധതിപ്രകാരം അനുവദിച്ച വീടുകള്‍ക്ക് തറ മാത്രം പണിത് കരാറുകാരന് മുങ്ങി. സുല്‍ത്താന്‍ ബത്തേരി കുപ്പാടി പുതുച്ചോല കോളനിയിലെ നാല് കുടുംബങ്ങളാണ് വീടുപണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള കൂരകളിലും ബന്ധുക്കളുടെ വീടുകളിലും കഴിയുന്നത്. കോളനിയിലെ ബിനു, രാജന്, ബാബു, ലീല എന്നിവര്‍ക്ക് അനുവദിച്ച വീടു നിര്‍മാണമാണ് തറയിലൊതുങ്ങിയത്. പഴയ വീട് പൊളിച്ചാണ് ഇവരുടെ വീട് നിര്‍മാണം തുടങ്ങിയത്.
തറ നിര്‍മാണ സമയത്ത് അസംസ്കൃത വസ്തുക്കള്‍ കുറച്ച് ഉപയോഗിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് തറ പൂര്‍ത്തിയാക്കി കരാറുകാരന് മുങ്ങിയത്. നിര്‍മാണത്തിന് കോളനിക്കാര്‍ സഹായിക്കണമെന്നും കരാറുകാരന് ഇവരോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി പ്രകാരം മൂന്നര ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
വീട് നിര്‍മാണ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ കരാറുകാരനെതിരേ ബത്തേരി പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ് കോളനിക്കാര്‍.
മഴക്കാലം പിടിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുട്ടികളുമായി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."