തുലാവര്‍ഷം: റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കുന്നുംകൈ: മഴമൂലം ഉല്പാദനം കുറഞ്ഞ് വിലയിടിഞ്ഞ റബറിന്റെ വില ഉയരാത്തത് മലയോരത്തെ റബര്‍ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇപ്പോള്‍ തുലാവര്‍ഷവും ആരംഭിച്ചതോടെ ടാപ്പിങില്നിന്നു പല കര്‍ഷകരും പിന്മാറുന്ന സാഹചര്യമാണുള്ളത്.
ഒറ്റയടിക്ക് നാലുരൂപവരെയാണ് വിലകുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്.എസ്.എസ് 4 ന് 128 രൂപയുമാണ് മാര്‍ക്കറ്റ് വിലയെന്നിരിക്കെ കര്‍ഷകര്‍ക്കു ലഭിക്കുന്നതാകട്ടെ ഇതിലും താഴ്ന്ന വിലയാണ്. രാജ്യാന്തര വിപണിയിലും റബറിനു വില കുറയുകയാണ്. റബറിന് വിലയിടിഞ്ഞത് ചെറുകിട കര്‍ഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കിരിക്കുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോവുമെന്ന സ്ഥിതിയിലാണ് കര്‍ഷകര്‍. വില ഉയരുമെന്നുകരുതി വന്‍തോതില്‍ സ്റ്റോക്ക് ചെയ്ത കര്‍ഷകരും വ്യാപാരികളുമൊക്കെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്.
മലയോരത്തെ ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, കമ്മാടം എന്നീ മേഖലകളിലാണ് കൂടുതല്‍ റബര്‍ കര്‍ഷകരുള്ളത്.എന്നാല്‍ ഉല്പാദനം വര്‍ധിപ്പിക്കണമെന്ന കര്‍ഷകന്റെ ആവശ്യം റബര്‍ബോര്‍ഡ് മുഖവിലക്കെടുക്കുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. മിക്കയിടങ്ങളിലും തെക്കന്‍ കേരളത്തില്‍നിന്നു കുടിയേറിവന്ന റബര്‍ കര്‍ഷകരാണ് കൂടുതലും.
തൊഴില്‍ മേഖലകളില്‍ മാറ്റങ്ങള്‍ വന്നതോടെ റബര്‍ ടാപ്പിങിനും മറ്റും ആളുകളെ കിട്ടാനില്ലാത്ത സ്ഥിതിയായതിനാല്‍ മിക്കയിടങ്ങളിലും ഉടമസ്ഥര്‍തന്നെയാണ് ഇതുചെയ്തുപോരുന്നത്. പലരും ഏക്കര്‍ കണക്കിനു റബര്‍ മരങ്ങള്‍ തുച്ഛമായ വിലയ്ക്കുവിറ്റു തൊഴിലുപേക്ഷിച്ച സ്ഥിതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."