ക്ഷേത്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം; യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണം: എസ്.വൈ.എസ്
നിലമ്പൂര്‍: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടായികൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലിസ് ആര്‍ജവം കാണിക്കണമെന്ന് സുന്നി യുവജന സംഘം നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ പൊലിസ് മേധാവിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ ക്ഷേത്രത്തിലേക്ക് പ്രവേശനം തടഞ്ഞ തീവ്ര ഹിന്ദു പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ സംശയാസ്പദമാണ്. പൊലിസ് കടമ നിര്‍വഹിക്കുന്നതില്‍ പിറകോട്ട് പോയതും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
റമദാന്‍ തുടങ്ങുന്ന അന്ന് തന്നെ തിരുവനന്തപുരത്ത് നിന്നും മുസ്‌ലിം ഭൂരിപക്ഷമുള്ള മലപ്പുറത്ത് വന്ന് ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത പ്രതിക്ക് ആര്‍എസ്എസ് ബന്ധമുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. പിടിക്കപ്പെട്ടപ്പോള്‍ മാത്രം അനാചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചതെന്ന റെഡിമെയ്ഡ് മറുപടി പറയുന്നതോടെ പൊലിസും കേസന്വേഷണം അവസാനിപ്പിക്കുന്ന രീതിയും പ്രവണതയും പൊലിസ് സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാനിടയാകുമെന്ന് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, ജന. സെക്രട്ടറി സലീം എടക്കര എന്നിവര്‍ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നല്‍കി. മലപ്പുറത്തെ മത സൗഹാര്‍ദം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ എല്ലാവരും യോജിക്കണമെന്നും പൊലിസ് മുന്‍കൈയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."