ഡെങ്കിപ്പനി പടരുന്നു ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
തിരൂരങ്ങാടി: നിയന്ത്രണ വിധേയമാകാതെ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു. മൂന്നിയൂര്‍, കക്കാട് പ്രദേശങ്ങളില്‍നിന്നായി രണ്ടു കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങളുടെ ആശങ്കവര്‍ധിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് രണ്ടുകേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഒരുമാസത്തോളമായി വേങ്ങര, കക്കാട്, പ്രദേശങ്ങള്‍ ഡെങ്കിപ്പനിയുടെ പിടിയിലാണ്. കക്കാട് ഇരുപതോളം പേരില്‍ ഡെങ്കി കാണപ്പെട്ടതിന് പിന്നാലെയാണ് ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിക്കപ്പെട്ടത്. രോഗംപിടിപെട്ട പലരും മെഡിക്കല്‍ കോളജിലടക്കം വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
സംഭവത്തെകുറിച്ച് നേരിട്ട് അറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി അടുത്ത ദിവസം തന്നെ ഡി.എം.ഒ ഡോ. സക്കീന കക്കാട് സന്ദര്‍ശിക്കും.
രോഗാണുവാഹകര്‍ കൊതുക് ആയതിനാല്‍ വീട്ടിലും പരിസരങ്ങളിലും വെളളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്ന് ഡി.എം.ഒ അറിയിച്ചു. വീടിന്റെ ടെറസ്, ചിരട്ടകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍,കമുകിന്റെ പാള തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ശുചിത്വം നിലനിര്‍ത്തണം. അന്യസംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട സിക്ക വൈറസ് നെയും കരുതിയിരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ളതിനാല്‍ സിക്ക വൈറസിന്റെ വ്യാപനത്തിന് സാധ്യത കൂടുതലാണ്. കൊതുകുതന്നെയാണ് ഡെങ്കിയും, സിക്കയും പരത്തുന്നത്.സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ രോഗപ്രതിരോധ ബോധവല്‍ക്കരണ പരിപാടികളുമായി രംഗത്തിറങ്ങണമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."