'ഇ.വി.എം ചലഞ്ച് ' നാളെ; സമാന്തര പരിപാടിയുമായി എ.എ.പി
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന് നടത്തുന്ന 'ഇ.വി.എം ചലഞ്ച്' നാളെ. രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികളെയും 49 സംസ്ഥാന പാര്‍ട്ടികളെയും വെല്ലുവിളി ഏറ്റെടുക്കാന്‍ കമ്മിഷന് ക്ഷണിച്ചിരുന്നുവെങ്കിലും എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താനാവുമെന്ന് പരസ്യമായി തെളിയിക്കാനായിരുന്നു വെല്ലുവിളി.
കമ്മിഷന്റെ കത്തിനോട് എ.എ.പിയും കോണ്‍ഗ്രസും പ്രതികരിച്ചെങ്കിലും ഇ.വി.എം ചലഞ്ചിന്റെ നടപടികളില്‍ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരു കക്ഷികളും വെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വോട്ടിങ് യന്ത്രത്തിനെതിരേ ഏറ്റവുമധികം പരാതി ഉന്നയിച്ചത് ബി.എസ്.പിയും എ.എ.പിയുമായിരുന്നു. ഇ.വി.എം ചലഞ്ചിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മദര്ബോര്ഡില് മാറ്റങ്ങള്‍ വേണമെന്ന എ.എ.പിയുടെ ആവശ്യം തള്ളിയതിനാലാണ് അവര്‍ ചലഞ്ചില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
അതിനിടെ, കമ്മിഷന്റെ 'ഇ.വി.എം' ചലഞ്ചിനു സമാന്തരമായി നാളെ എ.എ.പിയും ഇ.വി.എം ചലഞ്ച് സംഘടിപ്പിക്കും. കമ്മിഷന് പരിഹാസ്യമായ ചലഞ്ചാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കാനാണ് തങ്ങളുടെ പരിപാടിയെന്ന് എ.എ.പി വക്താവ് സൗരവ് ഭരദ്വാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."