നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്‍: മുഖ്യമന്ത്രി
തൃശൂര്‍: നിയമത്തിനും നീതിക്കും മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മ്മപുരം പൊലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യംസ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുചെയ്താല്‍ എത്ര ഉന്നതനായാലും നടപടിയുണ്ടാകും. ഉന്നതര്‍ക്ക് നിയമത്തിനുമുന്നില്‍ പ്രത്യേക പരിഗണനയില്ല. സാമൂഹ്യ സ്ഥാനമോ പദവിയോ പൊലിസിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് തടസമാകരുത്. സംസ്ഥാനത്ത് ലോക്കപ്പ് മര്‍ദനവും മൂന്നാം മുറയും പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മൂന്നാമുറ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവര്‍ക്ക് കേരളാ പൊലിസില്‍ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നല്ലരീതിയില്‍ നടന്നുവരികയാണ്. റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടും.
ലോക്കപ്പില്‍ മനുഷ്യവിരുദ്ധമായ യാതൊന്നും അനുവദിക്കില്ല. ചിലരുടെ പ്രവൃത്തികള്‍മൂലം പൊലിസ് സേനയുടെ നേട്ടങ്ങള്‍ കുറച്ചുകാണുന്ന സ്ഥിതിയുണ്ട്. സംസ്ഥാനം വനിതകള്‍ക്ക് വലിയ തോതിലുള്ള ആദരവും അംഗീകാരവുമാണ് നല്‍കുന്നത്. വിവിധ മേഖലകളില്‍ തുല്യത ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്.
സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിലൂടെ സ്ത്രീശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളാ പൊലിസ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ആംഡ് പൊലിസ് ബറ്റാലിയന്‍ ടോമിന്‍ ജെ.തച്ചങ്കരി, ഡി.ഐ.ജി (ട്രെയിനിങ്) അനൂപ് കുരുവിള ജോണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."