അഴിയൂരിലെ പട്ടികജാതി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അടച്ചുപൂട്ടി
വടകര: പ്രവേശനോത്സവവുമായി ആഘോഷപൂര്‍വം സ്കൂളിലേക്ക് വിദ്യാര്‍ഥികളെത്തുമ്പോള്‍ അഴിയൂരിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അടച്ചുപൂട്ടി. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ അടച്ചുപൂട്ടാന്‍ പ്രവേശനോത്സവത്തിന്റെ തലേന്നായിരുന്നു ഇ മെയില്‍ വഴി ഉത്തരവ് ലഭിച്ചത്.
ഇവിടെ പഠിക്കുന്ന 123 വിദ്യാര്‍ഥികളെ പട്ടികജാതി വകുപ്പിനു കീഴിലുള്ള മറ്റ് റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് മാറ്റാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷമാണ് സ്കൂള്‍ അഴിയൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അതുവരെ അഞ്ചുവര്‍ഷം ഉള്ള്യേരിയിലായിരുന്നു പ്രവര്‍ത്തനം. അഴിയൂരിലെ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയെങ്കിലും ഇവിടെ സൗകര്യങ്ങള്‍ കുറവാണെന്ന് ആദ്യം മുതല്‍തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. സ്കൂള്‍ പ്രവര്‍ത്തനത്തിനായി 12 ലക്ഷത്തോളം രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു.
എന്നാല്‍ ചുമരുകള്‍ ബലപ്പെടുത്താനും മറ്റും വകുപ്പ് തീരുമാനിച്ചെങ്കിലും ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നില്ല. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും എതിര്‍പ്പ് രൂക്ഷമായതാണ് ഈ അധ്യയന വര്‍ഷം ഇവിടെ ക്ലാസ് നടക്കാത്തതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."