പുന്ന നൗഷാദ് വധം: പ്രതിയുമായി തെളിവെടുപ്പ് നടത്തി; ആയുധവും വസ്ത്രവും കണ്ടെടുത്തു
ചാവക്കാട് (തൃശൂര്‍): പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ (42) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്ത്തകന് നാലാംകല്ല് തൈപ്പറമ്പില്‍ മുബീനുമായി(26)പൊലിസ് തെളിവെടുപ്പ് നടത്തി. നൗഷാദിനെ ആക്രമിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ കുരഞ്ഞിയൂര്‍-അവിയൂര്‍ റോഡില്‍ കുട്ടാടന്‍ പാടത്ത് ഉപേക്ഷിച്ച വാള് കണ്ടെടുത്തു. ഇന്നലെ രാവിലെയാണ് പൊലിസ് പ്രതിയുമായി തെളിവെടുപ്പിനിറങ്ങിയത്. അകലാട് നാലാം കല്ലിനു പടിഞ്ഞാറ് മുബീന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൗഷാദിനെ ആക്രമിച്ച ദിവസം ഇയാള്‍ ധരിച്ച വസ്ത്രങ്ങളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
നൗഷാദ് വധക്കേസിലെ നാല് പ്രതികളെക്കുറിച്ച് ഇയാളില്‍നിന്ന് പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുബീന് സഞ്ചരിച്ച ബൈക്ക് കണ്ടെത്താനായില്ല. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നയാളുടേതാണ് ബൈക്ക്. ശനിയാഴ്ചയാണ് നൗഷാദ് വധക്കേസിലെ പ്രതി മുബീനെ അറസ്റ്റ് ചെയ്തത്. സജീവ എസ്.ഡി.പി.ഐ പ്രവര്‍ത്തനായ മൂബീന്‍ ചാവക്കാട് സ്റ്റേഷനിലെ നിരവധി കേസുകളില്‍ പ്രതിയാണ്. സ്റ്റേഷന് റൗഡി ലിസ്റ്റിലും ഇയാളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കുന്നംകുളം എ.സി.പി ടി.എസ് സിനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."