മുന്നണിപ്പോരില്‍ മുങ്ങി വയനാട്ടിലെ ജില്ലാതല പ്രവേശനോത്സവം
മാനന്തവാടി: വയനാട് ജില്ലാ സ്‌കൂള്‍ പ്രവേശനോത്സ ചടങ്ങില്‍ നിന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ വിട്ടു നിന്നു. മാനന്തവാടി-കാട്ടിക്കുളം എടയൂര്‍ക്കുന്ന് ഗവ. സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവത്തില്‍ നിന്നാണ് മന്ത്രി വിട്ടു നിന്നത്. മാനന്തവാടി മേഖലയിലെ സി.പി.എം-സി.പി.ഐ പോരിനെ തുടര്‍ന്ന് സി.പി.ഐ ജില്ലാ നേതൃത്വം ഇടപെട്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മന്ത്രിയെ വിലക്കിയതെന്നാണ് സൂചന.
വയനാട് ജില്ലയിലെ പ്രവേശനോത്സവത്തിന് കൃഷി വകുപ്പ് മന്ത്രിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. ജില്ലാതല പ്രവേശനോത്സവം വിജയമാക്കാന്‍ പ്രദേശിക തലത്തില്‍ സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ ഒരുക്കങ്ങളും നടത്തിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ 10 മണിയോടെ കല്‍പ്പറ്റയിലെത്തിയ സുനില്‍കുമാര്‍ രണ്ടു സ്വകാര്യ ചടങ്ങുകളില്‍ സംബന്ധിച്ച് പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ നടപ്പാക്കുന്ന വരള്‍ച്ച ലഘൂകരണ പദ്ധതി ഉദ്ഘാടനം ചെയ്യാനായി പുല്‍പ്പള്ളിയിലേക്ക് പോകുകയായിരുന്നു.
ഇതിനിടയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ വീടും സ്വകാര്യ വ്യക്തിയുടെ നഴ്‌സറിയും മന്ത്രി സന്ദര്‍ശിച്ചു. ഇതോടെ മന്ത്രിയെ കാത്ത് എടയൂര്‍കുന്ന് സ്‌കൂളില്‍ കാത്തിരുന്ന കുരുന്നുകളും സംഘാടകരും നിരാശരായി മടങ്ങി.
അതേസമയം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രിയുടെ ഓഫിസ് മൂന്ന് ദിവസം മുന്‍പ് മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളുവിനെ അറിയിച്ചിരുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."