അണ്ണാ ഡി.എം.കെ നേതാവ് ദിനകരന് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: പാര്‍ട്ടി ചിഹ്നം അനുവദിച്ചു കിട്ടുന്നതിനായി തെരഞ്ഞെടുപ്പു കമ്മിഷന് 50 കോടി രൂപ വാഗ്ദാനം ചെയ്ത കേസില്‍ അറസ്റ്റിലായ അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന് ഡല്‍ഹി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.
ആര്.കെ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെയാണ് അണ്ണാ ഡി.എം.കെ(അമ്മ) നേതാവും സ്ഥാനാര്‍ഥിയുമായ ദിനകരന് തെരഞ്ഞെടുപ്പ് ചിഹ്നം തങ്ങള്‍ക്കു തന്നെ ലഭിക്കണമെന്ന ലക്ഷ്യം വച്ച് കോഴ വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പു കമ്മിഷന് മരവിപ്പിച്ച പാര്‍ട്ടി ചിഹ്നം പനീര്‍ശെല്‍വം വിഭാഗം കരസ്ഥമാക്കിയേക്കുമെന്ന സംശയത്തെത്തുടര്‍ന്നാണ് 50 കോടിയുടെ ഇടപാടുമായി ദിനകരന് രംഗത്തെത്തിയിരുന്നത്.
ഡല്‍ഹി പ്രത്യേക കോടതി ജഡ്ജ് പൂനം ചൗധരിയാണ് ജാമ്യം അനുവദിച്ചത്. ദിനകരനൊപ്പം അറസ്റ്റിലായ കൂട്ടാളി മല്ലികാര്‍ജുനനും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ക്ക് പുറമെ അഞ്ചു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും ജാമ്യവ്യവസ്ഥയില്‍ കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."