തോട്ടം തളിര്‍ക്കുമ്പോള്‍ തൊഴിലാളി മുരടിക്കുന്നു
കല്‍പ്പറ്റ: തോട്ടം ഉടമകള്‍ക്ക് അനുകൂലമായ നിര്‍ദേശങ്ങളില്‍ നടപടിയെടുക്കാന്‍ താല്‍പര്യം കാണിക്കുന്ന സര്‍ക്കാര്‍ തൊഴിലാളികളെ അവഗണിക്കുന്നതായി പരാതി. മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് പുതുജീവന്‍ നല്‍കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഉടമകള്‍ക്കു വേണ്ടി മാത്രമാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തോട്ടം മേഖലയിലെ കാര്‍ഷികാദായ നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ, തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ കെട്ടിട നികുതിയും റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജും ഒഴിവാക്കിയിരുന്നു.
എന്നാല്‍, തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താനും വേതന വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റങ്ങള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ പരിശോധിക്കാനും ഇതുവരെ നടപടിയുണ്ടായിട്ടില്ല. 2017 ഡിസംബര്‍ 31നാണ് തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞത്. ജനുവരി മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കേണ്ടിയിരുന്ന തൊഴിലാളികള്‍ക്കിപ്പോഴും പഴയ വേതന വ്യവസ്ഥ അനുസരിച്ചാണ് ശമ്പളം ലഭിക്കുന്നത്.
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇതിനകം എട്ടോളം പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായില്ല. തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് തോട്ടം ഉടമകള്‍.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തൊഴിലാളികളുടെ ഇ.എസ്.ഐ, വേതനം എന്നിവ സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തീരുമാനമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു നടന്ന പി.എല്‍.സി യോഗങ്ങളില്‍ വകുപ്പു മന്ത്രി ഇതുവരെ പങ്കെടുക്കുകയും ചെയ്തിട്ടില്ല.
സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മിക്കാനും ഇതിനാവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതു സംബന്ധിച്ച് ഉടമകളുമായി കരാര്‍ ഉണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, നടപടികള്‍ ഇഴയുകയാണ്. ഭൂമി സംബന്ധിച്ച് സര്‍ക്കാരും ഹാരിസണ്‍സ് മലയാളം കമ്പനിയും തമ്മിലുള്ള കേസ് നിലനില്‍ക്കെ ഭൂമി വിട്ടുനല്‍കാന്‍ കമ്പനി തയാറാകുകയുമില്ല.
കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തൊഴില്‍ വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത തോട്ടം ഉടമകളുടേയും ട്രേഡ് യൂനിയന്‍ നേതാക്കളുടേയും യോഗത്തിലെ തീരുമാനങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല. മൂന്നുമാസത്തെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട വയനാട്ടിലെ പുല്‍പ്പാറ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ തോട്ടമുടമയുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പു സമരത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."