സംസ്ഥാനതല പരിപാടി അറിഞ്ഞില്ലെന്ന്: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം
നിലമ്പൂര്‍: സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ നഗരസഭക്കു കീഴിലും ഫ്ളക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേക അധികാര കേന്ദ്രങ്ങളാകുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കൂടിയായ എ. ഗോപിനാഥ് വിമര്‍ശനം ഉന്നയിച്ചത്.
പ്രധാനമായും ഗവ.മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വീട്ടിക്കുത്ത് ജി.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലെ പരിപാടികളും, മറ്റും നഗരസഭയെ അറിയിക്കുന്നില്ലെന്നാണ് ഗോപിനാഥ് ഉന്നയിച്ചത്. നിര്‍വഹണ ഉദ്യോഗസ്ഥരായിരിക്കേണ്ടവര് അതിനു കഴിയില്ലെങ്കില്‍ എഴുതി തരണമെന്നും ആവശ്യം ഉയര്‍ന്നു.
സ്കൂളില്‍ സംസ്ഥാന തല പരിപാടി നടന്നിട്ടും കൗണ്‍സിലര്‍മാര്‍ പൂര്‍ണമായും അറിഞ്ഞിട്ടില്ല. ചെയര്‍പേഴ്സണും വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും മാത്രമാണ് പങ്കെടുത്തത്. സ്കൂള്‍ വികസന സമിതി യോഗങ്ങള്‍ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച പാലൊളി മെഹബൂബും പറഞ്ഞു. വീട്ടിക്കുത്ത് സ്കൂളില്‍ അംഗന്‍വാടി കെട്ടിട നിര്‍മാണത്തിന് കുറ്റിയടിക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാം എന്ന കഴിഞ്ഞ കൗണ്‍സില്‍ തീരുമാനമാണ് നടപ്പിലാക്കേണ്ടതെന്ന് കൗണ്‍സിലര്‍ പി.ഗോപാലകൃഷ്ണന് പറഞ്ഞു.
16ന് വൈകീട്ട് നാലുമണിക്ക് ബന്ധപ്പെട്ടവരുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭയില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഉടന്‍ തുടങ്ങാനും യോഗത്തില്‍ തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."